
ദില്ലി: നാഗ്രോട്ടാ ഏറ്റുമുട്ടലിൽ പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത്. പത്താൻകോട്ട് ആക്രമണത്തിന്റെ സൂത്രധാരനായ ജെയ്ഷേ ഭീകരൻ കാസിം ജാനിന്റെ കീഴിൽ പരിശീലനം നേടിയവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ചാവേർ ആക്രമണം ലക്ഷ്യമിട്ട ഇവർക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ സഹായവും ലഭിച്ചെന്നും സംയുക്ത അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നു. ഇതിനിടെ സാമ്പായിലെ അന്തരാഷ്ട്ര അതിർത്തിയിൽ ഭീകരർ ഉപയോഗിച്ചെന്ന് സംശയിക്കുന്ന തുരങ്കം കണ്ടെത്തി.
നഗ്രോട്ടാ ഏറ്റമുട്ടലിൽ പങ്കുണ്ടെന്ന് ഇന്ത്യയുടെ വാദം അടിസ്ഥാനരഹിതമാണെന്ന പാകിസ്ഥാന്‍റെ പ്രസ്താവനക്ക് പിന്നാലെയാണ്
പാകിസ്ഥാനെ പ്രതിക്കൂട്ടിലാക്കുന്ന കൂടുതൽ തെളിവുകൾ പുറത്ത് വന്നത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് ഭീകരരും ഇന്ത്യയിലേക്ക് കടന്നത് വിവിധയിടങ്ങളിൽ ചാവേർ ആക്രമണം ലക്ഷ്യമിട്ടാണെന്നാണ് സൈന്യവും ജമ്മു കശ്മീർ പൊലീസും അടങ്ങുന്ന സംയുക്ത അന്വേഷണ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത് . ഇതിനായി ഇവർക്ക് പരിശീലനം നൽകിയത് പഠാൻകോട്ട് ആക്രമണത്തിന്‍റെ സൂത്രധാരനായ കാസിം ജാനാണ്. ജെയ്ഷേ മുഹമ്മദ് തലവൻ മസൂദ് അസറിന്‍റെ സഹോദരൻ അസ്ക്കർ റൗഫിന്റെ കീഴിലാണ് കാസിമിന്‍റെ പ്രവർത്തനം. തെക്കൻ കശ്മീരിലെ ഭീകരരപ്രവർത്തനങ്ങൾക്ക് ഇയാളാണ് ചുക്കാൻ പിടിക്കുന്നത്.
ഭീകരരുടെ കൈയിൽ നിന്നും കണ്ടെത്തിയ വാർത്താവിനിമയ ഉപകരണങ്ങളും ഫോണുകളുംപരിശോധിച്ചതിൽ നിന്ന് ഇവരുടെ സഞ്ചാരപാതയും കണ്ടെത്തി. സാമ്പാ അതിർത്തിയിലേക്ക് മുപ്പത് കിലോമീറ്റർ വനത്തിലൂടെ കാൽനടയായി ഇവർ യാത്ര നടത്തി. ഇതിനിടെ സാംബയിലെ അന്താരാഷ്ട്ര അതിർത്തിയിൽ ബിഎസ്എഫും ജമ്മു കശ്മീർ പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിൽ തുരങ്കം കണ്ടെത്തിയത്. ഈ തുരങ്കം വഴിയാണ് ഭീകരർ ഇന്ത്യയിലേക്ക് കടന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. അതിർത്തി കടന്ന് ഭീകരർ ട്രക്കിൽ ശ്രീനഗറിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിൽ ട്രക്കുകളിൽ പരിശോധനക്ക് പൊലീസ് നിർദ്ദേശം നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam