
ദില്ലി: കൊവിഡ് പ്രതിസന്ധികാലത്തിൽ നിന്ന് എന്ന് മോചനമെന്നറിയാതെ കാത്തിരിക്കുന്ന ഇന്ത്യയ്ക്ക് പ്രതീക്ഷയുമായി പുനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പ്രഖ്യാപനം. ഓക്സ്ഫഡ് പ്രതിരോധമരുന്ന് ഡിസംബറോടെ വിപണിയിലെത്തുമെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പി സി നമ്പ്യാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 20 കോടി പേർക്ക് ജനുവരിയ്ക്ക് മുമ്പ് മരുന്ന് നൽകാനാകുമെന്നാണ് പ്രതീക്ഷ. ഓക്സ്ഫഡ് പ്രതിരോധമരുന്നിന്‍റെ മൂന്നാംഘട്ട പരീക്ഷണം പുനെ സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ തുടങ്ങിയിരുന്നില്ല.
മൂന്നാംഘട്ട പരീക്ഷണത്തിന് ശേഷം പ്രതിരോധമരുന്ന് വിൽക്കാനുള്ള അനുമതി തേടുമെന്ന് ഡോ. പി സി നമ്പ്യാർ വ്യക്തമാക്കി. ഉത്പാദനം തുടങ്ങി വയ്ക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ വിൽക്കാൻ ഇപ്പോൾ കഴിയില്ല. എല്ലാ ഘട്ടവും പൂർത്തിയാക്കി അനുമതി കിട്ടിയ ശേഷമേ വിൽപന തുടങ്ങാനാകൂ. അടുത്ത ജൂണോടെ എല്ലാവർക്കും വാക്സിൻ നൽകാനാകുമെന്നും, പ്രാഥമികമായി മരുന്ന് പുനെയിലാകും ഉത്പാദിപ്പിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ 17 ആശുപതികളിലെ 1400 പേരിലാണ് മൂന്നാം ഘട്ട മനുഷ്യ പരീക്ഷണം നടക്കുക. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്സിന് പുറമെ തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്സിൻ ഉൾപ്പെടെ രണ്ട് വാക്സിനുകളുടെ ആദ്യ ഘട്ട പരീക്ഷണം പൂർത്തിയായിട്ടുണ്ട്.
ആദ്യദിനം നൂറ് പേരിൽ വാക്സിൻ കുത്തിവച്ചതായാണ് റിപ്പോർട്ടുകൾ. പുനെ, മഹാരാഷ്ട്ര, അഹമ്മദാബാദ് എന്നിവിടങ്ങളിലായാണ് പ്രധാനപരീക്ഷണകേന്ദ്രങ്ങൾ. ദില്ലി എയിംസ്, സേഥ് ജിഎസ് മെഡിക്കൽ കോളേ, മുംബൈ, കെഇഎം ആശുപത്രി, മുംബൈ, ജിപ്‍മെർ ചണ്ഡീഗഢ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പേർ മൂന്നാംഘട്ട പരീക്ഷണത്തിന് വിധേയരാവുക.
പരീക്ഷണത്തിന് വിധേയരാവുന്ന എല്ലാവരിൽ നിന്നും, ഒരു സമ്മതപത്രം എഴുതിവാങ്ങിയിട്ടുണ്ട്. എല്ലാ തരത്തിലും പരീക്ഷണപ്രോട്ടോക്കോൾ പാലിച്ച്, നിശ്ചിതപ്രദേശത്ത് തന്നെ താമസിച്ചാകും ഇവർ പരീക്ഷണത്തിന് വിധേയരാവുക. ഇവരിൽ പനിയോടുകൂടിയതോ അല്ലാത്തതോ അല്ലാത്ത ഏതെങ്കിലും അസുഖമുണ്ടായാൽ അവരെ മാറ്റിനിർത്തുകയും ചെയ്യും.
വിപണിയിലിറക്കാൻ അനുമതി കിട്ടിയാൽ പിന്നെ ആർക്കാകും വാക്സിൻ നൽകുന്നതിൽ ആദ്യപരിഗണന എന്നതും ചോദ്യമാണ്. ഇതുവരെ രോഗബാധ വന്നിട്ടില്ലാത്തവർക്ക് ആദ്യമായി വാക്സിൻ നൽകാൻ തീരുമാനിച്ചേക്കുമെന്നാണ് സൂചന. രോഗം വന്നവർക്ക് രക്തത്തിൽ ആന്‍റിബോഡികളുണ്ടാകും എന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരിക്കൽ രോഗം വന്ന് മാറിയവർക്ക് വീണ്ടും രോഗം വന്ന കേസുകൾ വിരളമാണ്. അതിനാൽ പ്രാഥമികപരിഗണനാപട്ടികയിൽ ഒരിക്കൽ രോഗം വന്നവരുണ്ടായേക്കില്ല എന്നതാണ് വിവരം. അതേസമയം, മറ്റ് അസുഖങ്ങളുള്ള അതീവശ്രദ്ധ ആവശ്യമുള്ളവർക്കും ആദ്യഘട്ടത്തിൽ പ്രഥമപരിഗണന നൽകി വാക്സിൻ നൽകിയേക്കും.
അതേസമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം മുപ്പത് ലക്ഷത്തിലേക്ക് അടുക്കുകയാണ്. വിവിധ സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കു പ്രകാരം പ്രതിദിന രോഗ ബാധ അറുപതിനായിരത്തിന് മുകളിലെത്തിയേക്കും. മഹാരാഷ്ട്രയില്‍ ഇന്നലെ 14,161 പേര്‍ രോഗ ബാധിതരായി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും രോഗ ബാധാനിരക്ക് ഉയരുകയാണ്. ആന്ധ്രയില്‍ 9,544, കര്‍ണാടകയില്‍ 7,571, തമിഴ്‍നാട്ടില്‍ 5,995 എന്നിങ്ങനെയാണ് ഇന്നലെ പുതുതായി രോഗബാധിതരായവരുടെ കണക്ക്. ഉത്തര്‍ പ്രദേശില്‍ 4,991 പേര്‍ക്കും പശ്ചിമ ബംഗാളില്‍ 3,245 പേര്‍ക്കും ഇന്നലെ രോഗം പുതുതായി സ്ഥിരീകരിച്ചു.
കൊവിഡ് രണ്ട് വര്‍ഷത്തിനുള്ളില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ലോകാരോഗ്യസംഘടനാ മേധാവി ട്രെഡോസ് അഥാനം ഗബ്രിയേസുസ് വ്യക്തമാക്കിയത്. 1918-ല്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്‌ളൂ രണ്ട് വര്‍ഷം കൊണ്ട് ഇല്ലാതായി. സാങ്കേതിക വിദ്യ വികസിച്ച ഇക്കാലത്ത് കൊവിഡ് 19 ഇല്ലാതാകാന്‍ അത്രയും സമയം വേണ്ടിവരില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രോഗം പടര്‍ന്ന് പിടിക്കാനുള്ള സാധ്യത മുമ്പേത്തിനേക്കാള്‍ ഇപ്പോള്‍ കൂടുതലാണ്. ദേശീയ ഐക്യവും ലോക സാഹോദര്യവും പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam