3 ദിവസം കൊണ്ട് കൊവിഡ് കേസുകൾ ഇന്ത്യയിൽ ഇരട്ടി; നാലിലൊന്ന് കേസുകളും തബ്‍ലീഗിൽ നിന്ന്

By Web TeamFirst Published Apr 4, 2020, 10:25 AM IST
Highlights

കഴിഞ്ഞ 24 മണിക്കൂറിൽ ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 601 ആണ്. ഒരു ദിവസം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ ഏറ്റവുമുയർന്ന സംഖ്യ. ഇതിൽ 247 കേസുകളെങ്കിലും നിസാമുദ്ദീനിലെ തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുമായി ബന്ധപ്പെട്ടതാണ്.

ദില്ലി: കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇന്ത്യയിലെ കൊറോണ വൈറസ് അഥവാ കൊവിഡ് 19 കേസുകളിലുണ്ടായത് ഇരട്ടി വർദ്ധനയാണ്. മാർച്ച് 31-ന് 1500 ഓളം പേർക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കിൽ ഏപ്രിൽ 3 ആയപ്പോഴേക്ക് രോഗബാധിതരുടെ എണ്ണം 2902 ആയി. ഇതിൽ 25 ശതമാനം കേസുകളും ദില്ലിയിൽ കഴിഞ്ഞ മാസം നടന്ന നിസ്സാമുദ്ദീൻ തബ്‍ലീഗ് ജമാ അത്ത് പരിപാടിയുമായി ബന്ധപ്പെട്ടതാണ്. 

നാളേയ്ക്ക് ആകെ കേസുകളുടെ എണ്ണം മൂവായിരം കവിഞ്ഞേക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ കേസുകൾ കുത്തനെ ഉയരുന്നത് ആരോഗ്യമന്ത്രാലയത്തെ ആശങ്കയിലാക്കുന്നുണ്ട്. ലോക്ക് ഡൗൺ അവസാനിക്കാൻ ഇനി പത്ത് ദിവസം മാത്രമാണ് ബാക്കി. 

601 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കിൽ പറയുന്നു. ഇതിൽ 247 പേരെങ്കിലും മർക്കസ് നിസാമുദ്ദീൻ പരിപാടിയുമായി ബന്ധപ്പെട്ടതാണ്. അതായത് പുതുതായി റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ 50 ശതമാനത്തോളം തബ്‍ലീഗുമായി ബന്ധപ്പെട്ടതാണ്. നാലായിരത്തോളം പേർ തബ്‍ലീഗ് ജമാ അത്ത് പരിപാടി നടന്ന ദിവസം വന്ന് പോയെങ്കിൽ, രോഗബാധ പടർന്നതായി സംശയിക്കുന്ന കാലയളവിന് ശേഷം, അതായത് മാർച്ച് രണ്ടാം വാരത്തിന് ശേഷം ഇവിടെ വന്ന് പോയത് ഏതാണ്ട് 9000 പേരാണെന്നാണ് സൂചന.

