80 കോടി പേർക്ക് 3 രൂപയ്ക്ക് അരി എത്തിക്കാമെന്ന് കേന്ദ്രം, അകലം പാലിച്ച് ഇരുന്ന് മന്ത്രിമാർ

By Web TeamFirst Published Mar 25, 2020, 4:20 PM IST
Highlights

ആദ്യം വീഡിയോ കോൺഫറൻസിംഗ് വഴി കേന്ദ്രമന്ത്രിസഭായോഗം നടത്താമെന്നായിരുന്നു തീരുമാനമെങ്കിലും പിന്നീട് യോഗത്തിന്റെ രഹസ്യസ്വഭാവം പരിഗണിച്ച് പ്രധാനമന്ത്രിയുടെ വസതിയിൽ യോഗം നടത്തുകയായിരുന്നു. സാമൂഹ്യാകലം പാലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി എല്ലാവരും ഒരു മീറ്റർ അകലം പാലിച്ചാണിരുന്നത്. 

ദില്ലി: രാജ്യത്ത് അവശ്യവസ്തുക്കൾക്ക് ക്ഷാമമുണ്ടാകില്ലെന്ന് ഉറപ്പ് നൽകി കേന്ദ്രസർക്കാർ. 80 കോടി പാവപ്പെട്ടവർക്ക് കിലോയ്ക്ക് മൂന്ന് രൂപയ്ക്ക് അരിയും രണ്ട് രൂപയ്ക്ക് ഗോതമ്പും നൽകാം. മൂന്ന് മാസത്തേക്ക് രാജ്യത്തെ ജനങ്ങൾക്ക് വേണ്ട ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാൻ കേന്ദ്രഗോഡൌണുകളിൽ സ്റ്റോക്കുണ്ടെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതിയിൽ നടന്ന കേന്ദ്രമന്ത്രിസഭായോഗമാണ് ദേശീയ ലോക്ക് ഡൌണിന്റെ ആദ്യദിനത്തെ നില വിലയിരുത്തിയത്. ജനതാകർഫ്യൂവിനെയും സമ്പൂർണ ദേശീയ ലോക്ക് ഡൌണിനെയും പൊതുവേ ജനങ്ങൾ സ്വീകരിച്ചെന്ന് കേന്ദ്രമന്ത്രിസഭായോഗം വിലയിരുത്തി. ജനങ്ങളുടെ നന്മയ്ക്കും കൂട്ടമരണം ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഈ നടപടിയെന്ന് ജനങ്ങൾക്ക് മനസ്സിലായെന്നും മന്ത്രിസഭായോഗത്തിൽ പൊതുവേ അഭിപ്രായമുയർന്നു.

യോഗത്തിൽ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമടക്കം എല്ലാ അംഗങ്ങളും ഓരോ മീറ്റർ വിട്ടുവിട്ടാണിരുന്നത്. ആദ്യം വീഡിയോ കോൺഫറൻസിംഗ് വഴി കേന്ദ്രമന്ത്രിസഭായോഗം നടത്താമെന്നായിരുന്നു തീരുമാനമെങ്കിലും പിന്നീട് യോഗത്തിന്റെ രഹസ്യസ്വഭാവം പരിഗണിച്ച് ദില്ലിയിലെ ലോക് കല്യാൺ മാർഗിലുള്ള പ്രധാനമന്ത്രിയുടെ വസതിയിൽ യോഗം നടത്തുകയായിരുന്നു. സാമൂഹ്യാകലം പാലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് എല്ലാവരും അകലം പാലിച്ചിരിക്കാൻ തീരുമാനിച്ചത്.

കടുത്ത നടപടി തന്നെ പ്രഖ്യാപിക്കാതെ വേറെ വഴിയില്ലായിരുന്നുവെന്ന് കേന്ദ്രമന്ത്രിസഭായോഗതീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് മന്ത്രി പ്രകാശ് ജാവദേക്കർ വ്യക്തമാക്കി. വികസിതരാജ്യങ്ങൾ പോലും കൊവിഡ് മൂലം പകച്ച് നിൽക്കുകയാണ്. പൊതുവേ ജനങ്ങൾ കൊവിഡിനെ സ്വീകരിച്ചെങ്കിലും ചിലർ പരിഭ്രാന്തി പരത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇവർക്കെതിരെ കർശനനടപടി സ്വീകരിക്കും. 

കേന്ദ്രസർക്കാരിലെ കരാർ ജീവനക്കാരുടെ ശമ്പളം മുടങ്ങില്ല. ജോലിക്ക് ഹാജരായില്ലെങ്കിലും ഈ ശമ്പളം മുടക്കില്ല. സ്വകാര്യമേഖലയിൽ കരാർ ജീവനക്കാരുടേതടക്കം ശമ്പളം വെട്ടിക്കുറയ്ക്കലോ, മുടക്കലോ പാടില്ലെന്നും കേന്ദ്രസർക്കാർ കർശനനിർദേശം നൽകി. 
 
എങ്കിലും ഇന്നലെ ആരോഗ്യരംഗത്തിന് വേണ്ടി കൊവിഡ് പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും, പ്രത്യേക സമഗ്ര സാമ്പത്തിക പാക്കേജിനെക്കുറിച്ച് ഒന്നും ഇന്നത്തെ വാർത്താസമ്മേളനത്തിലും മന്ത്രിമാർ ഒന്നും പറഞ്ഞില്ല. ഗ്രാമീൺ ബാങ്കുകളുടെ ശാക്തീകരണത്തിന് 670 കോടി രൂപയുടെ പാക്കേജിനും കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകി. 

click me!