കൊവിഡ് പരിശോധന പാവപ്പെട്ടവ‍ർക്ക് മാത്രം സൗജന്യം: സ്വന്തം ഉത്തരവ് തിരുത്തി സുപ്രീംകോടതി

By Web TeamFirst Published Apr 13, 2020, 11:23 PM IST
Highlights
കൊവിഡ് പരിശോധന എല്ലാവർക്കും സൗജന്യമാക്കിയ ഉത്തരവിനെതിരെ സ്വകാര്യ ലാബുകൾ നൽകിയ ഹ‍ർജിയിലാണ് സുപ്രീംകോടതി സ്വന്തം ഉത്തരവ് തിരുത്തിയത്. എല്ലാവരും ടെസ്റ്റ് ചെയ്യാനെത്തിയാൽ ആവശ്യമുള്ളവരുടെ സാമ്പിളുകൾ പരിശോധിക്കാൻ വൈകുമെന്നായിരുന്നു സ്വകാര്യ ലാബുകളുടെ ന്യായം.
ദില്ലി: കൊവിഡ് പരിശോധന എല്ലാവർക്കും സൗജന്യമാക്കണമെന്ന സുപ്രീംകോടതി സ്വന്തം ഉത്തരവ് തിരുത്തി. സ്വകാര്യലാബുകൾ എല്ലാവർക്കും സൗജന്യ പരിശോധന നടത്തണമെന്ന ഉത്തരവാണ് കോടതി തന്നെ തിരുത്തിയത്. 'ആയുഷ്മാൻ ഭാരത്' യോജന പ്രകാരം ഇൻഷൂറൻസുള്ള പാവപ്പെട്ടവർക്ക് മാത്രമേ പരിശോധന സൗജന്യമായി നടത്തേണ്ടതുള്ളൂ എന്നാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്. ടെസ്റ്റിനുള്ള പണം നൽകാൻ കഴിയുന്നവർക്കും പരിശോധന സൗജന്യമാക്കണമെന്ന് ഉദ്ദേശമുണ്ടായിരുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ഏപ്രിൽ 8-നാണ് സ്വകാര്യ ലാബുകളോട് അടക്കം കൊവിഡ് പരിശോധന സൗജന്യമായി നടത്താൻ സുപ്രീംകോടതി ഉത്തരവിട്ടത്. അതുവരെ ഒരു പരിശോധനയ്ക്ക് 4500 രൂപ വീതം ഈടാക്കാൻ സ്വകാര്യ ലാബുകൾക്ക് അനുമതിയുണ്ടായിരുന്നു. 

എന്നാൽ ഇതിനെതിരെ സ്വകാര്യ ലാബുകൾ തന്നെ സുപ്രീംകോടതിയെ സമീപിച്ചു. ഓർത്തോപീഡിക് സർജനായ കൗശൽ കാന്ത് മിശ്ര നൽകിയ ഹർജിയിൽ എല്ലാവരും ടെസ്റ്റ് ചെയ്യാനെത്തിയാൽ ആവശ്യമുള്ളവരുടെ സാമ്പിളുകൾ പരിശോധിക്കാൻ വൈകുമെന്നായിരുന്നു ന്യായം. മറ്റൊരു സ്വകാര്യ ലാബ് നൽകിയ ഹർജിയിൽ ഇത് ചെറു ലാബുകൾക്ക് അടക്കം വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി.

ഇവരുടെ വാദങ്ങൾ പരിശോധിച്ചാണ് സുപ്രീംകോടതി മുൻ ഉത്തരവ് തിരുത്താൻ തീരുമാനിച്ചത്. നിലവിൽ ആയുഷ്മാൻ ഭാരത് പ്രകാരം ഇൻഷൂറൻസ് പരിരക്ഷയുള്ള സാമ്പത്തിക പരാധീനതയുള്ള വിഭാഗങ്ങൾക്ക് സൗജന്യപരിശോധന നടത്താൻ കഴിയുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ പാവപ്പെട്ടവർക്കും, കേന്ദ്രസർക്കാർ നിർദേശിക്കുന്ന ചട്ടമനുസരിച്ച്, ടെസ്റ്റിംഗ് നടത്താൻ കഴിയാത്ത സാമ്പത്തിക പരാധീനതയുള്ളവർക്കും മാത്രം സ്വകാര്യ ലാബുകളിൽ സൗജന്യ പരിശോധന നടത്തിയാൽ മതിയെന്ന് സുപ്രീംകോടതി തീരുമാനിക്കുകയായിരുന്നു.
click me!