പഞ്ചാബിനെ ആശങ്കയിലാക്കി കൊവിഡിന്‍റെ ഡെല്‍റ്റാ വകഭേദം; കൂടുതല്‍ അപകടകാരിയെന്ന് മുന്നറിയിപ്പ്

By Web TeamFirst Published Jun 7, 2021, 4:17 PM IST
Highlights

ഒരു മാസത്തിനുള്ളില്‍ 40 ശതമാനം വളര്‍ച്ചയാണ് ഈ കൊവിഡ് വകഭേദം പഞ്ചാബില്‍ കാണിച്ചത്. ആല്‍ഫാ വകഭേദമായ ബി.1.17 നേക്കാള്‍ മാരകമായാണ് ഈ വകഭേദത്തെ വിലയിരുത്തുന്നത്. ഈ വകഭേദം ബാധിക്കുന്ന കൊവിഡ് രോഗികളില്‍ മരണനിരക്ക് കൂടുതലാണെന്നും വിദഗ്ധര്‍

പഞ്ചാബിനെ ആശങ്കയിലാക്കി കൊവിഡ് വൈറസിന്‍റെ ഡെല്‍റ്റാ വകഭേദം. കൊവിഡ് ബി.1.617 എന്ന വകഭേദമാണ് പഞ്ചാബില്‍ കൊവിഡ് വ്യാപനം രൂക്ഷമാക്കിയതെന്നാണ് നിരീക്ഷണം. യുകെയിലെ കെന്‍റ് മേഖലയിലാണ് ഈ വകഭേദത്തെ ആദ്യമായി ശ്രദ്ധിക്കുന്നത്. ഈ വര്‍ഷം ആദ്യം ഇന്ത്യയിലും ഈ വകഭേദം എത്തിയിരുന്നു. ഒരു മാസത്തിനുള്ളില്‍ 40 ശതമാനം വളര്‍ച്ചയാണ് ഈ കൊവിഡ് വകഭേദം പഞ്ചാബില്‍ കാണിച്ചത്. ആല്‍ഫാ വകഭേദമായ ബി.1.17 നേക്കാള്‍ മാരകമായാണ് ഈ വകഭേദത്തെ വിലയിരുത്തുന്നത്.

ഈ വകഭേദം ബാധിക്കുന്ന കൊവിഡ് രോഗികളില്‍ മരണനിരക്ക് കൂടുതലാണെന്നും വിദഗ്ധര്‍ പറയുന്നു. ജനുവരി മുതല്‍ മെയ് മാസം വരെ 2213 സാംപിളുകളാണ് നാഷണല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ശേഖരിച്ചിട്ടുള്ളത്. ഇതില്‍ അന്‍പത് ശതമാനം സാംപിളുകളാണ് ഇതിനോടകം പരിശോധിച്ച് കഴിഞ്ഞത്. പരിശോധിച്ച സാംപിളുകളില്‍ 87.8 ശതമാനമാണ് ഈ വൈറസ് വകഭേദത്തെ കണ്ടെത്തിയിരിക്കുന്നത്. പെട്ടന്നുണ്ടായ കൊവിഡ് വ്യാപനത്തിന് പിന്നാലെയാണ് പഞ്ചാബ് ജീനോം സീക്വന്‍സിംഗിനായി സാംപിളുകള്‍ ശേഖരിക്കാന്‍ തുടങ്ങിയത് രാജ്യത്ത് ഇത്തരത്തില്‍ ചെയ്യുന്ന ചുരുങ്ങിയ സംസ്ഥാനങ്ങളിലൊന്നാണ് പഞ്ചാബ്.

വളരെ വേഗം പടരുന്ന രണ്ട് വകഭേദങ്ങളുടെ സംയുക്തമാണ് കൊവിഡ് കേസുകള്‍ കുത്തനെ കൂട്ടാന്‍ കാരണമായതായി വിദഗ്ധര്‍ വിശദമാക്കുന്നത്. സര്‍ക്കാരും അധികാരികളും ഒനനുകൂടി ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കേണ്ട സമയമെന്നാണ്  ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നത്. മിക്ക കേസുകളിലും കൊവിഡിന്‍റെ ആല്‍ഫാ  വകഭേദത്തെ ഡെല്‍റ്റാ വകഭേദം തനിയെ മാറ്റുന്നതായി കാണാനും സാധിച്ചതായാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. ഇത് രോഗബാധ കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുന്നതെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!