ദില്ലി - തിരുവനന്തപുരം തീവണ്ടിയുടെ സമയക്രമം ഇങ്ങനെ, ബുക്കിംഗ് തുടങ്ങി

By Web TeamFirst Published May 11, 2020, 6:24 PM IST
Highlights

നാല് മണിയല്ല, ആറ് മണിക്ക് തുടങ്ങുമെന്ന് ഐആർസിടിസി അറിയിച്ചെങ്കിലും ആറേമുക്കാലോടെയാണ് ബുക്കിംഗ് തുടങ്ങിയത്. ട്രെയിൻ വിവരങ്ങൾ അടക്കം വെബ്സൈറ്റിൽ ഫീഡ് ചെയ്യാനുള്ള സാങ്കേതികപ്രശ്നമാണെന്നാണ് റെയിൽവേ അറിയിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യാൻ കാത്തിരിക്കുന്ന ആയിരങ്ങൾ ആശങ്കയിലാണ്.

ദില്ലി: രാജ്യത്ത് നാളെ മുതൽ വീണ്ടും തുടങ്ങുന്ന ട്രെയിൻ സർവ്വീസുകളുടെ സമയക്രമം റെയിൽവേ പുറത്തുവിട്ടു. ബുധനാഴ്ചയാണ് (13 മെയ്) ദില്ലി - തിരുവനന്തപുരം തീവണ്ടി പുറപ്പെടുക. രാവിലെ 11.25-നാണ് ദില്ലിയിൽ നിന്ന് തീവണ്ടി പുറപ്പെടുക. വെള്ളിയാഴ്ച പുലർച്ചെ 5.25-ന് തീവണ്ടി തിരുവന്തപുരത്തെത്തും. തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലേക്ക് പോകുന്ന തീവണ്ടിയാകട്ടെ 15-ാം തീയതി രാത്രി 19.45-നാണ് പുറപ്പെടുക. 17-ാം തീയതി ഉച്ചയ്ക്ക് 12.40-ന് ദില്ലിയിൽ എത്തും. 

നാല് മണിയല്ല, ആറ് മണിക്ക് തുടങ്ങുമെന്ന് ഐആർസിടിസി അറിയിച്ചെങ്കിലും ആറേമുക്കാലോടെയാണ് ബുക്കിംഗ് തുടങ്ങിയത്. ട്രെയിൻ വിവരങ്ങൾ അടക്കം വെബ്സൈറ്റിൽ ഫീഡ് ചെയ്യാനുള്ള സാങ്കേതികപ്രശ്നമാണെന്നാണ് റെയിൽവേ അറിയിക്കുന്നത്. 

ടിക്കറ്റ് കൗണ്ടർ തുറക്കില്ല. ഓൺലൈൻ വഴി മാത്രമാണ് ബുക്കിം​ഗ്. ഐആർസിടിസി വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കൂ. ആദ്യ ഘട്ടത്തിൽ തിരുവനന്തപുരം അടക്കം 15 പ്രധാന ന​ഗരങ്ങളിലേക്കാണ് സർവീസ് നടത്തുക. 

ലോക്ക് ഡൗൺ ആരംഭിച്ച് 50 ദിവസങ്ങൾക്ക് ശേഷമാണ് റെയിൽവെ വീണ്ടും സർവീസ് ആരംഭിക്കുന്നത്. ചൊവ്വാഴ്ച മുതൽ 15 പ്രത്യേക തീവണ്ടികളാവും ഓടുക. എല്ലാ തീവണ്ടികളും ദില്ലിയിൽ നിന്ന് സംസ്ഥാന തലസ്ഥാനങ്ങളിലേക്കാണ് സർവ്വീസ് നടത്തുക. ഈ സംസ്ഥാനങ്ങളിൽ നിന്ന് ദില്ലിയിലേക്കുള്ള മടക്ക സർവ്വീസും ഉണ്ടാകും. രോഗലക്ഷണം ഇല്ലാത്തവരെ മാത്രം ട്രെയിനുകളിൽ കയറ്റാനാണ് തീരുമാനമെന്നാണ് വിവരം. കൺഫേം ടിക്കറ്റില്ലാത്തവരെ സ്റ്റേഷനിൽ പ്രവേശിപ്പിക്കില്ല. യാത്രക്കാർക്ക് മാസ്കും നിർബന്ധമാണ്. 

