
ബെംഗളൂരു: അഹമ്മദാബാദിൽ നിന്ന് കൊവിഡ് ഭേദമായി കർണാടകത്തിലെ ചിത്രദുർഗയിലെത്തിയ മൂന്ന് പേർക്ക് വീണ്ടും രോഗബാധ സ്ഥിരീകരിച്ചു. അഹമ്മദാബാദിൽ നിന്ന് ബസിൽ കർണാടകത്തിലെത്തിയ സംഘത്തിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. വീണ്ടും രോഗം സ്ഥിരീകരിച്ച മൂന്ന് പേരെയും നിരീക്ഷണ കാലാവധി കഴിഞ്ഞ് അഹമ്മദാബാദിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തിരുന്നു.
കർണാടകത്തിലെത്തിയ 33 അംഗ സംഘത്തിലെ 9 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ ഇന്ന് 41 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കർണാടകത്തിലെ ആകെ രോഗികളുടെ എണ്ണം 794 ആയി. ഇത് തുടർച്ചയായി രണ്ടാം ദിവസമാണ് സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകുന്നത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ ബെംഗളൂരുവിൽ നിന്നാണ്. ഉത്തര കന്നഡയിലെ എട്ട് പേർക്കും, തുംകൂരുവിലെ നാല് പേർക്കും, ബിദാർ, ചിത്രദുർഗ, ദക്ഷിണ കന്നഡ ജില്ലകളിൽ മൂന്ന് പേർക്ക് വീതവും രോഗം സ്ഥിരീകരിച്ചു. വിജയപുരയിലും ചിക്കബല്ലപൂരിലും ഓരോ ആൾക്കും രോഗം സ്ഥിരീകരിച്ചു.
കർണാടകത്തിൽ ഇന്ന് 10 പേരാണ് രോഗമുക്തരായത്. ഇത് വരെ സംസ്ഥാനത്ത് 386 പേരാണ് രോഗമുക്തരായത്.