ദില്ലി/ ബെംഗളുരു: ലോക്ക് ഡൗൺ മൂന്നാംഘട്ടത്തിൽ നിയന്ത്രണങ്ങളോടെ മദ്യശാലകൾ തുറക്കാമെന്ന കേന്ദ്രനിർദേശം നടപ്പാക്കിയപ്പോൾ സാമൂഹ്യാകലത്തിന് പുല്ലുവില. രാജ്യതലസ്ഥാനമടക്കം വിവിധ സംസ്ഥാനങ്ങളിലെ മദ്യവിൽപ്പനശാലകൾക്ക് മുന്നിൽ ഇന്ന് ഉന്തും തള്ളുമാണ് കാണുന്നത്. കർണാടകത്തിലും ഛത്തീസ്ഗഢിലും ദില്ലിയിലും മദ്യക്കടകൾക്ക് മുന്നിൽ നീണ്ട നിരയാണെന്നത് ചെറിയ ആശങ്കയല്ല സൃഷ്ടിക്കുന്നത്. മദ്യശാലകൾ തുറക്കാനുള്ള തീരുമാനത്തിനെതിരെ, മഹാരാഷ്ട്ര, ദില്ലി, കർണാടക സർക്കാരുകൾക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്.
പലയിടങ്ങളിലും രാവിലെ 9 മണിക്കേ കട തുറക്കൂ എന്ന് പറഞ്ഞിരുന്നെങ്കിലും പുലർച്ചെ തന്നെ ആളുകൾ വന്ന് ക്യൂ നിൽക്കുന്നത് കാണാമായിരുന്നു. പശ്ചിമബംഗാളിലെ കാളീഘട്ടിന് തൊട്ടടുത്തുള്ള മദ്യവിൽപ്പനശാലയ്ക്ക് മുന്നിലെ തിരക്ക് ഞെട്ടലുളവാക്കുന്നതാണ്. കൃത്യമായ സാമൂഹ്യാകലം പാലിക്കാൻ പൊലീസിന് പോലും പറയാനാകുന്നില്ല.
കർണാടകത്തിൽ പലയിടത്തും തുറന്ന മദ്യശാലകൾക്ക് മുന്നിൽ നീണ്ട നിരയാണ്.
കർണാടകയിലെ പലയിടങ്ങളിലും പൂജ നടത്തി മദ്യശാലകൾ തുറന്നത് കൗതുകമായി.
ഛത്തീസ്ഗഢിൽ പക്ഷേ സകല നിയന്ത്രണങ്ങളും കാറ്റിൽ പറത്തിയായിരുന്നു മദ്യശാലകൾക്ക് മുന്നിലെ ക്യൂ.
ദില്ലിയിൽ പലയിടത്തും വൻ തിരക്ക് കണ്ടതോടെ പൊലീസെത്തി കടകൾ അടപ്പിച്ചു. എന്നിട്ടും നഗരപ്രാന്തങ്ങളിൽ വൻ തിരക്ക് തന്നെ.
രോഗം കാട്ടുതീ പോലെ പടരുന്ന മുംബൈയിലും വൻതിരക്കാണ് മദ്യശാലകൾക്ക് മുന്നിൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam