ദില്ലി: രാജ്യത്ത് ആശ്വാസമായി കൊവിഡ് മരണസംഖ്യയിൽ 45 ശതമാനം കുറവ്. ശരാശരി പ്രതിദിന മരണം 1400 ആയി. 24 മണിക്കൂറിനിടെ 53,256 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1422 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് റിപ്പോര്‍ട്ട്. 90 ശതമാനം ജില്ലകളിലും ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 3.83 ശതമാനമാണ്. ഇതുവരെ 28 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തു.
അതേസമയം, രാജ്യത്ത് ഇന്ന് മുതൽ പുതിയ വാക്സിൻ നയം നിലവിൽ വരും. വാക്സിൻ്റെ വിതരണവും സംഭരണവും കേന്ദ്രീകൃതമാക്കാനാണ് സർക്കാരിന്റെ നീക്കം. ആകെ വാക്സിന്റെ 75 ശതമാനവും കേന്ദ്രം സംഭരിച്ച് വിതരണം ചെയ്യാൻ സർക്കാർ തീരുമാനിച്ചേക്കും. ബാക്കി 25 ശതമാനം സ്വാകാര്യ കമ്പനികൾക്ക് നേരിട്ട് വാങ്ങാനാകും.
സ്വകാര്യ കേന്ദ്രങ്ങളുടെ പക്കലിൽ നിന്ന് വാക്സിനായി ഈടാക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കും. നേരത്തെ 50 ശതമാനം വാക്സിൻ മാത്രമായിരുന്നു കേന്ദ്രം നേരിട്ട് വിതരണം ചെയ്തിരുന്നത്. സംസ്ഥാനങ്ങളിൽ വാക്സിൻ ക്ഷാമം രൂക്ഷമാവുകയും, വാക്സിൻ വിതരണത്തിൽ അസമത്വം ഉണ്ടെന്ന വിമർശനമുയരുകയും ചെയ്തിരുന്നു. പുതിയ നയത്തിലൂടെ ഈ പരാതികൾ പരിഹരിക്കാനാണ് സർക്കാർ ശ്രമം . സംസ്ഥാനങ്ങളിലെ, ജനസംഖ്യ, രോഗവ്യാപനം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാവും നൽകുന്ന വാക്സിന്റെ അളവ് തീരുമാനിക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam