
ദില്ലി: കോവിഡ്-19 എന്ന മഹാമാരി ഇന്ത്യയ്ക്ക് വെല്ലുവിളിയും അതേസമയം ഒരു അവസരവുമാണെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് രാഹുൽ ഗാന്ധി തന്റെ അഭിപ്രായം പങ്കുവച്ചത്. കോവിഡ് മഹാമാരി വലിയ വെല്ലുവിളിയാണെന്നും എന്നാല്‍ ഇത് ഒരു അവസരം കൂടിയാണെന്നും ഈ പ്രതിസന്ധിക്ക് നൂതന പരിഹാരം കണ്ടെത്തുന്നതിനായി വിദഗ്ധരായ ആളുകളെ കൂട്ടിച്ചേർക്കണമെന്നും രാഹുൽ ഗാന്ധി ട്വീറ്റിൽ ആവശ്യപ്പെട്ടു.
കൊവിഡ് 19 വലിയോരു വെല്ലുവിളിയാണ്. പക്ഷേ ഇതൊരു അവസരം കൂടിയാണ്. ഇത്തരമൊരു പ്രതിസന്ധിഘട്ടത്തിൽ ആവശ്യമായ നൂതന പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി രാജ്യത്തെ ശാസ്ത്രജ്ഞൻമാരെയും എഞ്ചിനീയർമാരെയും ഡാറ്റാ വിദഗ്ധരെയും ഒന്നിച്ച് അണിനിരത്തേണ്ടതുണ്ട്. രാഹുൽ ഗാന്ധി ട്വീറ്റിൽ കുറിച്ചു. രാജ്യവ്യാപകമായി പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗൺ കൊവിഡ് 19 ബാധയെ താത്ക്കാലികമായി പ്രതിരോധിക്കുക മാത്രമേ ഉള്ളൂവെന്നും രോഗബാധയെ പരാജയപ്പെടുത്താൻ സാധിക്കില്ലെന്നും രണ്ട് ദിവസങ്ങൾക്ക് മുമ്പ് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. പരിശോധനകൾ വർദ്ധിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിശോധനകളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. സംസ്ഥാനങ്ങൾക്ക് തങ്ങളുടെ പ്രദേശത്തെ നിയന്ത്രിക്കാൻ കൂടുതൽ അധികാരം നൽകണമെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പല കാര്യങ്ങളിലും വിയോജിപ്പുണ്ടെങ്കിലും പോരടിക്കാനുള്ള സമയമല്ല ഇതെന്നും എല്ലാവരും ഒറ്റക്കെട്ടായി നിന്ന് കൊവിഡ് 19 ന് എതിരെ പോരാടണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam