രാഷ്ട്രീയ അധികാരമല്ല, മറിച്ച് മുഴുവൻ ഹിന്ദു സമൂഹത്തെയും സംഘടിപ്പിക്കുകയാണ് ആർഎസ്എസിൻ്റെ ലക്ഷ്യമെന്ന് മോഹൻ ഭഗവത് മീററ്റിൽ പറഞ്ഞു. ആർഎസ്എസ് ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി കായികതാരങ്ങളുമായി സംവദിച്ച അദ്ദേഹം, രാഷ്ട്രനിർമ്മാണത്തിൽ സജീവമാകാൻ ആഹ്വാനം ചെയ്തു
മീററ്റ്: രാഷ്ട്രീയ അധികാരമല്ല ആർഎസ്എസിൻ്റെ ലക്ഷ്യമെന്ന് മോഹൻ ഭഗവത്. മുഴുവൻ ഹിന്ദു സമൂഹത്തെയും സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ് ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി മീററ്റിൽ 950 ഓളം ദേശീയ - അന്തർദേശീയ കായികതാരങ്ങളുമായി നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിൻ്റെ ഉന്നമനത്തിനായി സജീവമായി പ്രവർത്തിക്കാൻ കായികതാരങ്ങളോട് അദ്ദേഹം വശ്യപ്പെട്ടു.
ഇന്ത്യ എന്ന ആശയം ഭൂമിശാസ്ത്രപരമായ അതിരുകളിൽ ഒതുങ്ങി നിൽക്കേണ്ടതല്ല. ശ്രീരാമൻ, ശ്രീകൃഷ്ണൻ, ബുദ്ധൻ, മഹാവീരൻ, സ്വാമി വിവേകാനന്ദൻ, സ്വാമി ദയാനന്ദ്, മഹാത്മാഗാന്ധിയുടെയും പാരമ്പര്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളേണ്ടതുണ്ട്. ജാതിയേക്കാൾ നാനാത്വത്തിലെ ഏകത്വത്തെയാണ് ഹിന്ദു എന്നത് കൊണ്ട് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആരാധനാ രീതികളും ദേവതകളും വ്യത്യസ്തമായിരിക്കാം, പക്ഷേ സാംസ്കാരിക അടിത്തറ ഒന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാഷ്ട്രനിർമ്മാണം സമൂഹത്തിൻ്റെയാകെ ഉത്തരവാദിത്തമാണ്. സ്പോർട്സ് ആളുകളെ ഒരുമിപ്പിച്ച് നിർത്തുന്ന ശക്തമായ മാധ്യമമാണ്. ആർഎസ്എസിനെ അകത്തുനിന്ന് മനസിലാക്കണം. അനുബന്ധ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്ത്തിക്കുകയും രാജ്യത്തിനായി നിസ്വാർത്ഥമായി പരിശ്രമിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിൽ പര്യടനം തുടരുന്ന മോഹൻ ഭഗവത് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും രണ്ട് ഉപമുഖ്യമന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ആർഎസ്‌എസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് രാജ്യമെമ്പാടും സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായാണ് മീററ്റിൽ സംവാദം സംഘടിപ്പിച്ചത്.


