രണ്ടാം തരംഗത്തിൽ പ്രതിസന്ധി സൃഷ്ടിച്ച് ആരോഗ്യപ്രവർത്തകർക്കിടയിലെ കൊവിഡ് വ്യാപനം

By Web TeamFirst Published May 10, 2021, 12:44 PM IST
Highlights


ഓക്സിജൻ ക്ഷാമത്തിന് പിന്നാലെ ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റിക്കുകയാണ് ആരോഗ്യപ്രവർത്തകർക്കിടയിലെ രോഗവ്യാപനം. രാജ്യതലസ്ഥാനം അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ  ആരോഗ്യപ്രവർത്തകർ കൂട്ടത്തോടെ രോഗികളാകുന്ന സാഹചര്യം.

ദില്ലി: കൊവിഡ് രണ്ടാം തരംഗത്തിൽ ആരോഗ്യപ്രവർത്തകർക്കിടയിലെ രോഗ്യവ്യാപനം ദേശീയ തലത്തിലും പ്രതിസന്ധിയാകുന്നു. വാക്സീൻ സ്വീകരിച്ചിട്ടും  ആരോഗ്യപ്രവർത്തകർ രോഗികളാകുന്നത് ദില്ലിയടക്കം നഗരങ്ങളിൽ ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റിക്കുകയാണ്. ഈ വർഷം മെയ് വരെ 126 ഡോക്ടർമാർ കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് ഐഎംഎയുടെ കണക്കുകൾ.

ഓക്സിജൻ ക്ഷാമത്തിന് പിന്നാലെ ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റിക്കുകയാണ് ആരോഗ്യപ്രവർത്തകർക്കിടയിലെ രോഗവ്യാപനം. രാജ്യതലസ്ഥാനം അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ  ആരോഗ്യപ്രവർത്തകർ കൂട്ടത്തോടെ രോഗികളാകുന്ന സാഹചര്യം. ദില്ലിയിൽ മാത്രം ഒരാഴ്ച്ചക്കിടെ മൂവായിരത്തിലധികം കൊവിഡ് മുന്നണിപോരാളികൾ രോഗികളായെന്നാണ്  റിപ്പോർട്ടുകൾ. 

വടക്ക് പടിഞ്ഞാൻ ദില്ലിയിലെ സരോജാ ആശുപത്രിയിൽ രോഗികളായത് 80 ഡോക്ടർമാർ, ഒരു ഡോക്ടർ കൊവിഡ് ബാധിച്ച് മരിച്ചു. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രിയിലെ കൊവിഡ് ചികിത്സ ഒഴികെ മറ്റു സേവനങ്ങൾ താൽകാലികമായി നിർത്തി. ദില്ലിയിലെ  പ്രധാന ആശുപത്രികളായ  എംയിസ്, ആർഎംഎൽ, എൽഎൻജെപി എന്നിവിടങ്ങളിലും  സ്ഥിതി സമാനം. 

എംയിസിൽ മൂന്ന് മാസത്തിനിടെ രോഗികളായത് 1500 ലധികം നഴ്സുമാർ, ആ‌ർഎംഎലിൽ ഒരാഴച്ചക്കിടെ 40 ആരോഗ്യപ്രവർത്തകരാണ് രോഗികളായത്. സ്വകാര്യ ആശുപത്രികളിലും കൂട്ടത്തോടെ ആരോഗ്യപ്രവർത്തകർ രോഗികളാകുന്നു. രോഗവ്യാപനം കൂടിയതോടെ രോഗഭേദമാകുന്നതിന് മുൻപ് ജോലിയിൽ തിരികെ എത്താൻ പല ആശുപത്രികളും ജീവനക്കാരോട്  ആവശ്യപ്പെടുന്നതായി ആക്ഷേപമുണ്ട്.

ഈ വർഷം ഏപ്രിൽ വരെ മാത്രം 126 ഡോക്ടർമാർ കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് ഐഎംഎയുടെ കണക്ക് പറയുന്നത്. കഴിഞ്ഞ വർഷം 736 ഡോക്ടർമാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പൊലീസുകാർക്കിടയിലും രോഗവ്യാപനം ഉയരുകയാണ്. ദില്ലി പൊലീസിൽ നിലവിൽ മൂവായിരം പേരാണ് രോഗികൾ. 
 

click me!