
ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം കടന്നു. ആരോഗ്യമന്ത്രാലയം ഇന്ന് രാവിലെ പുറത്ത് വിട്ട കണക്കനുസരിച്ച് 86,508 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 57,32,518 ആയി. 24 മണിക്കൂറിനിടെ 1129 മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് 91,149 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.
46,74,987 പേർ ഇത് വരെ രോഗമുക്തി നേടിയെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. ഇതനുസരിച്ച് 81.55 ശതമാനമാണ് രോഗമുക്തി നിരക്ക്. 9,66,382 പേരാണ് നിലവിൽ രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഏഴ് സംസ്ഥാനങ്ങളിലായി അറുപത് ജില്ലകളിൽ കൊവിഡ് വ്യാപനം രൂക്ഷമാണെന്ന് കേന്ദ്ര സർക്കാർ പറയുന്നു.
മഹാരാഷ്ട്രയിൽ 21,029 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്, ആന്ധ്രയിൽ 7,228 പേർക്കും ഉത്തർപ്രദേശ് 5234 പേർക്കും രോഗം സ്ഥിരീകരിച്ചപ്പോൾ കർണാടകത്തിൽ 6997 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇന്നലെ കേരളത്തിലും പ്രതിദിന രോഗബാധ അയ്യായിരം കടന്നിരുന്നു.
അതിനിടെ പ്രാദേശിക ലോക്ക്ഡൗണുകൾ ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഏർപ്പെടുത്തുന്ന ലോക്ക്ഡൗണും ഒഴിവാക്കാൻ നിർദേശമുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam