'നിങ്ങളുടെ ക്ഷമാശക്തി അപാരം, മാസ്ക് ഉപയോഗിക്കൂ', വീട്ടിലിരുന്നവരെ അഭിനന്ദിച്ച് മോദി

Web Desk   | Asianet News
Published : Apr 06, 2020, 01:18 PM IST
'നിങ്ങളുടെ ക്ഷമാശക്തി അപാരം, മാസ്ക് ഉപയോഗിക്കൂ', വീട്ടിലിരുന്നവരെ അഭിനന്ദിച്ച് മോദി

Synopsis

ബിജെപിയുടെ നാൽപതാമത് സ്ഥാപകദിനത്തിൽ വീഡിയോ കോൺഫറൻസിംഗ് വഴി കാര്യകർത്താക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. പാവപ്പെട്ടവർ പട്ടിണി കിടക്കാതിരിക്കാൻ അഞ്ച് കാര്യങ്ങൾ ചെയ്യണമെന്ന് മോദി ബിജെപി പ്രവർത്തകരോട് പറയുന്നു.

ദില്ലി: കൊവിഡിനെ നേരിടാൻ പ്രഖ്യാപിച്ച ലോക്ക് ഡൗൺ കാലത്ത് രാജ്യത്തെ പൗരൻമാർ കാണിച്ച ക്ഷമയും സഹനശക്തിയും അപാരമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാർ നിർദേശിച്ച നിയന്ത്രണങ്ങളെ അതിന്‍റെ ഗൗരവത്തോടെ ജനം ഉൾക്കൊണ്ടു. ഇന്നലെ ആവശ്യമില്ലാത്ത വിളക്കുകളെല്ലാം അണച്ച് ദീപം കൊളുത്താനുള്ള തന്‍റെ ആഹ്വാനത്തെ കോടിക്കണക്കിന് ഇന്ത്യക്കാർ പിന്തുണച്ചെന്നും മോദി ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് പറഞ്ഞു. 

പാർട്ടിയുടെ നാൽപതാം സ്ഥാപകദിനത്തിൽ ബിജെപി പ്രവർത്തകരോട് വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിക്കുകയായിരുന്നു മോദി. ''ഇതൊരു നീണ്ട യുദ്ധമാണ്. ഇപ്പോഴെങ്ങും അവസാനിക്കാത്ത യുദ്ധം. നമ്മൾ തളരരുത്. ഈ രോഗത്തെ നമുക്ക് തോൽപ്പിച്ചേ തീരൂ'', മോദി ആഹ്വാനം ചെയ്തു.

ഇന്ന് ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറ് കടന്നിരുന്നു. രോഗം ബാധിച്ചവരുടെ എണ്ണം നാലായിരം കടന്നു. 

''നമ്മുടെ രാജ്യത്തിന്‍റെ ഐക്യം ഞായറാഴ്ച വൈകിട്ട് കണ്ടു'', വിളക്കുകളെല്ലാം അണച്ച് ദീപം കൊളുത്തിയവരെക്കുറിച്ച് മോദി. ഞായറാഴ്ച വൈകിട്ട് 9 മണിക്ക് 9 മിനിറ്റ് ദീപങ്ങൾ കൊളുത്തി വയ്ക്കണമെന്നായിരുന്നു മോദിയുടെ ആഹ്വാനം. 

രാജ്യത്തെ പാവപ്പെട്ടവർ പട്ടിണി കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്താൻ ബിജെപി പ്രവർത്തകർ അഞ്ച് കാര്യങ്ങൾ ചെയ്യണമെന്ന് മോദി പറഞ്ഞു.

ഒന്ന്, ബിജെപി പ്രവർത്തകർ പാവപ്പെട്ടവർക്ക് റേഷൻ എത്തിക്കണം. ആരും പട്ടിണി കിടക്കില്ലെന്ന് ഉറപ്പുവരുത്തണം. രണ്ട്, സാധാരണ തുണി കൊണ്ടുള്ള മുഖാവരണം അണിയുക. മുഖാവരണം മറ്റുള്ളവർക്ക് വിതരണം ചെയ്യണം. മൂന്ന് ആരോഗ്യപ്രവർത്തകർ, പോലീസ്, ശുചീകരണ തൊഴിലാളികൾ, അവശ്യസർവ്വീസിലുള്ളവർ എന്നിവർക്ക് നന്ദി എഴുതി അറിയിക്കുക. നാല് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ആരോഗ്യസേതു ആപ്പിന് പ്രചാരണം നൽകണം. അഞ്ച്, പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ഉറപ്പാക്കണം. 

ഇന്ത്യ തീരുമാനമെടുത്തതിൽ കാണിച്ച വേഗതയെ ലോകം അഭിനന്ദിക്കുന്നു എന്ന് മോദി പറയുന്നു. ഒറ്റക്കെട്ടായാണ് ഇന്ത്യ ഈ യുദ്ധത്തിൽ പങ്കാളിയാവുന്നത്. ലോകാരോഗ്യസംഘടനയടക്കം ഇതിനെ അഭിനന്ദിച്ചുവെന്നും മോദി വ്യക്തമാക്കി. 

കൊവിഡ് ലോക്ക് ഡൗണിന് ശേഷവും നിയന്ത്രണങ്ങൾ തുടരുമെന്ന സൂചനയാണ് മോദി പ്രസംഗത്തിലൂടെ നൽകിയത്. ഒപ്പം ദില്ലിയിൽ സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കേന്ദ്രമന്ത്രിസഭായോഗവും ചേർന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഞാൻ ഇതൊരു ബഹുമതിയായി കരുതുന്നു', മരിയാന എൽ. നൈഷുലർ ചെന്നൈയിലെ യുഎസ് കോൺസൽ ജനറലായി ചുമതലയേറ്റു
കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസ്: മൂന്ന് പ്രതികൾക്കും ജീവപര്യന്തം; ശിക്ഷാവിധി 4 മാസത്തിനുള്ളിൽ