14 സംസ്ഥാനങ്ങളിൽ നിന്നായി 647 കേസുകൾ ഇതുവരെ തബ്‍ലീഗ് ജമാ അത്ത് പരിപാടിയുമായി ബന്ധപ്പെട്ടവരിൽ നിന്ന് റിപ്പോർട്ട് ചെയ്തതായി ഇന്നലെ ആരോഗ്യമന്ത്രാലയത്തിലെ ജോയന്‍റ് സെക്രട്ടറി ലാവ് അഗർവാൾ വ്യക്തമാക്കിയിരുന്നു. മിക്ക സംസ്ഥാനങ്ങളിലും കഴിഞ്ഞ മൂന്ന് ദിവസം കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനയാണുണ്ടായത്. വെള്ളിയാഴ്ച മാത്രം തമിഴ്നാട്ടിൽ നിന്ന് റിപ്പോർട്ട് ചെയ്തത് 102 കേസുകളാണ്. ഇതിൽ 100-ഉം തബ്‍ലീഗ് ജമാ അത്തുമായി ബന്ധപ്പെട്ടതാണ്. വ്യാഴാഴ്ച ആകെ റിപ്പോർട്ട് ചെയ്ത 75 കേസുകളിൽ 74-ഉും തബ്‍ലീഗുമായി ബന്ധപ്പെട്ടതാണ്. തബ്‍ലീഗിലേക്ക് എത്തിയ ഏറ്റവും വലിയ തീർത്ഥാടകസംഘം തമിഴ്നാട്ടിൽ നിന്നായിരുന്നു എന്നാണ് വിവരം. തമിഴ്നാട്ടിൽ ആകെയുള്ള 411 കേസുകളിൽ 364 കേസും തബ്‍ലീഗുമായി ബന്ധപ്പെട്ടതാണ്. ദില്ലിയിലേക്ക് തബ്‍ലീഗിൽ പങ്കെടുക്കാൻ പോയ 1200 പേരെയാണ് ഇതുവരെ തമിഴ്നാട്ടിൽ സ്ക്രീൻ ചെയ്തത്. ഇതിൽ 303 പേർ നെഗറ്റീവായിരുന്നു. ബാക്കിയുള്ള കേസുകളുടെ ഫലം കാത്തിരിക്കുകയാണ് തമിഴ്നാട് സർക്കാർ. 

തെലങ്കാനയിൽ ഇന്നലെ മാത്രം 75 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ എല്ലാം തബ്‍ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ടതാണ്. ഉത്തർപ്രദേശിലാകട്ടെ 48 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 40-ഉും തബ്‍ലീഗുമായി ബന്ധപ്പെട്ടതായിരുന്നു.

ഇതുവരെ തബ്‍ലീഗ് ബന്ധപ്പെട്ട് കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ ഇവയാണ്: ദില്ലി, ആൻഡമാൻ & നിക്കോബാർ, അസം, ഹിമാചൽ പ്രദേശ്, ഹരിയാന, ജമ്മു കശ്മീർ, ജാർഖണ്ഡ്, കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്‍നാട്, തെലങ്കാന, ഉത്തരാഖണ്ട്, ഉത്തർപ്രദേശ്, കേരളം.

കേന്ദ്രസർക്കാരിന്‍റെ ഔദ്യോഗിക കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് മരിച്ചത് 9 പേരാണ്. ആകെ മരണം 68 ആയി. ആകെയുള്ള കേസുകളിൽ 183 പേർക്ക് രോഗം ഭേദമായതായി ഔദ്യോഗിക കണക്ക്. 

മാർച്ച് 24-ൽ 500 ആയിരുന്ന കേസുകളിൽ നിന്ന് ആയിരം തൊടാൻ അഞ്ച് ദിവസമാണ് ഇന്ത്യയ്ക്ക് വേണ്ടി വന്നതെങ്കിൽ ആയിരത്തിൽ നിന്ന് ഇരട്ടിയാകാൻ മൂന്ന് ദിവസം മാത്രമാണ് വേണ്ടി വന്നത്. 

കഴിഞ്ഞ 24 മണിക്കൂറിൽ 10,034 സാമ്പിളുകളാണ് പരിശോധിച്ചത്, രാജ്യത്ത് ഇതുവരെ ടെസ്റ്റ് ചെയ്ത സാമ്പിളുകൾ 69,245 കേസുകളാണ്. 

ഇന്ത്യയ്ക്ക് ഒരു ദിവസം ടെസ്റ്റ് ചെയ്യാൻ കഴിയുക 12,000 സാമ്പിളുകളാണ്. എന്നാൽ റാപ്പിഡ് ടെസ്റ്റിംഗ് സംവിധാനം കൊണ്ടുവന്ന് കഴിഞ്ഞാൽ കൂടുതൽ സാമ്പിളുകൾ പരിശോധിക്കാനാകും. അത് എങ്ങനെ വേണം എന്ന മാർഗനിർദേശം ഇന്ന് ഐസിഎംആർ പുറത്തിറക്കും. 

click me!