'കൊവിഡിന് പാരസെറ്റാമോൾ മതി, ചൂട് കാലാവസ്ഥയിൽ വൈറസ് വ്യാപിക്കില്ല' തെലങ്കാന മുഖ്യമന്ത്രിയുടെ പ്രസ്താവന

By Web TeamFirst Published Mar 14, 2020, 2:02 PM IST
Highlights

താപനില വര്‍ധിക്കുമ്പോള്‍ സാധാരണ പനി പോലെ കൊറോണവൈറസ് അപ്രത്യക്ഷമാകുമെന്നത് തെറ്റായ പ്രചാരണമാണ്. അത്തരത്തിലൊരു നിഗമനത്തിലെത്താന്‍ ഇപ്പോള്‍ നമുക്ക് കഴിയില്ലെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുള്ളപ്പോഴാണ് ചന്ദ്രശേഖർ റാവുവിന്‍റെ പ്രസ്താവന. 

തെലങ്കാന: കൊവിഡ് 19 രോഗത്തിന് പാരസെറ്റമോൾ ചികിത്സ മതിയെന്ന് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു. ഇരുപത്തിരണ്ട് ഡിഗ്രി സെൽഷ്യസിൽ അധികമുളള ചൂട് വൈറസിന് നിലനിൽക്കാനാവില്ലെന്നും സംസ്ഥാനത്ത് അതിനാൽ ആശങ്ക വേണ്ടെന്നും ചന്ദ്രശേഖര റാവു നിയമസഭയിൽ പറഞ്ഞു. വിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷമാണ് പ്രസ്താവനയെന്നും റാവു വ്യക്തമാക്കി. 

എന്നാൽ ഇത്തരം വാദങ്ങൾ നേരത്തെ തന്നെ വിദഗ്ധർ തള്ളിയിരുന്നതാണ്. അന്തരീക്ഷ ഊഷ്മാവ് ഉയർന്ന പ്രദേശങ്ങളിൽ വൈറസ് പടരില്ല എന്നതിന് ശാസ്ത്രീയമായ അടിത്ത ഒന്നും തന്നെയില്ല. ലോകാരോഗ്യ സംഘടന തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 

'താപനില വര്‍ധിക്കുമ്പോള്‍ സാധാരണ പനി പോലെ കൊറോണവൈറസ് അപ്രത്യക്ഷമാകുമെന്നത് തെറ്റായ പ്രചാരണമാണ്. അത്തരത്തിലൊരു നിഗമനത്തിലെത്താന്‍ ഇപ്പോള്‍ നമുക്ക് കഴിയില്ല'.-ലോക ആരോഗ്യ സംഘടന എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്ക് റയാന്‍ പറഞ്ഞു.  

ചൈനയിലെ രോഗം പടര്‍ന്ന സമയത്തെ താപനിലയും രോഗം കുറഞ്ഞപ്പോഴുള്ള താപനിലയും താരതമ്യം ചെയ്ത് ചിലര്‍ നടത്തിയ പഠനത്തില്‍ താപനില വൈറസ് ബാധയെ സ്വാധീനിക്കുമെന്ന് അവകാശപ്പെട്ടെങ്കിലും അന്താരാഷ്ട്ര ശാസ്ത്ര സമൂഹം അംഗീകരിച്ചിട്ടില്ല. എന്നാല്‍, ഹാര്‍വാര്‍ഡ് ടി എച്ച് ചാന്‍ സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനത്തില്‍ കൊറോണവൈറസ് എല്ലാ കാലവാസ്ഥിയലും പടരാന്‍ സാധ്യതയുണ്ടെന്നും അവകാശപ്പെട്ടിരുന്നു. ഇന്ത്യയില്‍ കൊവിഡ് 19 ആദ്യം റിപ്പോര്‍ട്ട് ചെയ്ത കേരളത്തില്‍ ഈര്‍പ്പമുള്ളതും അതേസമയം, 32 ഡിഗ്രി സെല്‍ഷ്യസ് താപനിലയായതുമായ കാലാവസ്ഥയാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

click me!