രാജ്യത്ത് 24 മണിക്കൂറിനിടെ 47 മരണം, 1975 പുതിയ കേസുകള്‍; മരിച്ചവരിൽ ആരോഗ്യപ്രവര്‍ത്തകരും

By Web TeamFirst Published Apr 26, 2020, 9:05 PM IST
Highlights

മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 8000 കടന്നു. 440 പുതിയ കേസുകളും 19 മരണവുമാണ് ഇന്ന്മാത്രമുണ്ടായത്.  കൊവിഡ് ബാധിച്ച് മുംബൈയിൽ മരിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബത്തിന് 50 ലക്ഷം സഹായം മഹാരാഷ്ട്ര സർക്കാർ പ്രഖ്യാപിച്ചു.

ദില്ലി: രാജ്യത്ത് കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 26,917 ആയി ഉയര്‍ന്നു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 826 ആയി. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 1,975 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 47 പേര്‍ മരിച്ചു. അതേസമയം 5914 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 8000 കടന്നു. 440 പുതിയ കേസുകളും 19 മരണവുമാണ് ഇന്ന്മാത്രമുണ്ടായത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 8068 ആയി ഉയര്‍ന്നു. മരിച്ചവരുടെ എണ്ണം 342 ആയി. കൊവിഡ് ബാധിച്ച് മുംബൈയിൽ മരിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബത്തിന് 50 ലക്ഷം സഹായം മഹാരാഷ്ട്ര സർക്കാർ  പ്രഖ്യാപിച്ചു.

മുംബൈയില്‍ 31 മാധ്യമപ്രവര്‍ത്തകരെ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലാക്കി. ആദ്യ പരിശോധന ഫലം പോസിറ്റീവായിരുന്ന ഇവരുടെ രണ്ടാമത്തെ സ്രവപരിശോധന ഫലം നെഗറ്റീവായതിനാല്‍ ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മാറ്റുകയായിരുന്നു. ഗുജറാത്തിൽ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ 230 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 18 പേര്‍ ഇന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 151 ആയി. തമിഴ്നാട്ടിൽ 64 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.  ഇതോടെ സംസ്ഥാനത്ത് രോഗബാധിതർ 1885 ആയി ഉയര്‍ന്നു. മരിച്ചവരുടെ എണ്ണം 24 ആയി ഉയര്‍ന്നു. 

രാജ്യത്തെ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. പശ്ചിമബംഗാളിൽ ആരോഗ്യവകുപ്പ് അസി. ഡയറക്ടറും ഒരു ഡോക്ടറും കൊവിഡ് ബാധിച്ച് മരിച്ചു.  പശ്ചിമബംഗാളിലെ ആരോഗ്യ വകുപ്പ് അസി. ഡയറക്ടര്‍ ഡോ ബിപ്ലബ് കാന്തി ദാസ് ഗുപ്തക്ക് ഒരാഴ്ച മുന്‍പാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന അറുപതുകാരനായ ഇദ്ദേഹത്തിന്‍റെ ആരോഗ്യനില ഇന്നലയോടെ വഷളാകുകയായിരുന്നു. ഇന്ന് ഉച്ചക്ക് മരിച്ചു. ഇദ്ദേഹത്തിന്‍റെ ഭാര്യയും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. കൊല്‍ക്കത്തയിലെ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയിലുണ്ടായിരുന്ന 34 കാരനായ ഡോകട്റും കൊവിഡിനെ തുടര്‍ന്ന്  ഇന്ന് മരിച്ചു. മതിയായ സുരക്ഷാ സാമഗ്രികള്‍ ലഭ്യമല്ലെന്ന പരാതികള്‍ക്കിടെയുണ്ടായ രണ്ട് മരണം പശ്ചിമബംഗാള്‍ ആരോഗ്യവകുപ്പില്‍  ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. 

നാല്‍പത്തിയഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദില്ലിയിലെ രണ്ട് ആശുപത്രികള്‍ അടച്ചു. ദില്ലിയില്‍  രോഗബാധിതരായ ആരോഗ്യപ്രവര്‍ത്തകര്‍ 215 ആയി ഉയര്‍ന്നു. ദില്ലി ജഗ്ജീവന്‍ ആശുപത്രിയില്‍ 44 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തീവ്രബാധിത മേഖലയായ ജഹാംഗിര്‍പുരിയിലുള്ള ആശുപത്രിയില്‍ നിരവധി കൊവിഡ് രോഗികള്‍ ചികിത്സ തേടിയിരുന്നു. ഒരു നഴ്സിന്  രോഗം ബാധിച്ചതിനെ തുടര്‍ന്ന് ഹിന്ദു റാവു ആശുപത്രിയും അടച്ചു. പ്ടപട് ഗഞ്ചിലുളള മാക്സ് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.  ഇതോടെ ദില്ലിയില്‍ മാത്രം കൊവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം 215 ആയി. ആരോഗ്യപ്രവര്‍ത്തകരിൽ രോഗം വ്യാപകമാകുന്നതില്‍ ആരോഗ്യമന്ത്രാലയം ആശങ്കയറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നവര്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളിക കഴിക്കണമെന്ന് ഐസിഎംആര്‍ നിര്‍ദ്ദേശിച്ചു. 

ആന്ധ്രപ്രദേശ് രാജ്ഭവനിൽ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗവർണറുടെ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥൻ, പാചകക്കാരൻ, അറ്റൻഡർ, സ്റ്റാഫ് നഴ്സ് എന്നിവരാണ് രോഗബാധിതരായത്. വിജയവാഡയിലെ ഗവർണറുടെ ഓഫീസിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കി. ഗവർണർ ബിശ്വഭൂഷൺ ഹരിചന്ദന് കൊവിഡ് പരിശോധന നടത്തും. ഒരു ദിവസത്തിനിടെ 52 പേർക്കാണ് വിജയവാഡയിൽ കൊവിഡ് സ്ഥിരീകരിച്ചത്.

click me!