ഗുജറാത്തില്‍ കൊവിഡ് രോഗിയുടെ മൃതദേഹം ബസ് സ്റ്റാന്‍ഡില്‍; അന്വേഷണം

By Web TeamFirst Published May 17, 2020, 4:37 PM IST
Highlights

രോഗി വളരെ ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് കാണിച്ചിരുന്നത്. പുതിയ പ്രോട്ടോക്കോള്‍ പ്രകാരമാണ് അദ്ദേഹത്തെ വീട്ടില്‍ ഐസോലേഷനിലാക്കാന്‍ ധാരണയായത്. മെയ് 14ന് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നുവെന്ന് അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലെ സ്പെഷ്യല്‍ ഓഫീസര്‍ എം എം പ്രഭാകര്‍ പറഞ്ഞു

അഹമ്മദാബാദ്: കൊവിഡ് 19 വൈറസ് ബാധിതനായ രോഗിയുടെ മൃതദേഹം ബസ് സ്റ്റാന്‍ഡില്‍ കണ്ടെത്തി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. മെയ് പത്തിനാണ് 67 വയസുള്ള വയോധികനെ അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഇയാള്‍ക്ക് കൊവിഡ് സ്ഥിരികരിച്ചുവെന്ന് മരണപ്പെട്ടയാളുടെ മകന്‍ പറഞ്ഞു.

മെയ് 15ന് അച്ഛന്‍റെ മൃതദേഹം ബസ് സ്റ്റാന്‍ഡില്‍ നിന്ന് ലഭിച്ചതായി പൊലീസ് വിളിച്ചു പറയുകയായിരുന്നുവെന്നും മകന്‍ കൂട്ടിച്ചേര്‍ത്തു. ലക്ഷണങ്ങള്‍ കാണിക്കാത്ത കൊവിഡ് ആയിരുന്നു മരണപ്പെട്ടയാളെ ബാധിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. വീട്ടില്‍ ഐസോലേഷനില്‍ കഴിയാമെന്ന് എഴുതി നല്‍കിയതോടെ ഇയാള്‍ക്കായി അധികൃതര്‍ ബസ് ഒരുക്കി നല്‍കി.

രോഗി വളരെ ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് കാണിച്ചിരുന്നത്. പുതിയ പ്രോട്ടോക്കോള്‍ പ്രകാരമാണ് അദ്ദേഹത്തെ വീട്ടില്‍ ഐസോലേഷനിലാക്കാന്‍ ധാരണയായത്. മെയ് 14ന് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നുവെന്ന് അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലെ സ്പെഷ്യല്‍ ഓഫീസര്‍ എം എം പ്രഭാകര്‍ പറഞ്ഞു. ആശുപത്രി ഒരുക്കി നല്‍കിയ വാഹനത്തിലാണ് അദ്ദേഹത്തെ വീട്ടിലേക്ക് കൊണ്ട് പോയത്.

വീട്ടിലേക്കുള്ള വഴി വളരെ ഇടുങ്ങിയത് കൊണ്ടാകാം അടുത്തുള്ള ബസ് സ്റ്റാന്‍‍ഡില്‍ ഇറക്കിയത്. രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുന്ന കാര്യത്തെ കുറിച്ച് കുടുംബത്തിന് അറിയാമോയെന്ന കാര്യം പരിശോധിക്കണമെന്നും പ്രഭാകര്‍ പറഞ്ഞു. ബസ് സ്റ്റാന്‍ഡില്‍ എന്തിനാണ് രോഗിയെ ഇറക്കി വിട്ടതെന്നും കുടുംബത്തെ ഡിസ്ചാര്‍ജിന്‍റെ അറിയിച്ചോയെന്ന കാര്യവും അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

click me!