വീടണയണം, 20കാരന്‍ മഹേഷ് ആഞ്ഞുചവിട്ടി; ഏഴ് ദിവസം കൊണ്ട് സൈക്കിളില്‍ 1700 കി.മീ

By Web TeamFirst Published Apr 11, 2020, 5:39 PM IST
Highlights

ഏഴ് ദിവസം കൊണ്ട് 1,700 കിലോമീറ്റർ സൈക്കിളില്‍. 20 വയസ് മാത്രമേ ആയിട്ടുള്ളൂ ഈ സാഹസിക യാത്രക്ക് ഇറങ്ങിപ്പുറപ്പെട്ട തൊഴിലാളിക്ക് എന്നോർക്കുക. 

ഭുവനേശ്വർ: ലോക്ക് ഡൌണ്‍മൂലം മഹേഷ് ജെനയ്ക്ക് എങ്ങനെയും നാട്ടിലെത്തണമെന്നേ ഉണ്ടായിരുന്നുള്ളൂ. പിന്നെ ഒന്നും നോക്കിയില്ല. മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍നിന്ന് സൈക്കിള്‍ ചവിട്ടി ഒഡീഷയിലെ ജാജ്‍പുരിലെ ഗ്രാമത്തിലേക്ക്. ഏഴ് ദിവസം കൊണ്ട് 1,700 കിലോമീറ്റർ സൈക്കിളില്‍. 20 വയസ് മാത്രമേ ആയിട്ടുള്ളൂ ഈ സാഹസിക യാത്രക്ക് ഇറങ്ങിപ്പുറപ്പെട്ട തൊഴിലാളിക്ക് എന്നോർക്കുക. 

സാംഗ്ലിയിലെ ഇരുമ്പ് ഫാക്ടറിയിലാണ് മഹേഷ് ജോലി ചെയ്യുന്നത്. പ്രതിമാസ ശമ്പളം 15,000 രൂപ. കൊവിഡ് 19നെ തുടർന്ന് രാജ്യത്തൊട്ടാകെ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചതോടെ മഹേഷും താമസസ്ഥലത്തിരിപ്പായി. എന്നാല്‍ കയ്യിലുള്ളത് വെറും 3000 രൂപ. ഒരാഴ്ച പിന്നിട്ടതോടെ ലോക്ക് ഡൌണ്‍ നീളാനാണ് സാധ്യതയെന്ന് മഹേഷിന് പിടികിട്ടി. താമസത്തിനും ഭക്ഷണത്തിനുമായി 6000 രൂപയെങ്കിലും ഒരു മാസം ചെലവുണ്ട്. ഫാക്ടറി മൂന്ന് മാസമെങ്കിലും കഴിഞ്ഞേ തുറക്കൂ എന്ന് കിംവദന്തിയും കേട്ടതോടെ അങ്കലാപ്പിലായി. 

"ജാജ്‍പുർ ജില്ലയിലെ ബദാസോറി ഗ്രാമത്തിലുള്ള വീട്ടിലേക്ക് സൈക്കിളില്‍ യാത്ര തിരിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഏപ്രില്‍ 1ന് സാംഗ്ലിയില്‍നിന്ന് പുറപ്പെട്ടു. അതിജീവത്തിനുവേണ്ടിയാണീ യാത്ര... എന്‍റെ കയ്യില്‍ ഭൂപടങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, മുന്‍യാത്രകളില്‍ കണ്ട പ്രധാന റെയില്‍വേ സ്റ്റേഷനുകളുടെ പേര് മനസിലുണ്ടായിരുന്നു"- എങ്ങനെ ഇത്രദൂരം സൈക്കിള്‍ ചവിട്ടി നാട്ടിലെത്തി എന്നതിനെക്കുറിച്ച് ക്വാറന്‍റൈന്‍ കേന്ദ്രത്തില്‍ വെച്ച് മഹേഷ് ഓർത്തെടുത്തു. 

മഹേഷിന്‍റെ ഗ്രാമക്കാരായ സുഹൃത്തുക്കളാരും ഈ സാഹസത്തിന് ഒപ്പംനിന്നില്ല. അവർ സാംഗ്ലിയില്‍ തന്നെ തങ്ങി. ഇത്ര ദൂരം സൈക്കിളില്‍ പോകുന്നതിന് അവർ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ റോഡരികിലെ ഭക്ഷണശാലകളില്‍ നിന്ന് ഭക്ഷണം കഴിച്ചും ഇടയ്ക്ക് വിശ്രമിച്ചും മഹേഷ് സൈക്കിള്‍ ആഞ്ഞുചവിട്ടി. ദിവസവും 16 മണിക്കൂറെങ്കിലും സമയമെടുത്ത് ശരാശരി 200 കിലോമീറ്റർ ദൂരമെങ്കിലും...ഇങ്ങനെയായിരുന്നു യാത്ര. കരുത്തായത് ദിവസവും 10 കി.മീ സൈക്കിള്‍ ചവിട്ടി ഭക്ഷണം കഴിക്കാന്‍ പോകുന്ന സാംഗ്ലിയിലെ ശീലവും. 

സോലാപൂർ- ഹൈദരാബാദ്- വിജയവാഡ- വിശാഖപട്ടണം- ശ്രീകാകുളം വഴിയാണ് മഹേഷ് ഒഡീഷയില്‍ പ്രവേശിച്ചത്. ചൂട് വലിയ വെല്ലുവിളിയായെങ്കിലും തന്നെ തളർത്തിയില്ല എന്നും മഹേഷ് പറഞ്ഞു. അമ്പലങ്ങളിലും സ്കൂളുകളിലും ഭക്ഷണശാലകളുടെയും പരിസരത്തുമായിരുന്നു വിശ്രമം.

സാംഗ്ലിയില്‍നിന്ന് പുറപ്പെട്ട് നാല് ദിവസത്തിന് ശേഷം വഴിയില്‍ കണ്ട ഒരാളുടെ മൊബൈല്‍ വാങ്ങി വീട്ടിലേക്ക് വിളിച്ചപ്പോള്‍ വീട്ടുകാർ ഒന്നേ പറഞ്ഞുള്ളൂ, 'ശ്രദ്ധിക്കണം'. 

ഏപ്രില്‍ ഏഴിന് സ്വന്തം ഗ്രാമത്തില്‍ എത്തിയെങ്കിലും മഹേഷിനെ പ്രവേശിപ്പിക്കാന്‍ നാട്ടുകാർ അനുവദിച്ചില്ല. ഇതോടെ ജില്ലാ ഭരണകൂടം ഇടപെട്ട് മഹേഷിനെ ക്വാറന്‍റൈന്‍ സെന്‍ററിലേക്ക് മാറ്റി. 'ഐസൊലേഷന്‍ കേന്ദ്രത്തിലെ വിരസതയേക്കാള്‍ സുഖകരമായിരുന്നു ഏഴ് ദിവസം നീണ്ട കഠിന യാത്ര' എന്ന് മഹേഷ് പറയുന്നു. നാട്ടിലെത്തിയെങ്കിലും അതുകൊണ്ടുതന്നെ മഹേഷ് അത്ര സന്തുഷ്ടനല്ല. ഇരുപതുകാരന്‍റെ സാഹസിക സൈക്കിള്‍ യാത്ര ദ് ഹിന്ദുവാണ് റിപ്പോർട്ട് ചെയ്തത്. 


 

click me!