കൊവിഡ് 19: കേരളത്തിന്റെ വഴിയില്‍ ദില്ലിയും; സൗജന്യ റേഷന്‍, പെന്‍ഷനും വര്‍ധിപ്പിച്ചു

By Web TeamFirst Published Mar 21, 2020, 8:06 PM IST
Highlights

കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി ദില്ലി അടച്ചിട്ടേക്കുമെന്ന സൂചനയും കെജ്രിവാള്‍ നല്‍കി. അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടുന്നത് നിരോധിച്ചു. രാവിലെയുള്ള വ്യായാമ നടത്തം ഒഴിവാക്കണമെന്നും കെജ്രിവാള്‍ നിര്‍ദേശിച്ചു.

ദില്ലി: കേരള സര്‍ക്കാറിന് പിന്നാലെ ജനങ്ങള്‍ക്ക് സഹായം പ്രഖ്യാപിച്ച് ദില്ലി സര്‍ക്കാര്‍.  കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ 72 ലക്ഷം പേര്‍ക്ക് സൗജന്യ റേഷന്‍ പ്രഖ്യാപിച്ചു. സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ഇരട്ടിയാക്കാനും ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചു. അഞ്ച് കിലോയ്ക്ക് പകരം ഒരാള്‍ക്ക് 7.5 കിലോ റേഷനായിരിക്കും നല്‍കുകയെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. 72 ലക്ഷം പേര്‍ക്ക് ഈ തീരുമാനം ഗുണം ചെയ്യും. 4000-5000 രൂപ പെന്‍ഷന്‍ 8.5 ലക്ഷം ഗുണഭോരക്താക്കള്‍ക്ക് ഏപ്രില്‍ രണ്ടിനുള്ളില്‍ നല്‍കും. ദില്ലി രാത്രി ഷെല്‍ട്ടറുകളില്‍ കഴിയുന്നവര്‍ക്ക് ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും സൗജന്യമായി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 

ദിവസ വേതനക്കാരുടെ കാര്യത്തിലും തൊഴിലാളികളുടെ കാര്യത്തിലും സര്‍ക്കാര്‍ ശ്രദ്ധിക്കുമെന്നും ആരും തന്നെ കൊവിഡ് പടരുന്ന പട്ടിണി കിടക്കുന്ന സാഹചര്യമുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി ദില്ലി അടച്ചിട്ടേക്കുമെന്ന സൂചനയും കെജ്രിവാള്‍ നല്‍കി. അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടുന്നത് നിരോധിച്ചു. രാവിലെയുള്ള വ്യായാമ നടത്തം ഒഴിവാക്കണമെന്നും കെജ്രിവാള്‍ നിര്‍ദേശിച്ചു. ദില്ലിയില്‍ ഇതുവരെ 26 പേര്‍ക്കാണ് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചത്. 

മാര്‍ച്ച് 13ന് ദല്‍ഹിയില്‍ നിന്ന് ആന്ധ്രാ പ്രദേശിലേക്ക് സമ്പര്‍ക് ക്രാന്തി ട്രെയിനില്‍ യാത്ര ചെയ്ത എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ദില്ലിയില്‍ 50 ശതമാനം ബസ് സര്‍വീസുകളും വെട്ടിക്കുറച്ചു. 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 98 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 298 ആയി.

click me!