രോഗമുക്തി നിരക്ക് ഉയരുന്നു, വാക്സിൻ എടുത്തവരിലെ രോഗബാധയിൽ ആശങ്ക വേണ്ട; ജാഗ്രത കൈവിടരുതെന്നും ആരോഗ്യ മന്ത്രാലയം

By Web TeamFirst Published May 18, 2021, 5:51 PM IST
Highlights

കൊവിഡ് രോഗമുക്തി നിരക്ക് ഉയരുന്നുവെന്ന് ആരോഗ്യ മന്ത്രാലയം. ഇതുവരെ  86 ശതമാനം പേർ രോഗമുക്തരായി. ആകെ ജനസംഖ്യയുടെ 1.8 ശതമാനം പേരെ മാത്രമാണ് നിലവിൽ കൊവിഡ് ബാധിച്ചതെന്നും നീതി ആയോഗ് വ്യക്തമാക്കുന്നു. 
 

ദില്ലി: കൊവിഡ് രോഗമുക്തി നിരക്ക് ഉയരുന്നുവെന്ന് ആരോഗ്യ മന്ത്രാലയം. ഇതുവരെ  86 ശതമാനം പേർ രോഗമുക്തരായി. ആകെ ജനസംഖ്യയുടെ 1.8 ശതമാനം പേരെ മാത്രമാണ് നിലവിൽ കൊവിഡ് ബാധിച്ചതെന്നും നീതി ആയോഗ് വ്യക്തമാക്കുന്നു. 

കേരളത്തിലേതടക്കം നിയന്ത്രണങ്ങൾ കേസുകൾ കുറയാൻ കാരണമാകുന്നു. കൂട്ടായ കഠിനാധ്വാനത്തിന്റെ ഫലമാണിത്. ജാഗ്രത കൈവിടരുതെന്നും നീതി ആയോഗ് ആവർത്തിച്ചു. വാക്സിനേഷൻ കഴിഞ്ഞവരിൽ വീണ്ടും കൊവിഡ് വരുന്നതിൽ ആശങ്ക വേണ്ട. തുടർ രോഗബാധ ഗുരുതരമാകില്ല. ചെറിയ ശതമാനം കേസുകളിൽ മാത്രമേ ആശുപത്രി വാസം വേണ്ടിവരുന്നുള്ളൂവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

അതേസമയം രാജ്യത്തെ പ്രതിദിന കൊവിഡ് മരണം ഏറ്റവും ഉയർന്ന കണക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. 24 മണിക്കൂറിൽ 4329 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 2,78,719 ആയി.  ഇന്ത്യയിലെ ആകെ  കൊവിഡ് കേസുകൾ രണ്ടര കോടി കടന്നു.  24 മണിക്കൂറിൽ 2, 63, 533 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

കൊവിഡ് വ്യാപനത്തിൽ മൂന്ന് കോടി മുപ്പത് ലക്ഷം കേസുകൾ സ്ഥിരീകരിച്ച അമേരിക്കയ്ക്ക് തൊട്ടുപിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയിൽ 29 ദിവസം കൊണ്ടാണ് കൊവിഡ് കേസുകൾ ഒന്നര കോടിയിൽ നിന്ന് രണ്ടര കോടിയായി ഉയർന്നത്. കർണ്ണാടക, തമിഴ്നാട്, മഹാരാഷ്ട്ര, കേരളം എന്നീ നാല് സംസ്ഥാനങ്ങളിൽ മാത്രമായി ഒരു ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. 

രാജ്യത്തെ ആകെ കൊവിഡ് രോഗികൾ രണ്ടര കോടിയായി ഉയരുമ്പോൾ ഇതിൽ ഇരുപത്തിയൊന്ന് ശതമാനവും മഹാരാഷ്ട്രയിലാണ്. രാജ്യത്തെ ആകെ കൊവിഡ് കേസുകളിൽ 8.6 ശതമാനമാണ് കേരളത്തിൽ സ്ഥിരീകരിച്ചത്. അതേസമയം, ദില്ലിക്ക് പിന്നാലെ ഉത്തർപ്രദേശിലും കൊവിഡ് കേസുകൾ പതിനായിരത്തിന് താഴെ എത്തിയത് ആശ്വാസമായി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!