
ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 472 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. മർക്കസ് സമ്മേളനം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇരട്ടിയാക്കിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തി. അന്തർ സംസ്ഥാന ചരക്ക് നീക്കത്തിന് നിലവിൽ തടസങ്ങളില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
വൈറസ് ബാധിത മേഖലകൾ ബഫർ സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് കേസുകളെ കുറിച്ച് ലാബുകൾക്ക് ഐസിഎംആറിന് വിവരങ്ങൾ കൈമാറാം. രോഗം 274 ജില്ലകളെ ബാധിച്ചുവെന്നും ഇതുവരെ 79 പേർ മരിച്ചെന്നും 3030 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്രയിൽ മാത്രം ഇന്ന് 55 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകൾ 690 ആയി.
തീവ്ര ബാധിത പ്രദേശങ്ങളിലും, രോഗബാധ സംശയിക്കുന്ന സമൂഹത്തിലും റാപ്പിഡ് ടെസ്റ്റ് നടത്താമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ബുധനാഴ്ചയോടെ കൂടുതൽ റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കും. വായുവിലൂടെ രോഗം പകരുമെന്നതിന് ഇതുവരെ തെളിവുകളില്ലെന്ന് ഐസിഎംആർ അധികൃതർ വിശദീകരിച്ചു. അവശ്യസാധനങ്ങൾക്ക് കൊള്ള വില ഈടാക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നുവെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
തബ്‌ലീഗ് സമ്മേളത്തിൽ പങ്കെടുത്തവർ ഇന്ന് അഞ്ച് മണിക്കുള്ളിൽ സർക്കാരിനെ വിവരം അറിയിക്കണമെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി അറിയിച്ചു. നിർദ്ദേശം പാലിച്ചില്ലെങ്കിൽ കർശന നടപടിയെന്ന് ജയറാം കുമാർ ഠാക്കൂർ പറഞ്ഞു. ഹിമാചൽ പ്രദേശിലെ 13 കൊവിഡ് ബാധിതരിൽ ആറ് പേർ നിസാമുദ്ദീൻ മത സമ്മേളനത്തിൽ പങ്കെടുത്തവരാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam