റമദാനില്‍ പ്രാര്‍ത്ഥന വീട്ടിലിരുന്ന് മതി; വിശ്വാസികളോട് മതനേതാക്കള്‍

By Web TeamFirst Published Apr 13, 2020, 8:40 PM IST
Highlights
ഇഫ്താര്‍ പരിപാടികള്‍ക്ക് ചെലവാക്കുന്ന പണം പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാന്‍ ഉപയോഗിക്കണം. പള്ളികളിലേക്ക് കൂടുതല്‍ ഇഫ്താര്‍ ഭക്ഷണം അയക്കുന്നത് നിര്‍ത്തണം.
 
ലഖ്‌നൗ: റമദാനില്‍ പ്രാര്‍ഥനയും മറ്റ് മതപരമായ ചടങ്ങുകളും വീട്ടിലിരുന്ന് നിര്‍വഹിച്ചാല്‍ മതിയെന്ന് വിശ്വാസികളോട് രാജ്യത്തെ ഇസ്ലാം മതനേതാക്കള്‍. ഇസ്ലാമിക് സെന്റര്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മൗലാന ഖാലിദ് റഷീദ് ഫാറന്‍ഗി റഹാലിയാണ് വിശ്വാസികള്‍ക്ക് നിര്‍ദേശം നല്‍കിയത്. റമദാന്‍ ആചാരങ്ങള്‍ക്കായി പള്ളികളില്‍ ഒത്തുകൂടുന്നത് ഒഴിവാക്കണം. വെള്ളിയാഴ്ച പള്ളികളിലെ ജുമുഅ നമസ്‌കാരവും ഒഴിവാക്കണമെന്നും സര്‍ക്കാറിന്റെ ലോക്ക്ഡൗണ്‍ നിര്‍ദേശം പൂര്‍ണമായി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 24നോ 25നോ ആണ് രാജ്യത്ത് റമദാന്‍ വ്രതത്തിന് ആരംഭം കുറിക്കുക. രാത്രി കാലങ്ങളിലെ തറാവീഹ് നമസ്‌കാരവും പ്രാര്‍ഥനയും വീടുകളില്‍ തന്നെയാക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കൊറോണവൈറസില്‍ നിന്ന് രക്ഷിക്കാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. വീടുകളിലും സാമൂഹിക അകലം പാലിച്ച് മാത്രമേ ചടങ്ങുകള്‍ നടത്താവൂ. ഹഹീസ് അടക്കം നാല് പേര്‍ മാത്രമേ പങ്കെടുക്കാവൂ. ഇഫ്താര്‍ പരിപാടികള്‍ക്ക് ചെലവാക്കുന്ന പണം പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാന്‍ ഉപയോഗിക്കണം. പള്ളികളിലേക്ക് കൂടുതല്‍ ഇഫ്താര്‍ ഭക്ഷണം അയക്കുന്നത് നിര്‍ത്തണം. നാലോ അഞ്ചോ പേര്‍ക്കുള്ള ഭക്ഷണം അയച്ചാല്‍ മതി.

തറാവീഹ് പ്രാര്‍ത്ഥന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ സ്ട്രീം ചെയ്യുന്നതും പരിഗണിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് പണ്ഡിതരുമായി ചര്‍ച്ച ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. 
സാമൂഹിക അകലം പാലിച്ച് മാത്രമേ മതപരമായ ചടങ്ങുകള്‍ നടത്താന്‍ പാടുള്ളൂവെന്ന് കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മതനേതാക്കളോട് നിര്‍ദേശിച്ചിരുന്നു.
 
click me!