തമിഴ്‍നാട്ടിൽ 17 ജില്ലകൾ റെഡ് സോൺ; സർക്കാർ ഇടപെടണമെന്ന് മലയാളി സംഘടനകൾ, മത പ്രചാരകര്‍ അറസ്റ്റിൽ

By Web TeamFirst Published Apr 13, 2020, 10:15 AM IST
Highlights

ചെന്നൈയ്ക്ക് പുറമേ കോയമ്പത്തൂർ, തേനി, മധുര, ഈറോഡ് , തിരുപ്പൂർ ഉൾപ്പടെയുള്ള ജില്ലകളാണ് റെഡ് സോൺ

ചെന്നൈ: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിൽ 17 ജില്ലകൾ റെഡ് സോണായി പ്രഖ്യാപിച്ചു. ചെന്നൈയ്ക്ക് പുറമേ കോയമ്പത്തൂർ, തേനി, മധുര, ഈറോഡ് , തിരുപ്പൂർ ഉൾപ്പടെയുള്ള ജില്ലകളാണ് റെഡ് സോൺ ആയത്. ചെന്നൈയിലും കോയമ്പത്തൂരുമാണ് കൂടുതൽ കൊവിഡ് ബാധിതർ ഉള്ളത്. രോഗികളുടെ  എണ്ണം ആയിരം കവിഞ്ഞു.

തമിഴ്നാട്ടിൽ സാമൂഹിക വ്യാപനമെന്ന ആശങ്കയും ശക്തമാകുകയാണ്. രോഗ പ്രതിരോധ നടപടികളിൽ  നടപടികളിൽ സുതാര്യത ആവശ്യപ്പെട്ട് പ്രതിപക്ഷം സർക്കാരിന് കത്ത് നൽകി. രോഗബാധിതർ ഗണ്യമായി വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും കൃത്യമായ കണക്കുകൾ പുറത്തുവിടണമെന്നും ചൂണ്ടിക്കാട്ടി സ്റ്റാലിൻ മുഖ്യമന്ത്രിക്ക് കത്ത് അയച്ചു

രോഗവ്യാപന സാഹചര്യം വലിയ ആശങ്കയാണ് തമിഴ്നാട്ടിൽ ഉണ്ടാക്കിയിട്ടുള്ളത്. നാൾക്കുനാൾ കേസുകളുടെ എണ്ണം കൂടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. കൊവിഡ് പടരുന്ന അവസ്ഥയിൽ തമിഴ്നാട്ടിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എയ്മ അടക്കമുള്ള മലയാളി സംഘടനകൾ മുഖ്യമന്ത്രിക്ക്  കത്ത്  അയച്ചു. അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെടുന്ന കേരളം മറുനാടൻ മലയാളികളുടെ പ്രശ്നം കണക്കിലെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്.

അതിനിടെ തമിഴ്നാട് മയിലാടുതുറെയിൽ പത്ത് വിദേശ മതപ്രചാരകർ അറസ്റ്റിൽ ആയിട്ടുണ്ട്. നാഗപട്ടണത്തെ മദ്രസയിൽ കഴിയുകയായിരുന്ന ഇവരെ നിരീക്ഷണത്തിലാക്കി. സന്ദർശക വിസയിലെത്തിയ ഇവർക്ക് മതപ്രവർത്തനം
നടത്താൻ അനുമതി ഇല്ലായിരുന്നുവെന്നും കണ്ടെത്തി

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇടയിൽ അടക്കം കൂടുതൽ കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്ന അവസ്ഥയാണ് തമിഴ്നാട്ടിൽ നിലവിൽ ഉള്ളത്.  ചെന്നൈയിൽ രണ്ട് ഡോക്ടര്‍മാര്‍ക്കും ഒരു മലയാളി ഉൾപ്പെടെ നാല് നഴ്സുമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ തമിഴ്നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ എണ്ണം പത്തായി. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

click me!