രാജ്യത്ത് വാണിജ്യ പാചകവാതക ക്ഷാമം രൂക്ഷമായതോടെ, പഴയൊരു സോഷ്യൽ മീഡിയ പ്രവചനം വൈറലാകുന്നു. 2026 മാർച്ചിനുശേഷം ഇന്ത്യയിൽ പെട്രോളിയം, പ്രകൃതിവാതക വിതരണം തടസ്സപ്പെടും എന്നായിരുന്നു പോസ്റ്റ്.

ദില്ലി: രാജ്യത്ത് വാണിജ്യ പാചകവാതക ക്ഷാമം രൂക്ഷമാകുന്നതിനിടെ കഴിഞ്ഞ വർഷത്തെ ഒരു പ്രവചനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 2025 സെപ്റ്റംബറിൽ പ്രശാന്ത് കിനി എന്നയാൾ സാമൂഹിക മാധ്യമമായ എക്‌സിൽ പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോൾ വൈറലാകുന്നത്. 2026 മാർച്ചിനുശേഷം ഇന്ത്യയിൽ പെട്രോളിയം, പ്രകൃതിവാതക വിതരണം തടസ്സപ്പെടും എന്നായിരുന്നു പോസ്റ്റ്. 5 മാസം മുൻപുള്ള പ്രവചനം എന്നു പറഞ്ഞ് പ്രശാന്ത് കിനി തന്‍റെ പോസ്റ്റ് വീണ്ടും ഷെയർ ചെയ്തതോടെ വൈറലായി. അതോടെ ഈ പ്രതിസന്ധി എപ്പോൾ തീരുമെന്ന് പറയാമോ എന്നായി നെറ്റിസണ്‍സിന്‍റെ ചോദ്യം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2026 മാർച്ചിനു ശേഷം ഇന്ത്യ ഇന്ധന, പ്രകൃതിവാതക ക്ഷാമം നേരിടുമെന്നും ഇന്ധന വിതരണം തടസ്സപ്പെടുമെന്നുമാണ് പ്രശാന്ത് കിനി 5 മാസം മുൻപ് കുറിച്ചത്. ഇറാനെതിരായ ഇസ്രയേൽ - യുഎസ് സംയുക്ത നീക്കത്തിനിടെ ആഗോള തലത്തിൽ എണ്ണ വ്യാപാരം തടസപ്പെട്ടതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. വാണിജ്യ സിലിണ്ടറുകളുടെ ദൌർലഭ്യം ഹോട്ടൽ മേഖലയെ ആണ് പ്രധാനമായും ബാധിച്ചത്. മുംബൈ, ബെംഗളൂരു, കൊൽക്കത്ത എന്നിവയുൾപ്പെടെ പ്രധാന നഗരങ്ങളിൽ ഇതിന്റെ പ്രത്യാഘാതങ്ങൾ അനുഭവപ്പെട്ടു കഴിഞ്ഞു. പലയിടങ്ങളിലും ഹോട്ടലുകൾ അടച്ചപ്പോൾ ചിലർ വിറകടുപ്പിലേക്ക് മാറി.

ക്ഷാമമില്ലെന്ന് കേന്ദ്രം

വീടുകൾ, ആശുപത്രികൾ, മറ്റ് അവശ്യ സേവനങ്ങൾ എന്നിവയ്ക്ക് എൽപിജി വിതരണത്തിന് മുൻഗണന നൽകുമെന്നാണ് കേന്ദ്ര സർക്കാരിന്‍റെ അറിയിപ്പ്. ഗാർഹിക സിലിണ്ടർ ബുക്കിംഗ് കാലയളവ് 21 ൽ നിന്ന് 25 ദിവസമായി നീട്ടി. ഗ്രാമപ്രദേശങ്ങളിൽ ഇത് 45 ദിവസമാണ്. പാചക വാതക വിതരണത്തിന്‍റെ കാര്യത്തിൽ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. ഗാര്‍ഹിക ആവശ്യത്തിനുള്ള എൽപിജി ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും അനാവശ്യമായി പാനിക് ബുക്കിങ് നടത്തരുതെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. ചെറിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് വലിയ പ്രതിസന്ധി ഒഴിവാക്കാനാണെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

Scroll to load tweet…