കൊവിഡ്; കേന്ദ്രസർക്കാർ വിളിച്ചുചേർക്കുന്ന സർവ്വകക്ഷിയോഗം 8ന്; സോണിയക്കും രാഹുലിനും ക്ഷണമില്ല

By Web TeamFirst Published Apr 4, 2020, 11:07 PM IST
Highlights

 എന്നാൽ സോണിയാഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർക്ക് യോഗത്തിന് ക്ഷണമില്ല. സർവ്വകക്ഷിയോഗത്തിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് പ്രതികരിച്ചു.

ദില്ലി: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ പാർലമെന്റിലെ കക്ഷിനേതാക്കളുടെ യോഗം വിളിക്കുമെന്ന് കേന്ദ്രസർക്കാർ. എന്നാൽ സോണിയാഗാന്ധി, രാഹുൽ ഗാന്ധി തുടങ്ങിയവർക്ക് യോഗത്തിന് ക്ഷണമില്ല. സർവ്വകക്ഷിയോഗത്തിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് പ്രതികരിച്ചു.

ലോക്‌സഭയിലും രാജ്യസഭയിലുമായി അഞ്ച് എംപിമാരെങ്കിലുമുള്ള പാർട്ടികളെയെല്ലാം യോഗത്തിന് വിളിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ഈ മാസം 8ന് രാവിലെ 11 മണിക്കാണ് യോഗം. വീഡിയോ കോൺഫറൻസിലൂടെയായിരിക്കും പ്രധാനമന്ത്രി നരേന്ദ്രമോദി കക്ഷിനേതാക്കളുമായി സംവദിക്കുക. 

രാജ്യത്ത് കൊവിഡ് ബാധിച്ച്  മരിച്ചവരുടെ എണ്ണം 75 ആയി. 3072 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിസ്സാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്ത 1023 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അടിയന്തിര സാഹചര്യം നേരിടാന്‍ രൂപീകരിച്ച സമിതിയോഗം വിളിച്ച പ്രധാനമന്ത്രി പ്രതിരോധ സാമഗ്രികളുടെ ലഭ്യത വിലയിരുത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടായത്. 17 സംസ്ഥാനങ്ങളിൽ ആണ് ഇത് വരെ നിസാമുദ്ദീൻ തബ്‍ലീഗ് മത സമ്മേളനത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 

click me!