കേരളവുമായി അതിർത്തി പങ്കിടുന്ന തമിഴ്നാട്ടിലെ ജില്ലകളിൽ കൊവിഡ് ബാധിതർ കൂടുന്നു

By Web TeamFirst Published Apr 22, 2020, 7:13 AM IST
Highlights

കേരളവുമായി അതിർത്തി പങ്കിടുന്ന കോയമ്പത്തൂരില്‍ 134 പേര്‍ക്കും തിരുപ്പൂരില്‍ 109 പേര്‍ക്കുമാണ് കൊവിഡ്.

കോയമ്പത്തൂർ:  കേരളവുമായി അതിര്‍ത്തി പങ്കിടുന്ന തമിഴ്നാട്ടിലെ ജില്ലകളില്‍ രോഗബാധിതര്‍ കൂടുന്നു. ചെന്നൈയില്‍ തമിഴ് ചാനലിലെ 27 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അമ്പതോളം മാധ്യപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. അതേസമയം വാരാണസിയില്‍ നിന്ന് തിരിച്ചെത്തിയവരില്‍ മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ചെന്നൈ കഴിഞ്ഞാല്‍ കോയമ്പത്തൂര്‍,തിരുപ്പൂര്‍,തേനി,തിരുനൽവേലി എന്നിവടങ്ങളിലാണ് രോഗബാധിതര്‍ കൂടുതല്‍. ഇവയെല്ലാം കേരളവുമായി അതിർത്തി പങ്കിടുന്ന ജില്ലകളാണ്. എന്നത് ആശങ്കയേറ്റുന്നു. ഈ സാഹചര്യത്തിൽ അതിർത്തിജില്ലകളിൽ പൊലീസ് കർശന നിരീക്ഷണവും പരിശോധനയുമാണ് നടത്തുന്നത്. 

അടിയന്തര മെഡിക്കൽ സഹായം അടക്കമുള്ള ആവശ്യങ്ങളുമായി വരുന്നവരെ മാത്രമാണ് കേരളഅതിർത്തിയിലൂടെ പ്രവേശിക്കാൻ അനുവദിക്കുന്നത്. ഇരുസംസ്ഥാനങ്ങൾക്കുമിടയിലെ വനമേഖല വഴി ആളുകൾ സഞ്ചരിക്കുന്നത് തടയാൻ വനംവകുപ്പും പൊലീസും നിരീക്ഷണവും പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. കോയമ്പത്തൂരില്‍ 134 പേര്‍ക്കും തിരുപ്പൂരില്‍ 109 പേര്‍ക്കുമാണ് കൊവിഡ്. ചെന്നൈയില്‍ ഇന്നലെ 58 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതര്‍ 1596 ആയി. 

പത്ത് ദിവസത്തിനുള്ളില്‍ ചെന്നൈയില്‍ മാത്രം ഇരുന്നൂറോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 27 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച തമിഴ് ചാനലിന്‍റെ പ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. മറ്റൊരു ചാനലിലെ സബ് എഡിറ്റര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ന്യൂസ് റീഡര്‍മാരടക്കം ഇരുപത്തിമൂന്ന് മാധ്യമപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. 

കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച തമിഴ് ദിനപത്രത്തിലെ ലേഖകന്‍ ആരോഗ്യസെക്രട്ടറിയുടെ വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരം പങ്കെടുത്തിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കായി പ്രത്യേക പരിശോധന തുടങ്ങിയിട്ടുണ്ട്. അതേസമയം വാരാണസിയില്‍ നിന്ന് വെള്ളിയാഴ്ച മടങ്ങിയെത്തിയ 127 അംഗ തീര്‍ത്ഥാടക സംഘത്തില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരില്‍ രണ്ട് പേര്‍ അമ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളാണ്.

click me!