കൊവിഡ് തരംഗം പെട്ടെന്ന് അവസാനിക്കില്ല; സ്ഥിതി നിയന്ത്രിക്കാൻ സമയമെടുക്കുമെന്ന് നീതി ആയോഗ്

By Web TeamFirst Published May 14, 2021, 1:17 PM IST
Highlights

ഏപ്രിൽ മാസത്തിൽ കേസ് ഫറ്റാലിറ്റി റേറ്റ് (സിഎഫ്ആർ) 0.7 ശതമാനമായിരുന്നു. എന്നാൽ മേയ് ആയപ്പോൾ ആകെ കേസുകളുടെ 1.1 ശതമാനമായി മരണസംഖ്യ ഉയർന്നു. മഹാരാഷ്ട്രയിലും ദില്ലിയിലും കേസുകൾ കുറയുമ്പോൾ കർണ്ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ സംഖ്യ മാറ്റമില്ലാതെ തുടരുകയാണ്.

ദില്ലി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം പെട്ടെന്ന് അവസാനിക്കില്ലെന്ന് വിലയിരുത്തൽ. സ്ഥിതി നിയന്ത്രിക്കാൻ ഇനിയും ആഴ്ചകൾ വേണ്ടിവരുമെന്നാണ് നീതി ആയോഗിൻറെ കണക്കുകൂട്ടൽ. കൊവിഡ് പ്രതിദിന കേസുകളിൽ കുറവുണ്ടെങ്കിലും മരണ നിരക്ക് ഈ മാസം കുത്തനെ ഉയർന്നു.

3,43,144 പേർക്കാണ് ഇന്ന് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും കൊവിഡ് കേസുകൾ മൂന്നര ലക്ഷത്തിനു മുകളിലെത്തിയ ശേഷം ഇന്നലെ 3,62,000 ആയി ഉയർന്നിരുന്നു. ഇന്ന് കേസുകളിൽ കുറവുണ്ടായത് നേരിയ ആശ്വാസമായെങ്കിലും മരണനിരക്ക് അതേ പടി തുടരുകയാണ്. ഇന്നും നാലായിരം മരണം സ്ഥിരീകരിച്ചു.

ഏപ്രിൽ മാസത്തിൽ കേസ് ഫറ്റാലിറ്റി റേറ്റ് (സിഎഫ്ആർ) 0.7 ശതമാനമായിരുന്നു. എന്നാൽ മേയ് ആയപ്പോൾ ആകെ കേസുകളുടെ 1.1 ശതമാനമായി മരണസംഖ്യ ഉയർന്നു. മഹാരാഷ്ട്രയിലും ദില്ലിയിലും കേസുകൾ കുറയുമ്പോൾ കർണ്ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ സംഖ്യ മാറ്റമില്ലാതെ തുടരുകയാണ്. പോസിറ്റിവിറ്റി റേറ്റ് ദേശീയ തലത്തിൽ 18.3 ശതമാനമായി കുറഞ്ഞു. 

എങ്കിലും കൊവിഡ് രണ്ടാം തരംഗം പെട്ടെന്ന് അവസാനിക്കില്ല എന്ന മുന്നറിയിപ്പാണ് നീതി ആയോഗിലെ വിദഗ്ധ സമിതി കേന്ദ്ര സർക്കാരിന് നല്കിയിരിക്കുന്നത്. തരംഗം നിയന്ത്രിക്കാൻ ആഴ്ചകൾ വേണ്ടിവരും. പോസിറ്റിവിറ്റി റേറ്റ് കുറയാതെ പ്രാദേശിക നിയന്ത്രണം പിൻവലിക്കരുത്. ദേശീയ പോസിറ്റിവിറ്റി റേറ്റ് കുറയുന്നത് പരിശോധനകളുടെ എണ്ണം ഗണ്യമായി കൂട്ടാൻ കഴിയാത്തതുകൊണ്ടാണെന്നാണ് വിലയിരുത്തൽ. ഡിസംബറോടെ വാക്സിനേഷൻ പരമാവധി പേരിലെത്താതെ മറ്റു മാർഗ്ഗമില്ല. അപ്പോഴും മൂന്നാം തരംഗത്തിൻ്റെ ഭീഷണിയും നിലനിൽക്കുന്നു. ഈ വർഷവും സ്കൂളുകൾ തുറക്കാനാകും എന്ന പ്രതിക്ഷ ഇപ്പോൾ സർക്കാരിലെ വിദഗ്ധർക്കില്ല

ആദ്യ തരംഗത്തിൽ പ്രതിദിന കേസുകൾ 98,000 വരെയാണ് ഉയർന്നത്. ഇത് പതിനായിരത്തിലെത്തിക്കാൻ വേണ്ടി വന്നത് അഞ്ചു മാസമാണ്. ഇപ്പോഴത്തെ മൂന്നു ലക്ഷം എന്ന സംഖ്യ പത്തിലൊന്നായി കുറയ്ക്കാൻ ആറു മാസമെങ്കിലും വേണ്ടി വന്നേക്കാം എന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടൽ.

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

click me!