കേരളത്തിന് ആത്മവിശ്വാസമേകി 21 പേര്‍ക്ക് കൂടി കൊവിഡില്‍ നിന്ന് മുക്തി, ആറ് പേര്‍ക്ക് കൂടി രോഗം സ്ഥിരികരിച്ചെന്ന് മുഖ്യമന്ത്രി.|കാസർകോടുള്ള 19 പേര്‍ക്കാണ് കൊവിഡ് ഭേദമായത്

10:47 PM (IST) Apr 20
സ്പ്രിംക്ലര്‍ ഇടപാടിനെക്കുറിച്ച് ഒരക്ഷരം പോലും പറയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒളിച്ചോടിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഉത്തരംമുട്ടി ജനങ്ങളുടെ മുന്നില്‍ അപഹാസ്യനാകുന്നത്. ഈ ഇടപാടില്‍ മുഖ്യമന്ത്രിക്കുള്ള പങ്കിനെക്കുറിച്ച് കൂടുതല്‍ സംശയങ്ങള്‍ ജനമനസില്‍ ഉണ്ടാകുമെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി
09:53 PM (IST) Apr 20
ഹോട്ട്സ്പോട്ട് പട്ടികയിൽ തലസ്ഥാനം ഉൾപ്പെട്ടിട്ടുള്ളത് കാരണം ജില്ലാ കോടതി, വർക്കല കോടതി എന്നിവ ലോക്ക്ഡൗൺ അവസാനിക്കുന്ന മെയ് മൂന്ന് വരെ അടഞ്ഞു കിടക്കും. എന്നാൽ ജില്ലയിലെ മറ്റ് കോടതികൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും.
09:49 PM (IST) Apr 20
കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ കാസര്‍കോട് മാതൃകയിൽ കണ്ണൂരിൽ കർശന നിയന്ത്രണം. എല്ലാ പൊലീസ് സ്റ്റേഷൻ പരിധിയിലും കർശന പരിശോധന.
09:46 PM (IST) Apr 20
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും തിരുവനന്തപുരം നഗരത്തില്‍ നാളെ മുതല്‍ കനത്ത നിയന്ത്രണം. ഇളവുകൾ നിലവിൽ വരുന്ന ഓറഞ്ച് ബിയിലാണ് തിരുവനന്തപുരം ജില്ല. എന്നാല്‍ തിരുവനന്തപുരം കോർപ്പറേഷൻ പരിധി ഇളവില്ലാത്ത ഹോട്ട്‍സ്‍പോട്ട് മേഖലയില്‍ ആയതിനാലാണ് നടപടി.
08:51 PM (IST) Apr 20
കോഴിക്കോട് ജില്ലയിലെ ഹോട്ട് സ്പോട്ട് കേന്ദ്രങ്ങൾ നിർണ്ണയിച്ചതില്‍ അപാകതയെന്ന് പരാതി. കൊവിഡ് സ്ഥിരീകരിക്കാത്ത സ്ഥലങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ രോഗം സ്ഥിരീകരിച്ച പല പ്രദേശങ്ങളും പട്ടികയില്‍ വന്നിട്ടുമില്ല. ലോക്ക് ഡൗണിന് ഇളവു കാത്ത് കഴിയുന്ന കോഴിക്കോട് ജില്ലയിലെ ജനങ്ങള്‍ക്ക് ആശയക്കുഴപ്പവും ആശങ്കയും സമ്മാനിക്കുന്നതായി ഹോട്ട് സ്പോട്ട് പട്ടിക. ജില്ലയില്‍ ആകെ 14 ഹോട്ട് സ്പോട്ടുകളുണ്ടെന്നാണ് ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്ക്
08:47 PM (IST) Apr 20
സ്പ്രിംക്ളർ ഡാറ്റാ വിവാദത്തിൽ വ്യക്തമായ മറുപടി നൽകാതെ മുഖംതിരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് റോജി എം ജോണ്‍ എംഎല്‍എ. 'പോളണ്ടിനെപ്പറ്റി ഒരക്ഷരം മിണ്ടരുത്... സ്പ്രിംക്ളറിനെ പറ്റി ഒരക്ഷരം മിണ്ടരുത്' എന്നാണ് റോജിയുടെ വാക്കുകള്‍.
07:48 PM (IST) Apr 20
മഹാരാഷ്ട്രയിൽ 283 പുതിയ കൊവിഡ് കേസുകൾ. ആകെ 4483 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ധാരാവിയിൽ 30 പേർക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 168 ആയി. മരണം 11 ആയി.
07:45 PM (IST) Apr 20
ചെന്നൈയിൽ കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടറുടെ സംസ്‍കാരം തടഞ്ഞ സംഭവത്തില്‍ കേസ്. മദ്രാസ് ഹൈക്കോടതിയാണ് സ്വമേധയാ കേസെടുത്തത്. കിൽപ്പോക്കിലെ 28 പേർക്ക് എതിരെയാണ് കേസെടുത്തത്.
07:38 PM (IST) Apr 20
മുംബൈ മുനിസിപ്പൽ കമ്മീഷണർക്കും കൊവിഡ് പരിശോധന. രണ്ട് സഹപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണിത്.
07:04 PM (IST) Apr 20
കണ്ണൂരിൽ ദുബായിൽ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച 5 പേരും 28 ദിവസത്തിലധികം നിരീക്ഷണത്തിൽ തുടർന്നവർ. എല്ലാവരും വീടുകളിൽ നിരീക്ഷണത്തിലുണ്ടായിരുന്നവർ.
07:00 PM (IST) Apr 20
സ്പ്രിംക്ളർ വിവാദം അവഗണിച്ച് മുഖ്യമന്ത്രി. മകളുടെ കമ്പനിയെ കുറിച്ചുള്ള ആരോപണം പ്രതികരിക്കാൻ ഇല്ല, ശുദ്ധമായ നുണയെന്ന് പ്രതികരണം. അതിന് പിന്നാലെ പോകാൻ ഇല്ല.
06:55 PM (IST) Apr 20
ഒരു സന്തോഷ വാർത്തയുള്ളത് നമ്മുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിക്ക് ഗ്ലോബൽ വൈറസ് നെറ്റ്വർക്കിൽ അംഗത്വം ലഭിച്ചിരിക്കുകയാണ്. കേരള ശാസ്ത്രസാങ്കേതികവകുപ്പിൻ്റെ ലൈഫ് പാർക്കിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനമാണ്. 29 രാജ്യങ്ങളിലെ 49 സ്ഥാപനങ്ങളുമായും ഗവേഷകരുമായും സഹകരിക്കാൻ കേരളത്തിന് ഇതിലൂടെ സാധിക്കും.
06:45 PM (IST) Apr 20
രോഗ ഭീഷണി പെട്ടെന്നു പോകില്ലെന്ന് മുഖ്യമന്ത്രി. പുതിയ ശീലം വളർത്തി എടുക്കണം
06:43 PM (IST) Apr 20
ബാർബർ ഷോപ്പ് തുറക്കാനുള്ള തീരുമാനം പിൻവലിച്ചതായി മുഖ്യമന്ത്രി.
06:41 PM (IST) Apr 20
വാഹന പരിശോധന ശക്തമാക്കുമെന്ന് മുഖ്യമന്ത്രി. ഹോട്ട് സ്പോട്ടുകളിൽ കൂടുതൽ പരിശോധൻ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി.
06:41 PM (IST) Apr 20
ദില്ലിയിലെ മലയാളി നഴ്സുമാർക്കായി കേരള ഹൗസിൽ ഹെല്പ് ലൈൻ തുടങ്ങിയതായി മുഖ്യമന്ത്രി.
06:39 PM (IST) Apr 20
ഭിന്ന ശേഷിക്കാരായ ബാംഗ്ലൂരിൽ കുടുങ്ങിയവർക്കു പ്രത്യേക പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിലാണ് നടപടി.
06:38 PM (IST) Apr 20
സർക്കാർ ജീവനക്കാർക്ക് സ്വന്തം വാഹനത്തിൽ അടുത്ത ജില്ലയിൽ നിന്ന് വരെ ഓഫീസിൽ വരാം.
06:37 PM (IST) Apr 20
ഇളവിൽ വാഹനങ്ങൾ ക്രമാതീതമായി എത്തിയെന്ന് മുഖ്യമന്ത്രി. ഇതിൽ കാർക്കശ്യം കാണിക്കും, കാര്യങ്ങൾ വിലയിരുത്തിയാണ് ഇളവ്. പൊതുഗതാഗതം തൽക്കാലം ഇല്ല,
06:34 PM (IST) Apr 20
കാസർകോട് ജില്ല എങ്ങനെയായിരുന്നുവെന്ന് ഓർക്കണമെന്ന് മുഖ്യന്ത്രി. വലിയ ആശങ്കയുണ്ടായിരുന്നു. ഇത് വരെ 142 പേർ കാസർകോട് രോഗമുക്തരായി. ഇപ്പോൾ ചികിത്സയിലുള്ള ആരുടേയും നില ഗുരുതരമല്ല.
06:31 PM (IST) Apr 20
കടുത്ത ജാഗ്രത തുടരണം, ഓരോ നിമിഷവും പ്രധാനപ്പെട്ടതാണെന്ന് മുഖ്യമന്ത്രി. ഒരു നേരിയ അശ്രദ്ധ പോലും അപകടത്തിലേക്ക് നയിക്കും,
06:25 PM (IST) Apr 20
പ്രവാസികളുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് മുഖ്യന്ത്രി. രോഗബാധ മൂലം മലയാളി സഹോദരങ്ങൾ മരണപ്പെടുന്നത് കേൾക്കുമ്പോൾ ആശങ്ക വർധിക്കുന്നത് സ്വാഭാവികമാണ്. വിദേശത്ത് നിന്നും വരുന്നവരെ എയർപോർട്ടിന് അടുത്ത് തന്നെ നിരീക്ഷണത്തിൽ വയ്ക്കാനും രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റാനും കേരളം തയ്യാറാണ്. രണ്ട് ലക്ഷത്തോളം മുറികൾ ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. വിദേശത്ത് നിന്നും വരുന്നവരെ സർക്കാർ നേതൃത്വത്തിൽ എയർപോർട്ടിൽ നിന്നും നിരീക്ഷണകേന്ദ്രത്തിലേക്ക് കൊണ്ടു വരും. നിരീക്ഷണം കഴിഞ്ഞ് സർക്കാർ തന്നെ അവരെ വീടുകളിൽ എത്തിക്കും. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനം എടുക്കും വരെ എല്ലാ പ്രവാസികളും അവർ നിൽക്കുന്ന രാജ്യത്ത് തന്നെ തുടരുക.
06:24 PM (IST) Apr 20
കേരളത്തിൻ്റെ സേന യുദ്ധമുഖത്താണ്, ഏത് സാഹചര്യത്തെയും നമ്മുക്ക് നേരിടാം. എന്നാൽ ഇത് ശ്വാസം വിടാനുള്ള സമയമല്ല. ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്ക് കേരളത്തിലായത് ഇന്ദ്രജാലം കൊണ്ടല്ല. നമ്മുടെ ഒന്നിച്ചുള്ള പ്രവർത്തനം കൊണ്ടാണ്. ലോകപ്രശസ്തമായ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും കേരളത്തെ പുകഴ്ത്തുന്നു. കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയടക്കം കേരളത്തിന് നൽകിയ പ്രശംസ സ്വന്തം ജീവൻ പണയം വച്ച് കൊവിഡ് രോഗത്തെ നേരിടുന്ന ആരോഗ്യപ്രവർത്തകർക്കുള്ളതാണ്. ഏതു പ്രതിസന്ധിയും മറികടക്കാൻ നമ്മുക്ക് മാറ്റാരുടേയും സഹായം വേണ്ട എന്ന സന്ദേശമാണ് ഇതിലൂടെ വന്നത്.
06:20 PM (IST) Apr 20
ഏത് അടിയന്തിര സാഹചര്യം നേരിടാനും സംസ്ഥാനം സജ്ജമാണെന്ന് മുഖ്യന്ത്രി. സംസ്ഥാനത്തെ 1296 ആശുപത്രികളിലായി 49722 കിടക്കകൾ ഇപ്പോൾ സജ്ജമാണ്. 1369 ഐസിയു ബെഡുകളും, 800 വെൻ്റിലേറ്ററുകൾ സർക്കാർ ആശുപത്രികളിൽ സജ്ജമാണ്. 866 വെൻ്റിലേറ്ററുകൾ സ്വകാര്യ ആശുപത്രികളിലുണ്ട്. 81904 ബെഡുകളും 6059 ഐസിയു ബെഡുകളും 1578 വെൻ്റിലേറ്ററുകളും സ്വകാര്യമേഖലയിൽ സജ്ജമാണ്.
06:17 PM (IST) Apr 20
കേരളമാണ് കൊവിഡ് പശ്ചാത്തലത്തിൽ പകർച്ചവ്യാധി നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനം, ജനസംഖ്യാനുപാതത്തിൽ നോക്കിയാൽ എറ്റവും കൂടുതൽ പരിശോധന സംവിധാനങ്ങളുള്ളതും ഇവിടെയെന്ന് മുഖ്യമന്ത്രി.
06:16 PM (IST) Apr 20
നിലവിൽ കോവിഡ് പ്രതിരോധത്തിൽ കേരളത്തിന് അഭിമാനിക്കാമെന്ന് മുഖ്യന്ത്രി. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ലോക ശരാശരിയേക്കാൾ താഴെയാണ് കേരളമെന്നും മുഖ്യമന്ത്രി. കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ ലോകശരാശരി 5.75 ശതമാനമാണ്. ദേശീയതലത്തിൽ അത് 2.83 ശതമാനമാണ്. എന്നാൽ കേരളത്തിൽ 0.58 ശതമാനം മാത്രമാണ്.
06:14 PM (IST) Apr 20
സർക്കാർ സംവിധാനങ്ങളും ബഹുജനസംഘടനകളും ഒന്നിച്ചിറങ്ങി. ഒരു ഭിന്നാഭിപ്രായവുമില്ലാതെ ഒരു സംസ്ഥാനം ഒന്നാകെ വൈറസ് പ്രതിരോധത്തിന് അണിനിരന്നു. വ്യക്തിശുചിത്രം പാലിക്കൽ, സാനിറ്റൈസർ ഉപഭോഗം, സാമൂഹിക അകലം പാലിക്കൽ എന്നിവ കർശനമായി കേരളത്തിൽ നടപ്പാക്കി. ദേശീയതലത്തിൽ ലോക്ക് ഡൌണ് വരും മുൻപേ കേരളത്തിൽ ഇതിനുള്ള നടപടികൾ എടുത്തു. കുറഞ്ഞ ചെലവിൽ സാനിറ്റൈസറും മാസ്കും ഉത്പാദിപ്പിച്ച് ജനങ്ങളിൽ എത്തിച്ചു. പെട്ടെന്ന് സ്തംഭിച്ചു പോയ നാടിനേയും ജനജീവിത്തേയും തിരികെ പിടിക്കാൻ 20000 കോടിയുടെ സ്പെഷ്യൽ പാക്കേജ് സംസ്ഥാനം പ്രഖ്യാപിച്ചു. വിദേശത്തു നിന്നും പ്രവാസികൾ തിരിച്ചു വരാൻ കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിർദേശത്തിനെതിരെ കേരളനിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കി.
06:14 PM (IST) Apr 20
രോഗികളുടെ എണ്ണത്തിൽ നാം ഒന്നാമതായിരുന്നുവെന്ന് ഓർമ്മിപ്പിച്ച് മുഖ്യന്ത്രി,. കേരളം കൊവിഡിന്‍റെ നാടെന്ന് പറഞ്ഞാണ് അയൽ സംസ്ഥാനം റോഡ് മണ്ണിട്ടടച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓർമ്മപ്പെടുത്തൽ.
06:11 PM (IST) Apr 20
പല ലോകരാഷ്ട്രങ്ങളേയും വൈറസ് ഗുരുതരമായി ബാധിച്ചപ്പോൾ കേരളം ഉണർന്നു പ്രവർത്തിക്കുകയായിരുന്നു.
ആരോഗ്യവകുപ്പിന് കീഴിൽ പ്രത്യേക സംഘമുണ്ടാക്കി, എല്ലാ ജിലയിലും പ്രത്യേക ഐസൊലേഷൻ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ചികിത്സയ്ക്ക് മാനദണ്ഡം രൂപീകരിച്ചു.
06:08 PM (IST) Apr 20
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ള മുഴുവൻ പേരുടേയും സാമ്പിൾ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി. രണ്ടോ മൂന്നോ ദിവസം കൊണ്ടു ആ നടപടി പൂർത്തിയാക്കും.
06:07 PM (IST) Apr 20
ദുബായിൽ രണ്ടു മലയാളികൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഒറ്റപ്പാലം സ്വദേശി അബ്ദുൽ ഖാദർ (47), തുമ്പമൺ സ്വദേശി കോശി സഖറിയ (51) എന്നിവരാണ് ദുബായിൽ കൊവിഡ് ബാധിച്ച് മരിച്ചത്.
06:05 PM (IST) Apr 20
പൊങ്ങച്ചം അവതരിപ്പിക്കാൻ വാർത്ത സമ്മേളനം ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി. വൈറസ് ബാധയിൽ കേരളം ആകെ ഉണർന്ന് പ്രവർത്തിച്ചു. കൊവിഡ് രോഗത്തിന്‍റെ ഇത് വരെയുള്ള നാൾ വഴി വിശദീകരിച്ച് മുഖ്യമന്ത്രി. " കഴിഞ്ഞ ദിവസം വാർത്താസമ്മേളനം അവസാനിപ്പിച്ചത് ഇടവിട്ട ദിവസങ്ങളിൽ ഇനി കാണാം എന്നു പറഞ്ഞതാണ്. അതതു ദിവസത്തെ പ്രധാനസംഭവങ്ങളാണ് വാർത്താസമ്മേളനത്തിൽ ഇതുവരെ പറഞ്ഞിരുന്നത്. നാം ഇതുവരെ ചെയ്ത പ്രവർത്തനങ്ങൾ പൊങ്ങച്ചമായി പറയാൻ ഇതുവരെ വാർത്താസമ്മേളനത്തിൽ ശ്രമിച്ചിട്ടില്ല. "
Read more at: പൊങ്ങച്ചം പറയാന്‍ വാര്‍ത്താ സമ്മേളനം ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ...
06:04 PM (IST) Apr 20
408 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 46203 പേരാണ് സംസ്ഥാനത്ത് ഇനി നിരീക്ഷണത്തിലുള്ളത്. ഇതിൽ 398 പേർ ആശുപത്രിയിലാണ്. 62 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 19756 സാംപിളുകൾ ഇതുവരെ പരിശോധനയ്ക്ക് അയച്ചു.
06:02 PM (IST) Apr 20
സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കൊവിഡ് ഭേദമായി. ഇതിൽ 19 പേരും കാസർകോട് ജില്ലയിൽ നിന്നാണ്. രണ്ട് പേർ ആലപ്പുഴയും. ഇതോടെ ആലപ്പുഴയിലെ എല്ലാ രോഗികൾക്കും അസുഖം ഭേദമായി.
06:01 PM (IST) Apr 20
സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ അഞ്ച് പേർ വിദേശത്ത് നിന്ന് വന്നവരാണ്. ആറ് പേരും കണ്ണൂർ സ്വദേശിയാണ്.
05:26 PM (IST) Apr 20
മുഖ്യമന്ത്രി പിണറായി വിജയൻ വൈകിട്ട് ആറ് മണിക്ക് കൊവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണും. തത്സമയം കാണാം...
04:58 PM (IST) Apr 20
കൊവിഡ് ഭേദമായവരിൽ 81 വയസുള്ള സ്ത്രീയും ഉണ്ട്. കാഞ്ഞങ്ങാട് സ്വദേശി ആയ ഇവർ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
04:58 PM (IST) Apr 20
കേരളത്തിൽ രോഗം ഇരട്ടിക്കുന്നത് ദിവസങ്ങളുടെ തോത് 72.2 ദിവസമെന്ന് കേന്ദ്രം. കേരളത്തിലെ ആരോഗ്യമേഖല മികച്ചതായതുകൊണ്ടാണ് ഈ നേട്ടമെന്ന് ആരോഗ്യ മന്ത്രാലയം
04:57 PM (IST) Apr 20
കാസർകോട് ഇന്ന് 21 പേർ കൊവിഡ് ഭേദമായി ആശുപത്രി വിടും. ജനറൽ ആശുപത്രിയിൽ നിന്നുള്ള 15 പേരും, ജില്ലാ ആശുപത്രിയിൽ നിന്നുള്ള 2പേരും ബദിയെടുക്ക പ്രത്യേക കൊവിഡ് ആശുപത്രിയിൽ നിന്ന് 2 പേരും പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് 2 പേരും ആണ് ഇന്ന് കൊവിഡ് ഭേദമായി ആശുപത്രി വിടുന്നത്.
04:40 PM (IST) Apr 20
പാലക്കാട് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. നഗരത്തിലേക്ക് ഒരു എൻട്രിയും എക്സിറ്റും മാത്രം. ഹോട്ട്സ്പോട്ട് ആയിരുന്നിട്ടും രാവിലെ അനിയന്ത്രിതമായി വാഹനങ്ങൾ വന്നതാണ് നിയന്ത്രണം കടുപ്പിക്കാൻ കാരണം.