Covid India : കൊവിഡ് കേസുകളിലെ വര്‍ധന; ദില്ലിയില്‍ കര്‍ശന ജാഗ്രത, മാസ്ക്കില്ലെങ്കില്‍ 500 രൂപ പിഴ

By Web TeamFirst Published Apr 20, 2022, 3:28 PM IST
Highlights

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും ദില്ലിയിലാണ്. രാജ്യതലസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 632 പേർക്കാണ്.

ദില്ലി: ദില്ലിയിൽ മാസ്ക് ഉപയോഗം വീണ്ടും കർശനമാക്കി. മാസ്ക് ധരിക്കാത്തവരിൽ നിന്ന് 500 രൂപ പിഴ ഈടാക്കാനാണ് ദില്ലി ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലെ തീരുമാനം. കൊവിഡ് (Covid) പരിശോധനയും വാക്സിനേഷനും വർധിപ്പിക്കാനും തീരുമാനമായി. ലഫ്. ഗവർണർ അനിൽ ബെയ്ജാലിന്റെ അധ്യക്ഷതയിൽ ചേർന്ന ദില്ലി ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ അറുപത് ശതമാനം വർധിച്ചു.

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും ദില്ലിയിലാണ്. രാജ്യതലസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 632 പേർക്കാണ്. ഈ സാഹചര്യം വിലയിരുത്താനാണ് ദില്ലി ലെഫ്റ്റനൻ്റ് ഗവർണർ അനിൽ ബെയ്ജാലിൻ്റെ അധ്യക്ഷതയിൽ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നത്. മാസ്ക് ഉൾപ്പടെ പ്രധാന കൊവിഡ് മാനദണ്ഡങ്ങൾ തിരികെ കൊണ്ടുവരാൻ യോഗത്തിൽ തീരുമാനമായി. മാസ്ക് ധരിച്ചില്ലെങ്കിൽ 500 രൂപ പിഴ ഈടാക്കാനാണ് തീരുമാനം. പരിശോധനയും വാക്സിനേഷനും കൂട്ടാനും യോഗത്തിൽ നിർദേശമുണ്ട്. എന്നാൽ സ്കൂളുകൾ തത്ക്കാലം ഓൺലൈൻ ക്ലാസുകളിലേക്ക് മാറില്ല. ആൾക്കൂട്ടങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തില്ല. 

ഇതിനിടെ രാജ്യത്താകെ കൊവിഡ് കേസുകളിൽ ഇന്ന് അറുപത് ശതമാനം വർധനയുണ്ടായി. ഇരുപത്തിനാല് മണിക്കൂറിനിടെ 2067 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 40 മരണവും റിപ്പോർട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്ക് പ്രകാരം പ്രിതിദന രോഗികളുടെ എണ്ണത്തിൽ കേരളമാണ് രണ്ടാം സ്ഥാനത്ത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഹരിയാന, മിസോറാം സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളിൽ വർധനയുണ്ടായി.  നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കാൻ ആരോഗ്യ മന്ത്രാലയം ഈ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

'കൊവിഡ് കണക്ക് നല്‍കുന്നില്ലെന്നത് തെറ്റായ പ്രചാരണം, കണക്ക് കൊടുക്കുന്നുണ്ട്'; വിശദീകരണവുമായി ആരോഗ്യമന്ത്രി

കൊവിഡ് കണക്കെടുപ്പ് കേരളം നിർത്തിയെന്ന കേന്ദ്രവിമർശനത്തിന് മറുപടിയുമായി ആരോഗ്യമന്ത്രി വീണ ജോർജ്. കണക്കുകൾ കൃത്യമായി കേന്ദ്രത്തിന് കൈമാറുന്നുണ്ട്. പുറമേ പ്രസിദ്ധീകരിക്കുന്നില്ലെന്ന് മാത്രമാണുള്ളതെന്നും വീണ ജോർജ് പറഞ്ഞു. നാഷണല്‍ സര്‍വൈലന്‍സ് യൂണിറ്റിന് കണക്ക് കൊടുക്കുന്നുണ്ട്. എല്ലാദിവസവും മെയില്‍ അയക്കുന്നുണ്ടെന്നും കേന്ദ്രം തെറ്റായ കാര്യം പ്രചരിപ്പിക്കുന്നത് എന്തിനാണെന്നും ആരോഗ്യമന്ത്രി ചോദിച്ചു.  ആഴ്ചയിലൊരിക്കൽ പൊതുജനങ്ങൾ അറിയാൻ കൊവിഡ് റിപ്പോർട്ട് ഉണ്ടാകും. രോഗബാധ കൂടിയാൽ ദിവസവും ബുള്ളറ്റിൻ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് കണക്കുകൾ കൃത്യമായി പുറത്ത് വിടണമെന്നാവശ്യപ്പെട്ട് ആരോഗ്യ സെക്രട്ടറിക്ക് കേന്ദ്രം കത്തയച്ചിരുന്നു.

അഞ്ച് ദിവസത്തിന് ശേഷം കേരളം ഒറ്റയടിക്ക് കൊവിഡ് കണക്കുകൾ പുറത്ത് വിട്ടതാണ് രാജ്യത്തെയാകെ കൊവിഡ് കണക്ക് ഉയരാനിടയാക്കിയതെന്ന് ചൂണ്ടികാണിച്ചാണ് ആരോഗ്യ മന്ത്രാലയം കേരളത്തിന് കത്തയച്ചത്. കൊവിഡ് കണക്കുകള്‍ കൃത്യാമായി പ്രസിദ്ധീകരിക്കുന്നത് രോഗ വ്യാപനം തടയുന്നതിന് നിർണായകമാണെന്നും കത്തിൽ പറഞ്ഞിരുന്നു. ഏപ്രിൽ പതിമൂന്ന് മുതൽ പതിനേഴ് വരെ കേരളം കൊവിഡ് കണക്കുകൾ പ്രസിദ്ധീകരിച്ചിരുന്നില്ല. ഈ കാലയളവിലെ 150 കൊവിഡ് മരണങ്ങളും ഇന്നലെയാണ് സംസ്ഥാനം പുറത്തുവിട്ടത്. കണക്ക് പ്രസിദ്ധീകരിച്ച സംസ്ഥാന സക്കാരിന്‍റെ തീരുമാനത്തിനെതിരെ നേരത്തെയും വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുറഞ്ഞതിനാലാണ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിർത്തിവെച്ചതെന്നും വകുപ്പിൽ ഡാറ്റാ ശേഖരണം തുടരുമെന്നുമായിരുന്നു അന്ന് ആരോഗ്യ മന്ത്രിയുടെ വിശദീകരണം.

click me!