കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഹോട്ട് സ്പോട്ട് കേന്ദ്രങ്ങൾ നിർണ്ണയിച്ചതില്‍ അപാകതയെന്ന് പരാതി. കൊവിഡ് സ്ഥിരീകരിക്കാത്ത സ്ഥലങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടപ്പോള്‍ രോഗം സ്ഥിരീകരിച്ച പല പ്രദേശങ്ങളും പട്ടികയില്‍ വന്നിട്ടുമില്ല.

ലോക്ക് ഡൗണിന് ഇളവു കാത്ത് കഴിയുന്ന കോഴിക്കോട് ജില്ലയിലെ ജനങ്ങള്‍ക്ക് ആശയക്കുഴപ്പവും ആശങ്കയും സമ്മാനിക്കുന്നതായി ഹോട്ട് സ്പോട്ട് പട്ടിക. ജില്ലയില്‍ ആകെ 14 ഹോട്ട് സ്പോട്ടുകളുണ്ടെന്നാണ് ജില്ലാ ഭരണകൂടം പുറത്തുവിട്ട കണക്ക്. ആദ്യ പട്ടിക പുറത്തുവന്നത് ഇക്കഴിഞ്ഞ 16ന്. 

കോഴിക്കോട് കോർപ്പറേഷന് പുറമെ  എടച്ചേരി, അഴിയൂർ, കിഴക്കോത്ത്, വേളം, ആയഞ്ചേരി, ഉണ്ണികുളം, മടവൂർ, ചെക്കിയാട്, തിരുവള്ളൂർ, നാദാപുരം, ചെങ്ങരോത്ത്, കായക്കൊടി, പഞ്ചായത്തുകളിലെ വിവിധ വാർഡുകളും ഈ പട്ടികയില്‍ ഈ പട്ടികയില്‍ ഉള്‍പ്പെട്ടു. രണ്ടാമത്തെ പട്ടിക പുറത്തിറക്കിയത് കഴിഞ്ഞ 19ന്. ഇതില്‍ വടകര മുൻസിപ്പാലിറ്റി, എടച്ചേരി, അഴിയൂർ, കുറ്റ്യാടി,  എന്നീ പ്രദേശങ്ങളും ഉള്‍പ്പെടുത്തി.  

ഈ പട്ടികയിലുളള വടകര മുൻസിപ്പാലിറ്റിയിൽ ഒരു കൊവിഡ് കേസ് പോലും ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല. വേളത്ത് രോഗം സ്ഥിരീകരിച്ച വ്യക്തി എയർപോർട്ടിൽ നിന്ന് നേരിട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചതിനാൽ ഇയാൾക്ക് നാട്ടിലാരുമായും സമ്പർക്കം ഉണ്ടായിട്ടുമില്ല. എന്നിട്ടും ഈ പ്രദേശങ്ങൾ ഹോട്ട് സ്പോട്ടിൽ ഉൾപ്പട്ടതെങ്ങനെയെന്ന് വ്യക്തമല്ല. 

അതേ സമയം രോഗം സ്ഥിരീകരിച്ച ഏറാമല പഞ്ചായത്ത് ഹോട്ട് സ്പോട്ട് പട്ടികയിൽ വന്നിട്ടുമില്ല. രോഗം സ്ഥിരീകരിക്കാത്ത ഇടങ്ങൾ പട്ടികയിൽ ഉൾപ്പട്ടതോടെ ആശങ്കയിലാണ് നാട്ടുകാർ. ഹോട്ട് സ്പോട്ട് പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂടുതലാണെന്നത് ദുരിതം വര്‍ദ്ധിപ്പിക്കുന്നുമുണ്ട്.

ഉണ്ണികുളം പഞ്ചായത്തിൽ നേരത്തെ രോഗം സ്ഥിരീകരിച്ച വ്യക്തി രോഗമുക്തി നേടിയിട്ടും ക്ലസ്റ്റർ ക്വാറന്‍റീൻ തുടരുന്നുണ്ട്. പട്ടികയിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ വിവരവും കൃത്യമല്ലെന്ന് ആരോപണം ഉണ്ട്. പ്രാദേശികമായി വിവര ശേഖരണം നടത്തിയതില്‍ വന്ന അപാകതയാണെന്നും ഹോട്ട്സ്പോട്ട് പട്ടികയില്‍ മാറ്റം വരുത്തുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.