പിടിച്ചു നിർത്താനാവാതെ കൊവിഡ് വ്യാപനം; രാജ്യത്ത് 24 മണിക്കൂറിനിടെ 3,82,315 കേസുകൾ, 3780 മരണം

By Web TeamFirst Published May 5, 2021, 10:45 AM IST
Highlights

കൊവിഡ് നിയന്ത്രണത്തിന് സർക്കാർ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പറഞ്ഞു. ഇന്ത്യയുടെ സഹായം ലഭിച്ച വിദേശ രാജ്യങ്ങളാണ് തിരികെ സഹായിക്കുന്നതെന്നും അതിനെ സൗഹൃദമായി കണ്ടാൽ മതിയെന്നും ജയ്ശങ്കർ പറയുന്നു.

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുന്നു. 24 മണിക്കൂറിനിടെ 3,82,315 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 3780 മരണം കൂടി കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. 2,26,188 പേരാണ് ഇത് വരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. നിലവിൽ 34,87,229 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 

കൊവിഡ് നിയന്ത്രണത്തിന് സർക്കാർ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പറഞ്ഞു. ഇന്ത്യയുടെ സഹായം ലഭിച്ച വിദേശ രാജ്യങ്ങളാണ് തിരികെ സഹായിക്കുന്നതെന്നും അതിനെ സൗഹൃദമായി കണ്ടാൽ മതിയെന്നും ജയ്ശങ്കർ പറയുന്നു. കൊവിഡിൻ്റെ പേരിൽ തെരഞ്ഞെടുപ്പ് നടത്താതിരിക്കാനാവില്ലെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. 

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഓക്സിജൻ ക്ഷാമം രൂക്ഷമാണ്. തമിഴ്നാട്ടിൽ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ 11 പേര്‍ മരിച്ചു. ചെങ്കൽപ്പേട്ട് സർക്കാർ ആശുപത്രിയിലാണ് സംഭവം. പുലർച്ചെ രണ്ട് മണിക്കൂറോളം ഓക്സിജൻ ക്ഷാമം നേരിട്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. കർണാടകയിലും ഓക്സിജൻ ക്ഷാമം അതിരൂക്ഷമാണ്. ഇന്നലെ മാത്രം ബെംഗളുരുവിലെയും കലബുര്ഗിയിലെയും ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികൾ ശ്വാസം കിട്ടാതെ മരിച്ചു. നഗരത്തിലെ നിരവധി ആശുപത്രികൾ ഓക്സിജൻ അഭ്യർത്ഥന പുറത്തിറക്കിയതിനെ തുടർന്നാണ് പലയിടത്തും ഓക്സിജൻ സ്റ്റോക്കെത്തിയത്.

ഓക്സിജൻ കിട്ടാതെയുള്ള മരണം കൂട്ടക്കൊലയ്ക്ക് സമാനമാണെന്ന് അലഹബാദ് ഹൈക്കോടതി ഇന്ന് നിരീക്ഷിച്ചു. ഉത്തർപ്രദേശിൽ ഓക്സിജന്‍ ലഭ്യമാകാതെ കൊവിഡ് രോഗികള്‍ മരിക്കുന്നുവെന്ന വാര്‍ത്തകള്‍ പരിശോധിക്കാന്‍ അലഹബാദ് ഹൈക്കോടതി ലക്നൗ, മീററ്റ് ജില്ലാ മജിസ്ട്രേറ്റുമാരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

click me!