മഹാരാഷ്ട്രയിൽ അതിവേഗം പടർന്ന് കൊവിഡ്; ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 12 പേർക്ക്

By Web TeamFirst Published Mar 15, 2020, 12:36 PM IST
Highlights

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് 19 രോഗികളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. പൂനെയിൽ മാത്രം 15 രോഗികളാണ് ഉള്ളത്.

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് 19 അതിവേഗം പടരുകയാണ്. ഇന്നലെ മാത്രം 12 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയിൽ ആകെ രോഗികളുടെ എണ്ണം 31 ആയി. 

രാജ്യത്ത് ഏറ്റവുമധികം കൊവിഡ് 19 രോഗികളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. പൂനെയിൽ മാത്രം 15 രോഗികളാണ് ഉള്ളത്. മുംബൈയിൽ അഞ്ചും നാഗ്പൂരിൽ നാലും യവത്മാളിൽ രണ്ടും പനവേൽ, നവിമുംബൈ, കല്ല്യാൺ, അഹമ്മദ് നഗർ, താനെ എന്നിവിടങ്ങളിൽ ഓരോ കേസും സ്ഥിരീകരിച്ചു. നൂറുകണക്കിന് പേരാണ് രോഗ ലക്ഷണങ്ങളോടെ സംസ്ഥാനത്താകെ ചികിത്സയിലുള്ളത്. നവിമുംബൈയിൽ രോഗം സ്ഥിരീകരിച്ചത് ഒരു ഫിലിപ്പൈൻസ് സ്വദേശിക്കാണ്. 

ബുൽധാനയിൽ രോഗലക്ഷണങ്ങളോടെ മരിച്ചയാളുടെ സ്രവ പരിശോധനാ ഫലം കിട്ടിയില്ല . അതിനിടെ, അഹമ്മദ് നഗറിൽ രോഗലക്ഷണങ്ങളുമായി ചികിത്സയിലുള്ള മൂന്ന് പേർ ആശുപത്രിയിൽ നിന്ന് ചാടിപ്പോയി. ഇവർക്കായി തിരച്ചിൽ തുരുകയാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സിനിമാ തിയേറ്ററുകൾ, മാളുകൾ അടക്കം ആളുകൾ ഒത്തുകൂടാൻ സാധ്യതയുള്ള ഇടങ്ങളെല്ലാം അടച്ചു.

പൊലീസിന്‍റെ കർശന നിർദ്ദേശത്തെ തുടർന്ന് ട്രാവൽ ഏജൻസികൾ വിനോദയാത്രകളെല്ലാം നിർത്തി. വിദേശത്ത് പോയി വന്നവരുടെ വിവരങ്ങൾ കൈമാറാൻ ഇന്നലെ സർക്കാർ ആവശ്യപ്പെട്ടിരുന്നു. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തത്തോടെ കൂടുതൽ ഐസൊലേഷൻ ബെഡുകൾ സംസ്ഥാനത്ത് വർധിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. 

click me!