Latest Videos

സ്ഥിതിഗതികൾ വഷളാവുന്നു; കൊവിഡിൽ സംസ്ഥാനങ്ങൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതി

By Web TeamFirst Published Nov 23, 2020, 6:43 PM IST
Highlights

വരാനിരിക്കുന്ന മാസങ്ങള്‍ നിര്‍ണ്ണായകമാണെന്നും കൂടുതല്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. രണ്ട് ദിവസത്തിനുള്ളില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്നും സ്വമേധയാ എടുത്ത കേസില്‍ സുപ്രീംകോടതി നിർദ്ദേശിച്ചു.

ദില്ലി: സ്ഥിതിഗതികള്‍ വഷളാകുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. രോഗവ്യാപനം രൂക്ഷമായ എട്ട് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ നാളെ പ്രധാനമന്ത്രി വിലയിരുത്തും. വാക്സിന്‍ വിതരണത്തിന്‍റെ മുന്‍ഗണനയടക്കം നിശ്ചയിക്കാന്‍ കൂടിയാണ് നാളെ 8 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം പ്രധാനമന്ത്രി വിളിച്ചിരിക്കുന്നത്.

വരാനിരിക്കുന്ന മാസങ്ങള്‍ നിര്‍ണ്ണായകമാണെന്നും കൂടുതല്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. രണ്ട് ദിവസത്തിനുള്ളില്‍ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്നും സ്വമേധയാ എടുത്ത കേസില്‍ സുപ്രീംകോടതി നിർദ്ദേശിച്ചു.

Read more at: ഓക്സ്ഫോഡ് കൊവിഡ് വാക്സിൻ 70 ശതമാനം വരെ ഫലപ്രദമെന്ന് കമ്പനി, ഗുരുതര പാര്‍ശ്വഫലങ്ങളില്ല ...

ഇതിനിടെ രോഗ വ്യാപനം രൂക്ഷമാകുന്നതിനിടെ മരുന്ന് നിര്‍മ്മാണ കമ്പനിയായ അസ്ട്രാസനേക്കയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കൊവിഡ് വാക്സിന് ശരാശരി 70 ശതമാനം ഫലപ്രാപ്തിയുള്ളതായി ഓക്സ്ഫഡ് സര്‍വ്വകലാശാല അറിയിച്ചു. വാക്സിന്‍ ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ  ഇന്ത്യയില്‍ ലഭ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മൂന്നാംഘട്ട പരീക്ഷണത്തിലും വാക്സിന്  ഗുരുതരമായ പാര്‍ശ്വഫലങ്ങളില്ലെന്ന് ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാല വ്യക്തമാക്കി കഴിഞ്ഞു. ഒരു മാസത്തെ ഇടവേളയില്‍ ആദ്യം പകുതി ഡോസും, പിന്നീട് മുഴുവന്‍ ഡോസും നല്‍കിയപ്പോള്‍ 90 ശതമാനമാണ് ഫലപ്രാപ്തി. ഒരുമാസം ഇടവിട്ട് രണ്ട് പൂര്‍ണ്ണ ഡോസുകള്‍ നല്‍കിയപ്പോള്‍ 62 ശതമാനവും. ഇന്ത്യയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് നൂറ് കോടി ഡോസ് ഉത്പാദിപ്പിക്കാനാണ് ഓക്സ്ഫര്‍ഡ് സര്‍വ്വകലാശാലയുടെ തീരുമാനം. പരമാവധി വില കുറച്ച് വാങ്ങാനാണ് കേന്ദ്രം ശ്രമിക്കുന്നത്. രണ്ട് ഷോട്ട് വാക്സിന്‍ 600 രൂപക്ക് ലഭ്യമാകുമെന്നാണ് കരുതുന്നത്.

click me!