കേരളത്തിന് സ്വന്തം നിലയിൽ റെഡ് സോൺ നിശ്ചയിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ

By Web TeamFirst Published Apr 16, 2020, 4:52 PM IST
Highlights
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോ​ഗികളുടെ എണ്ണം 12380 ആയി. ആകെ മരണങ്ങൾ 438 ആയും ഉയർന്നു. 
ദില്ലി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 941 പേ‍ർക്ക് കൂടി കൊവിഡ് ബാധിക്കുകയും 37 പേ‍ർ വൈറസ് ബാധയെ തുട‍ർന്ന് മരണപ്പെടുകയും ചെയ്തതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോ​ഗികളുടെ എണ്ണം 12380 ആയി. ആകെ മരണങ്ങൾ 438 ആയും ഉയർന്നു. ‌

അതേസമയം കേന്ദ്രസ‍ർക്കാർ നിശ്ചയിച്ച ഹോട്ട് സ്പോട്ടുകളെ കേരളത്തിന് സ്വന്തമായി മാറ്റാനാകില്ലെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. നേരത്തെ കേരളത്തിലെ ഏഴ് ജില്ലകളെ ഹോട്ട് സ്പോട്ടിലും ആറ് ജില്ലകളെ ഓറഞ്ച് സോണിലും ഉൾപ്പെടുത്തി കേന്ദ്രസ‍ർക്കാർ പട്ടിക പുറത്തിറക്കിയിരുന്നു. എന്നാൽ ഇന്ന് ചേർന്ന് സംസ്ഥാന മന്ത്രിസഭായോ​ഗം കേരളത്തിലെ രോ​ഗബാധിത പ്രദേശകളെ ജില്ലാ അടിസ്ഥാനത്തിൽ അല്ല മേഖല അടിസ്ഥാനത്തിൽ വേണം തരംതിരിക്കാൻ എന്ന നിലപാടാണ് സ്വീകരിച്ചത്.

കാസ‍ർകോട്, കണ്ണൂ‍ർ,കോഴിക്കോട്,മലപ്പുറം ജില്ലകളെ അതീതീവ്രമേഖലയായും (റെഡ് സോൺ), വയനാട്, കോട്ടയം ജില്ലകളെ ​ഗ്രീൻ സോണായും, മറ്റു ജില്ലകളെ ഓറഞ്ച് സോണായുമാണ് സംസ്ഥാന സർക്കാർ തരംതിരിച്ചത്. ഈ നിർദേശം അം​ഗീകരിക്കണമെന്ന് കേന്ദ്രസർക്കാരിനോട്  ആവശ്യപ്പെടുമെന്ന് സംസ്ഥാനം വ്യക്തമാക്കുകയും ചെയ്തിരുന്നു. 

എന്നാൽ രോ​ഗബാധിത മേഖലകളെ സംസ്ഥാനത്തിന് സ്വന്തം നിലയിൽ തരംതിരിക്കാനാവില്ലെന്നാണ് ഇപ്പോൾ കേന്ദ്രം പറയുന്നത്. ജില്ലകളെ വേണമെങ്കിൽ കേരളത്തിന് ഹോട്ട് സ്പോട്ടുകളുടെ കൂട്ടത്തിൽ വർദ്ധിപ്പിക്കാം ഹോട്ട് സ്പോട്ടിൽ നിന്ന് ഏതെങ്കിലും ജില്ലകളെ ഒഴിവാക്കണമെങ്കിൽ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടണമെന്നും കേരളം നൽകിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട് സ്പോട്ടുകൾ നിശ്ചയിച്ചതെന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. 

രാജ്യത്ത് ഇതുവരെ 2,90,401 പേരുടെ സാംപിളുകളാണ് പരിശോധിച്ചത്. രോഗവ്യാപന തോത് 12.02 ആയി ഉയർന്നിട്ടുണ്ട്. കേരളത്തിലെ കോട്ടയം അടക്കം രാജ്യത്തെ 325 ജില്ലകളിൽ ഒരു കൊവിഡ് കേസ് പോലും റിപ്പോർട് ചെയ്തിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

കൊവിഡ് പ്രതിരോധത്തിനുള്ള മികച്ച മാർഗ്ഗം എന്ന നിലയിൽ ലോക്ക് ഡൗൺ തുടരണമെന്നും ആരോ​ഗ്യമന്ത്രാലയം ആവശ്യപ്പെട്ടു. രണ്ട് ചൈനീസ് കമ്പനികളിൽ നിന്നായി അഞ്ച് ലക്ഷം  റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഇന്ന് ഇന്ത്യയിലെത്തിയതായി കേന്ദ്രആരോ​ഗ്യമന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ലാവ് അ​ഗ‍ർവാൾ അറിയിച്ചു. 

അതേസമയം സമയം റാപ്പി‍ഡ് ടെസ്റ്റുകൾ വ്യാപകമായി നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ഐസിഎംആ‍ർ അറിയിച്ചു. ഹോട്ട്സ്പോട്ട് മേഖലകളിലാവും റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ ഉപയോ​ഗിച്ച് കൂടുതലായി പരിശോധന നടത്തുകയെന്നും ഐസിഎംആ‍ർ വ്യക്തമാക്കി. ഇന്നലെ മാത്രം 30,043 ടെസ്റ്റുകളാണ് രാജ്യത്ത് നടന്നത്. കൊവിഡ് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമം പരമാവധി തുടരുകയാണെന്നും ഐസിഎംആ‍ർ അറിയിച്ചു. 
 
click me!