ഹൗറ, രാജേന്ദ്രനഗർ, ദിബ്രുഗഡ്, ജമ്മുതാവി, ബിലാസ്പുർ, റാഞ്ചി, മുംബൈ, അഹമ്മദാബാദ്, അഗർത്തല, ഭുവനേശ്വർ, മഡ്ഗാവ്, സെക്കന്തരബാദ് എന്നിവടങ്ങളിൽ നിന്നും ദില്ലിയിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിനുകളുണ്ട്.

രാജധാനി നിരക്കായിരിക്കും സ്പെഷ്യൽ ട്രെയിൻ സർവീസുകൾക്ക് ഈടാക്കുക എന്നാണ് സൂചന. തത്കാൽ, പ്രീമിയം തത്കാൽ, കറന്‍റ് റിസർവേഷൻ സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതല്ല. ദില്ലി - തിരുവനന്തപുരം ട്രെയിനിന് കേരളത്തിൽ മൂന്ന് സ്റ്റോപ്പുകൾ മാത്രമാണ് ഉണ്ടാവുക. എറണാകുളം ജം​ഗ്ഷനിലും കോഴിക്കോടും തിരുവനന്തപുരത്തും മാത്രമായിരിക്കും സ്റ്റോപ്പുകൾ ഉണ്ടാവുക. മം​ഗളൂരുവിലും ട്രെയിന് സ്റ്റോപ്പ് ഉണ്ടാകും. ഇതിന് പുറമേ, മഡ്ഗാവ്, പൻവേൽ, വഡോദര എന്നിവിടങ്ങളിലും തീവണ്ടി നിർത്തും. 

ഒരു ദിവസം 300 ട്രെയിനുകൾ വരെ ഓടിച്ച് അതിഥി തൊഴിലാളികളെ എല്ലാം അവരുടെ സംസ്ഥാനങ്ങളിൽ മടക്കി എത്തിക്കാൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. 20,000 കോച്ചുകൾ നിരീക്ഷണ കേന്ദ്രങ്ങളാക്കാനും ഇതിന് പുറമെയുള്ള കോച്ചുകൾ സർവ്വീസിന് ഉപയോഗിക്കാനും തീരുമാനമുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് കുതിച്ചുയരുമ്പോഴാണ് ട്രെയിൻ സർവ്വീസ് തുടങ്ങാൻ തീരുമാനം. 

ട്രെയിൻ സർവ്വീസുകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി യാത്രക്കാർക്കുള്ള മാർഗ്ഗനിർദേശങ്ങൾ ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയിരുന്നു. ടിക്കറ്റ് കൺഫേം മെസേജ് കിട്ടിയവ‍ർ മാത്രമേ ഇനി റെയിൽവേ സ്റ്റേഷനുകളിലേക്ക് പ്രവേശിക്കാൻ പാടുള്ളൂവെന്നാണ് നിർദ്ദേശം. ടിക്കറ്റ് ലഭിച്ചവരുടെ വാഹനങ്ങൾ മാത്രമേ ഇനി റെയിൽവേ സ്റ്റേഷൻ പരിസരത്തേക്ക് കേറ്റി വിടു. എല്ലാ യാത്രക്കാരും മാസ്ക് ധരിക്കണം. കോച്ചുകളിൽ കേറുന്ന ഘട്ടത്തിലും ഇറങ്ങുന്ന ഘട്ടത്തിലും സാനിറ്റൈസ‍ർ ഉപയോ​ഗിച്ച് കൈകഴുകണം.

സ്ക്രീനിം​ഗ് നടത്തിയാവും യാത്രക്കാരെ കോച്ചുകളിലേക്ക് പ്രവേശിപ്പിക്കുക. ഏതെങ്കിലും തരത്തിൽ രോ​ഗലക്ഷണമുള്ളവരെ ഒരു കാരണവശാലും യാത്ര ചെയ്യാൻ അനുവ​ദിക്കില്ല. പുറപ്പെടുന്ന സ്റ്റേഷനിലേയും എത്തിച്ചേരുന്ന സ്റ്റേഷനിലേയും സ‍ർക്കാരുകൾ നി‍ർദേശിക്കുന്ന കൊവിഡ് പ്രോട്ടോക്കോളിനോട് യാത്രക്കാ‍ർ പൂർണമായും സഹകരിക്കണം. യാത്രയിലുടനീളം എല്ലാവരും സാമൂഹിക അകലം പാലിക്കുകയും വേണം. 

click me!