
രാജ്കോട്ട്: സ്വന്തം നാടുകളിലേക്ക് മടങ്ങാൻ സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്തിലെ രാജ്‍കോട്ടില്‍ അത്ഥി തൊഴിലാളികള്‍ പ്രതിഷേധിച്ചു. ഉത്തർപ്രദേശിലേക്കും ബീഹാറിലേക്കും അതിഥി തൊഴിലാളികളെ കൊണ്ടുപോവേണ്ട ശ്രമിക് ട്രെയിനുകൾ പെട്ടെന്ന് റദ്ദാക്കിയതാണ് രാജ്കോട്ടിലെ പ്രകോപനം. നിരവധി വാഹനങ്ങൾ പ്രതിഷേധക്കാര്‍ തല്ലിത്തകർത്തു.
തെരുവിലിറങ്ങിയ ആയിരത്തോളം തൊഴിലാളികളെ പൊലീസ് ബാരിക്കേഡ് തീർത്ത് തടയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പൊലീസിനെതിരെ കല്ലെറിഞ്ഞ തൊഴിലാളികൾ വാഹനങ്ങൾ തല്ലിത്തകർത്തു.
പൊലീസ് സൂപ്രണ്ട് അടക്കമുള്ളവർക്കും ചില മാധ്യമപ്രവർത്തകർക്കും പരിക്കേറ്റു. ലാർത്തിച്ചാർജ് നടത്തിയ പൊലീസ് നിരവധി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. അക്രമികളെ വെറുതെ വിടില്ലെന്ന് രാജ്കോട്ട് പൊലീസ് സൂപ്രണ്ട് ബൽറാം മീണ പറഞ്ഞു. നാട്ടിലേക്ക് പോകാൻ സൗകര്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഗുജറാത്തിലെ സൂറത്തിലും തൊഴിലാളികൾ അക്രമം അഴിച്ച് വിട്ടിരുന്നു.
ഉത്തർപ്രദേശിൽ സഹരൻപൂരിൽ ബീഹാറിൽ നിന്നുള്ള അതിഥി തൊഴിലാളികളാണ് വൻ പ്രതിഷേധം സംഘടിപ്പിച്ചത്.
ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയാണ് തൊഴിലാളികൾ പ്രതിഷേധം നടത്തിയത്. നാട്ടിലേക്ക് മടങ്ങാൻ സ്വന്തം സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് വടിയും കല്ലുകളുമായി തൊഴിലാളികൾ പ്രതിഷേധിച്ചത്. സ്ഥലത്ത് വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. കാൺപൂർ ലഖ്നൗ ഹൈവേയിലും സമാന രീതിയിൽ പ്രതിഷേധം തുടങ്ങിയെങ്കിലും പൊലീസ് തടഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam