
ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 122 പേരെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 2415 ആയി. രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 74,281 ആയി. രോഗം ബാധിച്ച് നിലവിൽ ചികിത്സയിലുള്ളത് 47,480 പേരാണ്. 24,386 പേർക്ക് രോഗം ഭേദമായി.
ലോക്ക്ഡൗൺ മൂന്നാം ഘട്ടം പൂർത്തിയാകാൻ നാല് ദിവസം മാത്രം ബാക്കി നിൽക്കെയാണ് മരണസംഖ്യ കൂടുന്നത്. ആശങ്ക കൂട്ടുന്നത് തന്നെയാണ് ഇന്ന് പുറത്തുവന്ന കണക്കുകൾ. നാലാം ലോക്ക്ഡൗണുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച വ്യക്തമാക്കിയെങ്കിലും ഇളവുകൾ കൂടി പ്രഖ്യാപിക്കുമ്പോൾ ജാഗ്രത പുലർത്തേണ്ടി വരും. ഇല്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നുറപ്പ്.
ഇപ്പോഴും മഹാരാഷ്ട്രയിൽത്തന്നെയാണ് കേസുകളുടെ എണ്ണം കുത്തനെ ഉയരുന്നതും രാജ്യത്ത് തന്നെ ഏറ്റവും മുന്നിൽ നിൽക്കുന്നതും. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1230 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗം ഇരട്ടിയാകുന്നതിന്‍റെ ഇടവേള 10.24 ദിവസങ്ങളാണ്. ഒരാഴ്ച ഏതാണ്ട് കേസുകളിൽ 7 ശതമാനത്തിന്‍റെ വർദ്ധനയുണ്ടാകുന്നു.
ഏറ്റവും ആശങ്കയുയർത്തുന്നത് ഗുജറാത്താണ്. രോഗബാധിതരുടെ എണ്ണം ഏറ്റവും കൂടുതൽ മഹാരാഷ്ട്രയിലാണെങ്കിലും മരണനിരക്ക് ഏറ്റവും കൂടുതൽ ഗുജറാത്തിലാണ്. ഇവിടെ കഴിഞ്ഞ 24 മണിക്കൂറിൽ 348 പേർക്ക് മാത്രമേ രോഗം സ്ഥിരീകരിച്ചുള്ളൂ എന്നത് തൽക്കാലം ആശ്വാസമാണ്.
തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതൽ ആശങ്ക. ദില്ലിയല്ല, ഇപ്പോൾ കേസുകളുടെ എണ്ണത്തിൽ തമിഴ്നാടാണ് മൂന്നാമത്. 8002 രോഗബാധിതരാണ് തമിഴ്നാട്ടിലുള്ളത്. കേസുകൾ ഏറ്റവും വേഗത്തിൽ ഇരട്ടിക്കുന്നത് ഇവിടെയാണ്. 24 മണിക്കൂറിനിടെ 798 പേരാണ് തമിഴ്നാട്ടിൽ രോഗബാധിതരായത്. അതീവഗുരുതരമാണ് സ്ഥിതിഗതികൾ. ഏഴ് ദിവസത്തിൽ ശരാശരി 12.31 ശതമാനം രോഗികൾ തമിഴ്നാട്ടിൽ കൂടുന്നത് കേരളത്തിന് കടുത്ത ആശങ്കയാണ്. അഞ്ചരദിവസത്തിലൊരിക്കൽ രോഗികളുടെ എണ്ണം ഇരട്ടിക്കുകയും ചെയ്യുന്നു ചെയ്യുന്നു.
ദില്ലിയാണ് രോഗബാധിതരുടെ എണ്ണത്തിൽ നാലാം സ്ഥാനത്ത്. 24 മണിക്കൂറിൽ 13 മരണം റിപ്പോർട്ട് ചെയ്തത് രാജ്യതലസ്ഥാനത്തിന് കടുത്ത ആശങ്കയാണ്. 24 മണിക്കൂറിൽ 798 രോഗബാധിതർ കൂടുകയും ചെയ്തു. കണ്ടെയ്ൻമെന്‍റ് സോണുകളിലല്ലാതെ ഇളവുകൾ പ്രഖ്യാപിക്കാൻ തയ്യാറായിരിക്കുകയാണ് ദില്ലി സർക്കാർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam