
കൊല്‍ക്കത്ത: കൊവിഡ് 19 ഭീതിയില്‍ കൊല്‍ക്കത്ത ജയിലില്‍ തടവുകാരും ജയില്‍ അധികൃതരും തമ്മില്‍ ഏറ്റുമുട്ടി. വടക്കന്‍ കൊല്‍ക്കത്തയിലെ ദുദുംദും സെന്‍ട്രല്‍ ജയിലിലാണ് പ്രശ്‌നങ്ങളുണ്ടായത്. കൊറോണവൈറസ് വ്യാപിക്കുകയാണെന്നും തങ്ങളെ പുറത്തിറക്കണമെന്നും തടവുകാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ ആവശ്യം ജയില്‍ അധികൃതര്‍ നിരസിച്ചതോടെ ഒരുവിഭാഗം തടവുകാര്‍ അധികൃതര്‍ക്ക് നേരെ അക്രമമഴിച്ചുവിട്ടു.
സംഭവത്തില്‍ അധികൃതര്‍ക്കും തടവുകാര്‍ക്കും പരിക്കേറ്റു. പലരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയിലിന്റെ ഒരുഭാഗം തീവെച്ച് നശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വൈറസ് ബാധയുള്ളവര്‍ ജയിലില്‍ ഉണ്ടാകാമെന്നും കൂട്ടമായി ജയിലില്‍ പാര്‍പ്പിക്കരുതെന്നും അടിയന്തരമായി ഇടക്കാല ജാമ്യം വേണമെന്നുമാണ് തടവുകാര്‍ ആവശ്യപ്പെട്ടത്.
ശനിയാഴ്ച മുതല്‍ തടവുകാര്‍ കുടുംബാംഗങ്ങളെ കാണുന്നത് മാര്‍ച്ച് 31വരെ നിര്‍ത്തിവെച്ചിരുന്നു. 10 വര്‍ഷം ശിക്ഷയനുഭവിച്ച നല്ല റെക്കോര്‍ഡുള്ള തടവുകാര്‍ക്ക് കൊവിഡ് 19 പശ്ചാത്തലത്തില്‍ പരോള്‍ അനുവദിക്കാമെന്ന തീരുമാനം ചില തടവുകാരില്‍ അസന്തുഷ്ടിക്ക് കാരണമായിരുന്നു. ജയിലിലെ സ്ഥിതിഗതികള്‍ ശാന്തമാക്കിയെന്ന് വകുപ്പ് മന്ത്രി ഉജ്ജ്വല്‍ ബിശ്വാസ് അറിയിച്ചു.
മാര്‍ച്ച് 31വരെ കോടതി നടപടികളില്‍ പങ്കെടുക്കില്ലെന്ന് വെസ്റ്റ് ബംഗാള്‍ ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam