
ദില്ലി: രാജ്യത്തെ പ്രധാനനഗരങ്ങളിലെ ഓക്സിജൻ ക്ഷാമം തുടരുമ്പോൾ ഇന്ത്യയ്ക്ക് കൂടുതൽ വിദേശരാജ്യങ്ങളുടെ സഹായം. അമേരിക്കയിൽ നിന്ന് ഓക്സിജൻ കോൺസൺട്രേറ്ററുകൾ ഇന്നെത്തിക്കും. സിംഗപ്പൂരും ദക്ഷിണ കൊറിയയും കൂടുതൽ സഹായം വാഗ്ദാനം ചെയ്തു. ഓക്സിജൻ എക്സ്പ്രസ് തീവണ്ടികളിൽ വിവിധ സംസ്ഥാനങ്ങളിൽ ടാങ്കറുകൾ എത്തിച്ചു തുടങ്ങി.
ദില്ലിയിലെയും ഉത്തർപ്രദേശിലെയും മധ്യപ്രദേശിലെയും ഓക്സിജൻ ക്ഷാമം പരിഹരിക്കാനാണ് റെയിൽവേ ട്രെയിനുകളിൽ ടാങ്കറുകൾ എത്തിച്ചു തുടങ്ങിയത്. ആവശ്യമായ ടാങ്കറുകളുടെ ക്ഷാമം ഇപ്പോഴും ഉണ്ട്. ഇരുപത് ക്രയോജനിക് ടാങ്കറുകൾ കൂടി സിംഗപ്പൂരിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നും എത്തിക്കും. അന്തരീക്ഷത്തിൽ നിന്ന് ഓക്സിജൻ ശേഖരിച്ച് നേരിട്ട് രോഗികൾക്ക് നല്കാവുന്ന 318 ഓക്സിജൻ കോൺസൺട്രേറ്ററുകൾ അമേരിക്ക ഇന്ത്യയ്ക്ക് നല്കി. പ്രത്യേക എയർ ഇന്ത്യ വിമാനം ഇവയുമായി ഇന്ത്യയിലേക്ക് തിരിച്ചു.
സിംഗപ്പൂരിൽ നിന്ന് 250 കോൺസൺട്രേറ്ററുകൾ ഇന്നലെ എത്തിച്ചിരുന്നു. 495 ഓക്സിജൻ കോൺസൺട്രേറ്ററുകളും 120 വെൻറിലേറ്ററും ബ്രിട്ടൻ ഇന്ത്യയ്ക്ക് നല്കും. ഇന്ത്യയ്ക്കൊപ്പം നില്ക്കുന്നു എന്ന് യുഎഇ അറിയിച്ചു. യുഎഇ വിദേശകാര്യമന്ത്രി അബ്ദുള്ള ബിൻ സയദ് അൽ നഹ്യാൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി സംസാരിച്ചു. ചൈനയിൽ നിന്നുള്ള സഹായം സ്വീകരിക്കാൻ തല്ക്കാലം തീരുമാനമില്ല. ഇന്ത്യയ്ക്ക് 135 കോടി രൂപയുടെ ധനസഹായം നല്കുമെന്ന് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ അറിയിച്ചു. ഇന്ത്യയിലെ കാഴ്ചകൾ ഹൃദയഭേദകമെന്നും എല്ലാ സഹായവും നല്കാൻ തയ്യാറെന്നും മൈക്രോസോഫ്റ്റ് സിഇഎ സത്യ നഡെല്ല പറഞ്ഞു. അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയ സുരക്ഷ ഉപദേഷ്ടാക്കൾ തമ്മിൽ ഇന്നലെ നടന്ന ചർച്ചയ്ക്ക് ശേഷം വാക്സീൻ ഉത്പാദനത്തിനുൾപ്പടെ അമേരിക്ക സഹകരണം പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam