രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു, തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലുമടക്കം വൻ വർധന

By Web TeamFirst Published Jun 25, 2020, 9:58 PM IST
Highlights

കേരളത്തിൽ നിന്ന് തമിഴ്നാട്ടിൽ എത്തിയ 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ തമിഴ്നാട്ടിൽ തിരിച്ചെത്തി രോഗം സ്ഥിരീകരിച്ച മലയാളികളുടെ എണ്ണം 97 ആയി

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. തമിഴ്‌നാട്ടിലും മഹാരാഷ്ട്രയിലും ദില്ലിയിലും കർണ്ണാടകത്തിലും ഇന്ന് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയർന്നു. തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 3509 പേർക്ക്  കൂടി കൊവിഡ് ബാധിച്ചു. 45 പേർ മരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 70977 ആയി. ആകെ മരണസംഖ്യ 911 ആയി. ചെന്നൈയിലാണ് കടുത്ത ആശങ്ക. 3509 ൽ 1834 കേസും ചെന്നൈയിലാണ്. ഇവിടെ രോഗബാധിതരുടെ എണ്ണം 47650 ആയി.

കേരളത്തിൽ നിന്ന് തമിഴ്നാട്ടിൽ എത്തിയ 11 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ തമിഴ്നാട്ടിൽ തിരിച്ചെത്തി രോഗം സ്ഥിരീകരിച്ച മലയാളികളുടെ എണ്ണം 97 ആയി. കർണാടകത്തിൽ ഇന്ന് 442 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആറ് പേർ മരിച്ചു. ഇതോടെ ആകെ കേസുകൾ 10560 ആയി. ഇതിൽ 3716 പേർ ചികിത്സയിലാണ്. 519 പേർ ഇന്ന് ആശുപത്രി വിട്ടു.

മംഗളൂരു കസ്തൂർബാ ഹോസ്പിറ്റലിലെ അഞ്ച് ഡോക്ടർമാർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആർക്കും ലക്ഷണങ്ങളില്ല. ഇവരെ ചികിത്സയ്ക്കായി ഹോസ്പിറ്റലിലേക്ക് മാറ്റി. ആശുപത്രി അണുവിമുക്തമാക്കും. ബെംഗളൂരു നഗരത്തിൽ മാത്രം ഇന്ന് 113 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നഗരത്തിലെ അകെ രോഗികൾ 1791 ആണ്. മഹാരാഷ്ട്രയിൽ ഇന്ന് 4841 പേരാണ് പോസിറ്റീവായത്. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്. ആകെ രോഗബാധിതർ 147741. ഇന്ന് രോഗം മുക്തി നേടിയത് 3661 പേർ. ഇതു വരെ രോഗമുക്തി നേടിയത് 77453 പേർ. നിലവിൽ 63342 പേർ ചികിത്സയിലുണ്ട്.

ദില്ലിയിൽ  24 മണിക്കൂറിന് ഇടയിൽ 3390 പേർക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. എൽഎൽഎൻജെപി ആശുപത്രിയിൽ ചികിത്സയുള്ളവർക്ക് ബന്ധുക്കളുമായി സംസാരിക്കാൻ വീഡിയോ കോൺഫറൻസ് സംവിധാനം ഏർപ്പാടാക്കി. ചികിത്സയുള്ളവരെ കുറിച്ച് ബന്ധുക്കൾക്ക് വിവരം കിട്ടുന്നില്ലെന്ന് പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് ഇത്.

ഇവിടെ കൊവിഡ് രോഗികൾ കൊവിഡ് കെയർ കേന്ദ്രങ്ങളിൽ എത്തി പരിശോധനയ്ക്ക് വിധേയമാകണമെന്ന ഉത്തരവ് ലഫ്റ്റനന്റ് ഗവർണർ പിൻവലിച്ചു. ഇവിടുത്തെ പരിശോധനയ്ക്ക് ശേഷമേ നീരീക്ഷണത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കാവൂ എന്ന ഉത്തരവാണ് പിൻവലിച്ചത്. ദില്ലി സർക്കാരിന്റെ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യം ഇല്ലാത്തവർ മാത്രം കൊവിഡ് കെയർ കേന്ദ്രങ്ങളിൽ എത്തിയാൽ മതിയാകും.

click me!