
ദില്ലി: സിംഗപ്പൂരിലും ഹോങ്കോങ്ങിലും കോവിഡ് പടരുന്നുവെന്ന റിപ്പോർട്ടിന് പിന്നാലെ ഇന്ത്യയിലെ സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ഏജൻസികളുടെ യോഗം ചേർന്നു. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമെന്നാണ് വിലയിരുത്തൽ. നിലവിൽ രാജ്യത്തെ ആക്ടീവ് കേസുകൾ 257 മാത്രമാണ്. കേസുകളിൽ ഭൂരിഭാഗവും നേരിയ രോഗ ലക്ഷണങ്ങൾ മാത്രമാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ട ആവശ്യമില്ലെന്നുമാണ് വിലയിരുത്തൽ.
രാജ്യത്തെ നിലവിലെ നിരീക്ഷണ സംവിധാനങ്ങൾ പര്യാപ്തമാണെന്നും യോഗം വിലയിരുത്തി. ജാഗ്രത തുടരുകയാണെന്നും നിരീക്ഷണം ശക്തമാക്കിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
വിദേശത്തെ സ്ഥിതി
സിംഗപ്പൂരില്‍ മെയ് 3 ന് അവസാനിച്ച ആഴ്ചയിൽ 14200 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 30 ശതമാനം വർദ്ധിച്ചെന്നാണ് റിപ്പോർട്ട്. ഹോങ്കോങ്ങിലും കൊവിഡ് കേസുകളുടെ എണ്ണം വർധിച്ചിട്ടുണ്ട്. മേയ് 10 ന് കേസുകളിൽ 13.66 ശതമാനം വർധന രേഖപ്പെടുത്തി. നാല് ആഴ്ച മുമ്പ് ഇത് 6.21 ശതമാനമായിരുന്നു. കൃത്യമായി രോഗബാധിതരുടെ എണ്ണം ഹോങ്കോങ് പുറത്തുവിട്ടിട്ടില്ല.
രോഗലക്ഷണങ്ങൾ
പനി, ചുമ, തൊണ്ടവേദന, ജലദോഷം, മൂക്കടപ്പ്, തുമ്മല്‍, തലവേദന, ശബ്ദം അടയുന്ന അവസ്ഥ, ഓക്കാനം, ഛർദ്ദി, ശരീരവേദന, ഗന്ധമോ രുചിയോ നഷ്ടപ്പെടുന്ന അവസ്ഥ, ശ്വാസതടസം, കണ്ണിലെ ചുവപ്പ്. എന്നാൽ ഇവയുണ്ടെന്ന് കരുതി അത് കൊവിഡ് ആയിരിക്കുമെന്ന് കരുതരുത്. വൈദ്യ സഹായം തേടുക. കൃത്യമായ പരിശോധനകൾ നടത്തുക. ആരോഗ്യ മന്ത്രാലയത്തിൻ്റെ നിർദേശങ്ങൾ പാലിക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam