ജാതിക്കയും ഗ്രാമ്പുവും കര്‍പ്പൂരവും ചേര്‍ന്ന 'വൈറസ് കാര്‍ഡ്'; കൊവിഡിന്‍റെ പേരില്‍ തട്ടിപ്പ്

By Web TeamFirst Published Nov 23, 2020, 9:18 AM IST
Highlights

അറുപത് ദിവസം വരെ കഴുത്തിലണിഞ്ഞു നടന്നാല്‍ വൈറസില്‍ നിന്ന് പരിരക്ഷ എന്നാണ് വാഗ്ദാനം. ഒന്നിന് 250 രൂപവരെയാണ് വില.

ദില്ലി: കൊവിഡ് പ്രതിരോധത്തിന്‍റെ പേരില്‍ ദില്ലിയില്‍ വ്യാജ മരുന്നുകള്‍ പ്രചരിക്കുന്നു. വൈറസ് കാര്‍ഡ് എന്ന പേരിലുള്ള ഉല്പന്നം കഴുത്തിലിട്ട് നടന്നാല്‍ അറുപത് ദിവസം രോഗ പ്രതിരോധമുണ്ടാകുമെന്നാണ് വാദ്ഗാനം. മെഡിക്കല്‍ ഷോപ്പുകള്‍ വഴിയാണ് മേല്‍വിലാസം പോലുമില്ലാത്ത വ്യാജമായ ഈ പ്രതിരോധ കാര്‍ഡുകളുടെ വില്‍പന. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം തുടരുന്നു.

ദില്ലിയിലെ തിരക്കുള്ള ചാന്ദ്നി ചൗക്കിലാണ് ഏഷ്യാനെറ്റ് ന്യൂസ് സംഘം രാകേഷ് എന്നായാളെ കണ്ടത്. ഇയാളുടെ കഴുത്തില്‍ തിരിച്ചറിയല്‍ കാര്‍ഡുപോലെ എന്തോ കിടക്കുന്നുണ്ടായിരുന്നു. ചോദിച്ചപ്പോള്‍ കൊവിഡിനെ തുരത്താനുള്ള മരുന്നായിരുന്നു മറുപടി. വൈറസ് കാര്‍ഡുകിട്ടുന്ന സ്ഥലവും കൃത്യമായി പറഞ്ഞു തന്നു. വിലാസം പിന്തുടര്‍ന്ന ഏഷ്യാനെറ്റ് ന്യൂസ് സംഘം എത്തിയത് ദില്ലിയിലെ ഒട്ടുമിക്ക ഇടങ്ങളിലേക്കും മരുന്നുവിതരണം ചെയ്യുന്ന മൊത്തവ്യാപാരകേന്ദ്രത്തിലാണ്. ചെന്നുകയറിയ കടയില്‍ തന്നെ സാധനമുണ്ട്. പത്തെണ്ണടങ്ങിയ രണ്ട് കെട്ട് ഞങ്ങള്‍ക്ക് മുന്നിലേക്ക് എടുത്തിട്ട് വൈറസ് കാര്‍ഡിന്‍റെ ഗുണഗണങ്ങളെപ്പറ്റി കടയുടമ വിശദീകരിച്ചു.

അറുപത് ദിവസം വരെ കഴുത്തിലണിഞ്ഞു നടന്നാല്‍ വൈറസില്‍ നിന്ന് പരിരക്ഷ എന്നാണ് വാഗ്ദാനം. ഒന്നിന് 250 രൂപ കവറില്‍ വിലയുണ്ടെങ്കിലും എണ്ണം കൂടുതലെടുത്തതിനാല്‍ നൂറ് രൂപയില്‍ താഴെയായിട്ടാണ് വില്‍പ്പന. എന്താണ് കവറിലുള്ളതെന്നറിയാന്‍ ഏഷ്യാനെറ്റ് ന്യൂസ് സംഘം വൈറസ് കാര്‍ഡ് ദില്ലിയിലെ കൊവിഡ് പ്രതിരോധരംഗത്ത് പ്രവര്‍ത്തിക്കുന്ന ചീഫ് മെഡിക്കല്‍ ഓഫീസറെ സമീപിച്ചു. ജാതിക്കയും ഗ്രാമ്പുവും കര്‍പ്പൂരവുമാണ് കാര്‍ഡിനുള്ളില്‍ ഉള്ളത്. ഹോമിയോ മെഡിക്കല്‍ കോളേജ് കമ്പനിയുടെ പശ്ചാത്തലവും അന്വേഷിച്ചു. സെവന്‍സ്റ്റാര്‍ എന്‍റര്‍പ്രൈസസ് ഇന്ത്യ എന്ന മേല്‍വിലാസത്തിലുള്ള അന്വേഷണമെത്തിയത് സ്കൂള്‍ ബാഗ് നിര്‍മാണ കമ്പനിയിലാണ്. വിളിച്ചു ചോദിച്ചപ്പോള്‍ വൈറസ് കാര്‍ഡിനെപ്പറ്റി അറിയില്ലെന്നായിരുന്നു മറുപടി.

click me!