കര്‍ണാടകയില്‍ ഉറവിടമറിയാത്ത രോഗികള്‍ പെരുകുന്നു; കേന്ദ്രസംഘം സംസ്ഥാനത്ത്

Published : Jul 07, 2020, 09:02 PM IST
കര്‍ണാടകയില്‍ ഉറവിടമറിയാത്ത രോഗികള്‍ പെരുകുന്നു; കേന്ദ്രസംഘം സംസ്ഥാനത്ത്

Synopsis

കർണാടകയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26815 ആയി. എന്നാല്‍ ഇതില്‍ പകുതിയിലേറെ രോഗികളുടെയും രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. 

ബെംഗളൂരു: കർണാടകയില്‍ ഉറവിടമറിയാത്ത രോഗികൾ പെരുകുന്നത് ആശങ്കയാകുന്നതിനിടെ കേന്ദ്രസംഘം ബെംഗളൂരുവിലെത്തി. ബെംഗളൂരു നഗരത്തില്‍ സമൂഹവ്യാപനം സംഭവിച്ചെന്ന വിലയിരുത്തല്‍ ചർച്ചയാകുന്നതിനിടെയാണ് കേന്ദ്രസംഘമെത്തിയത്. ഇന്നുമാത്രം 1498 പേർക്കാണ് കർണാടകയില്‍ രോഗം സ്ഥിരീകരിച്ചത്. കർണാടകയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26815 ആയി. എന്നാല്‍ ഇതില്‍ പകുതിയിലേറെ രോഗികളുടെയും രോഗ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. 

ഇത് സമൂഹ വ്യാപനത്തിന്‍റെ വ്യക്തമായ സൂചനയാണെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. എന്നാല്‍ സമൂഹവ്യാപനം ഉണ്ടായോയെന്ന് വ്യക്തമാക്കാന്‍ സംസ്ഥാന സർക്കാർ തയ്യാറായിട്ടില്ല. ഇതിനിടെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷണല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ എട്ടംഗ സംഘം ബെഗംളൂരുവിലെത്തിയത്. മുഖ്യമന്ത്രിയുമായും സംഘം ചർച്ച നടത്തി. കേരളമടക്കമുള്ള മറ്റു സംസ്ഥാനങ്ങളിലും വരും ദിവസങ്ങളില്‍ സംഘമെത്തും. ബെംഗളൂരുവില്‍ മാത്രം 9395 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 85% പേരുടെയും രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. ചികിത്സയിലുള്ളവരുടെ രോഗ ഉറവിടം കണ്ടെത്താനായി 1200 ഉദ്യോഗസ്ഥരെ നിയോഗിച്ചുണ്ട്. കർണാടകയില്‍ ഇതുവരെ 416 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കനത്ത പുകമഞ്ഞ്: ദില്ലി-തിരുവനന്തപുരം എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി, വലഞ്ഞ് നിരവധി മലയാളികൾ
പ്രതിപക്ഷം ന‌ടുത്തളത്തിൽ, കീറിയെറിഞ്ഞു, ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷം, വിബി ജി റാം ജി ബിൽ രാജ്യസഭയും കടന്നു