Latest Videos

കൊവിഡ് പരിശോധനകൾ മൂന്നിരട്ടിയാക്കിയെന്ന് ദില്ലി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ

By Web TeamFirst Published Sep 27, 2020, 1:47 PM IST
Highlights

ആകെ രോഗം സ്ഥിരീകരിച്ചവരിൽ 15.96% പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്.


ദില്ലി: രാജ്യതലസ്ഥാനത്തെ കൊവിഡ് പരിശോധനകൾ മൂന്നിരട്ടിയാക്കിയതായി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ അറിയിച്ചു. നിലവിൽ ഒരു ദിവസം 60,000 കൊവിഡ് പരിശോധനകളാണ് ദില്ലിയിൽ നടത്തുന്നത്. 

അതേസമയം കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരെക്കാൾ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

 കഴിഞ്ഞ ഒമ്പത് ദിവസങ്ങളുടെ തുടർച്ചയായി ഇന്നും രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരെക്കാൾ കൂടുതൽ രോഗ മുക്തരാണുള്ളത്. രോഗം ഭേദമാകുന്നവരുടെ എണ്ണം തുടർച്ചയായി വർദ്ധിക്കുന്നുണ്ട്. പ്രതിദിന രോഗമുക്തരുടെ എണ്ണം ശരാശരി 90,000 -തിലധികം ആണ്. 

കഴിഞ്ഞ 24 മണിക്കൂറിൽ 92,043പേർക്കാണ് രോഗം ഭേദമായത്. പുതുതായി 88,600 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 50 ലക്ഷത്തോളം (49,41,627) അടുക്കുന്നു. ദേശീയതലത്തിലെ രോഗമുക്തി നിരക്ക് 82.46% ആയി ഉയർന്നു. പ്രതിദിന രോഗമുക്തരുടെ എണ്ണത്തിലെ വർധനയോടെ, ആഗോളതലത്തിൽ തന്നെ ഏറ്റവുമധികം പേർ കോവിഡ് മുക്തരായ രാജ്യമായി ഇന്ത്യ മാറിയെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. 

 രോഗം ഭേദമായവരുടെയും ചികിത്സയിൽ ഉള്ളവരുടെയും എണ്ണത്തിലുള്ള അന്തരം 40 ലക്ഷത്തോളം (39,85,225) ആയി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ചികിത്സയിൽ ഉള്ളവരുടെ എണ്ണം 10 ലക്ഷത്തിൽ താഴെയാണ്. ആകെ രോഗം സ്ഥിരീകരിച്ചവരിൽ 15.96% പേർ മാത്രമാണ് നിലവിൽ ചികിത്സയിലുള്ളത്.

click me!