സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു; കൊച്ചി നഗരത്തിൽ ആശങ്ക

By Web TeamFirst Published Jul 2, 2020, 6:19 AM IST
Highlights

ഇന്നലെ മാത്രം എട്ടു പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർ‍ന്നത്. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് സ്ഥിരീകരിച്ച് 190 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

കൊച്ചി: എറണാകുളം ജില്ലയിൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടുന്നത് കൊച്ചി നഗരത്തിൽ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. ഇന്നലെ മാത്രം എട്ടു പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർ‍ന്നത്. എറണാകുളത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പന്ത്രണ്ട് പേരിൽ എട്ടു പേർക്കും രോഗം പിടിപെട്ടത് സമ്പർക്കത്തിലൂടെയാണ്. 

ബ്രോഡ് വേ മാർക്കറ്റിലെ ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനായ തൃശൂർ സ്വദേശിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളുടെ സഹപ്രവർത്തകനായ 43 വയസുള്ള പച്ചാളം സ്വദേശിയാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ. ഇതേ സ്ഥാപനത്തിനടുത്ത് ഗോഡൗണുള്ളതും ടി ഡി റോഡിൽ പ്രവർത്തിക്കുന്നയുമായ ഒരു സ്ഥാപനത്തിലെ വ്യപാരിയായ 66 വയസുള്ള തോപ്പുംപടി സ്വദേശി, ഇദ്ദേഹത്തിന്റെ ഭാര്യ, മകൻ, മരുമകൾ എന്നിവർക്കൊപ്പം സഥാപനത്തിലെ ജീവനക്കാരിയായ 22 വയസുള്ള എളംകുന്നപ്പുഴ സ്വദേശിനിക്കും രോഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണ്. 

ആദ്യം രോഗം ബാധിച്ച തൃശ്ശൂർ സ്വദേശിയുടെ രണ്ടു സഹപ്രവർത്തകർ തിങ്കളാഴ്ച കൊവിഡ് പോസിറ്റീവായിരുന്നു. ജൂൺ 21ന് രോഗം സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയുടെ ഭാര്യക്കും മൂന്നു വയസ്സുള്ള മകനും രോഗം സ്ഥിരീകരിച്ചിച്ചുണ്ട്. ബ്രോഡ് വേ മാർക്കറ്റിൽ സമ്പർക്കത്തിലൂടെ കൂടുതൽ പേർക്ക് രോഗം പകരാതിരിക്കാൻ മാർക്കറ്റ് അടച്ചു. ഒപ്പം നഗരസഭയുടെ പതിനൊന്നാം വാർഡായ തോപ്പും പടിയും കണ്ടെയ്ൻമെൻറ് സോണാക്കി. 

മാർക്കറ്റിലെ വ്യാപാരസ്ഥാപങ്ങളിലെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവിടുത്തെ 26 പേരുടെ സ്രവം പരിശോധയ്ക്കായി ശേഖരിച്ചു. ജില്ലയിലെ ആശുപത്രികളിൽ കോവിഡ് സ്ഥിരീകരിച്ച് 190 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

click me!