ദില്ലിയില്‍ കൊവിഡ് ചികിത്സാ പ്രതിസന്ധി തുടരുന്നു; ചികിത്സാ സൗകര്യം തേടി കോടതിയെ സമീപിച്ച 75 കാരന്‍ മരിച്ചു

By Web TeamFirst Published Jun 6, 2020, 12:46 PM IST
Highlights

കിഴക്കന്‍ ദില്ലിലെ നന്ദനഗിരിയില്‍ സൈക്കിള്‍ വ്യാപാരിയായിരുന്ന എഴുപത്തിയഞ്ച് കാരനാണ് മരിച്ചത്. അതേസമയം, ദില്ലിയിലെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയാറായിരം കടന്നു.

ദില്ലി: രാജ്യ തലസ്ഥാനത്തെ കൊവിഡ് ചികിത്സാ പ്രതിസന്ധി തുടരുന്നു. കിടത്തിചികിത്സ തേടി ഹൈക്കോടതിയെ സമീപിച്ച എഴുപത്തിയഞ്ച് കാരന്‍ നീതി കിട്ടും മുമ്പേ മരിച്ചു. അതേസമയം, ദില്ലിയിലെ രോഗമുക്തി നിരക്ക് രണ്ട് ദിവസമായി നാല്പത് ശതമാനത്തില്‍ താഴെയാണ്.

കിഴക്കന്‍ ദില്ലിലെ നന്ദനഗിരിയില്‍ സൈക്കിള്‍ വ്യാപാരിയായിരുന്ന എഴുപത്തിയഞ്ച് കാരനാണ് മരിച്ചത്. കഴിഞ്ഞ 25 ന് കുഴഞ്ഞ് വീണതിനെത്തുടര്‍ന്നാണ് ആനന്ദ് വിഹാറിലെ നഴ്സിങ് ഹോമില്‍ പ്രവേശിപ്പിച്ചു. തൊട്ടടുത്ത ദിവസം കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചു. നിരവധി ആശുപത്രികളെ സമീപിച്ചിട്ടും കിടക്ക ഒഴിവില്ലെന്നാണ് മകന് ലഭിച്ച മറുപടി. ഒടുവില്‍ ചികിത്സാ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ട്  ദില്ലി ഹൈക്കോടതിയിലെത്തി. ഇന്നലെ കോടതി കേസ് പരിഗണിച്ചപ്പോഴേക്കും 75 കാരന്‍ മരണത്തിന് കീഴടങ്ങിയിരുന്നു. 

അതേസമയം, ദില്ലിയിലെ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തിയാറായിരം കടന്നിരിക്കുകയാണ്. പ്രതിദിന വര്‍ധന രണ്ട് ദിവസമായി 1300 ന് മുകളിലാണ്. രോഗികളില്‍ ഇരുപത്തിയഞ്ച് ശതമാനം ആളുകള്‍ മാത്രം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴാണ് ചികിത്സ നിഷേധിക്കപ്പെടുന്നെന്ന പരാതി ഉയരുന്നത്. പരിശോധന നടത്തുന്ന നാലിലൊരാള്‍ക്കാണ് ദില്ലിയില്‍ കൊവിഡ് സ്ഥിരീകരിക്കുന്നത്.  

ദില്ലിയില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണം കുറയുന്നെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു. പത്ത് ദിവസം മുമ്പ് 48. 18 ശതമാനമായിരുന്ന രോഗമുക്തി നിരക്കെങ്കില്‍ ഇന്നലെ ഇത് 39.16 ശതമാനമായാണ് താഴ്ന്നത്. വരും ദിവസങ്ങളില്‍ ദില്ലിയെക്കാത്തിരിക്കുന്നത് ഗുരുതര പ്രതിസന്ധിയെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.

click me!