രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 14 ലക്ഷത്തിലേക്ക്, ലോകത്താകെ മരണം ആറര ലക്ഷം കടന്നു

By Web TeamFirst Published Jul 27, 2020, 6:47 AM IST
Highlights

അമേരിക്കയിൽ ഇന്ന് മാത്രം 46000ത്തിലേറെ പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെ സ്പെയിനിൽ രോഗികളുടെ എണ്ണം കൂടിത്തുടങ്ങി

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വൻതോതിൽ ഉയരുന്നു. ഇന്ന് ആകെ രോഗബാധിതരുടെ എണ്ണം 14 ലക്ഷം കടന്നേക്കുമെന്നാണ് കരുതുന്നത്. അതേസമയം ലോകത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം ആറര ലക്ഷം കടന്നു. ബ്രസീലിൽ മാത്രം 87000 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ലോകത്താകെ 1,63,76,000 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അമേരിക്കയിൽ ഇന്ന് മാത്രം 46000ത്തിലേറെ പുതിയ കൊവിഡ് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന് പിന്നാലെ സ്പെയിനിൽ രോഗികളുടെ എണ്ണം കൂടിത്തുടങ്ങി. രാജ്യത്തെ യഥാർത്ഥ കൊവിഡ് മരണനിരക്ക് നിലവിൽ പുറത്തുവന്നതിനെക്കാൾ 60 ശതമാനം അധികമാണെന്ന് സ്പാനിഷ് പത്രം എൽപാരിസ് റിപ്പോർട്ട് ചെയ്തു. കേസുകൾ കൂടിയതോടെ മൊറോക്കയിലെ പല പ്രദേശങ്ങളിലും ലോക്ഡൗൺ ഏർപ്പെടുത്തി. ലോകത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണവും ഒരു കോടി കവിഞ്ഞു.

അതേസമയം ഇന്ത്യയിൽ, പതിനായിരത്തിലധികം പ്രതിദിന രോഗബാധ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 3,75,799 ആയി ഉയർന്നു. ആകെ കേസുകളുടെ 33 ശതമാനം റിപ്പോര്‍ട്ട് ചെയ്തതും തെക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. ഇവിടെ രോഗബാധ കുതിച്ചുയരുകയാണ്. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ പ്രതിദിന രോഗബാധ ഏഴായിരത്തിന് മുകളിലെത്തി. കര്‍ണ്ണാടകത്തിലും തമിഴ്നാട്ടിലും അയ്യായിരത്തിന് മുകളിലും, തെലങ്കാനയില്‍ ആയിരത്തിന് മുകളിലുമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം. 

ഉത്തര്‍പ്രദേശില്‍ മൂവായിരം കടന്നു. ബിഹാര്‍, പശ്ചിമബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളില്‍ രണ്ടായിരത്തിനും മൂവായിരത്തിനുമിടയിലാണ് ഓരോദിവസവുമുള്ള രോഗികളുടെ എണ്ണം. പരിശോധനകള്‍ കൂട്ടുന്നതിന്‍റെ ഭാഗമായി രാജ്യത്ത് മൂന്ന് ഐസിഎംആര്‍ ലാബുകള്‍ കൂടി ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നോയിഡ, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് പരിശോധന ലാബുകള്‍ നിലവില്‍ വരുന്നത്. ഈ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി സംസാരിക്കും.

click me!