രാജ്യത്ത് കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ വൻ കുറവ്; കേരളത്തിലടക്കം സ്ഥിതി ആശങ്കാജനകമെന്നും ആരോ​ഗ്യമന്ത്രാലയം

By Web TeamFirst Published Oct 27, 2020, 4:48 PM IST
Highlights

കേരളം, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, കർണാടക, ദില്ലി സംസ്ഥാനങ്ങളിൽ ഉത്സവ സീസണുകളിൽ  രോഗ വ്യാപനം കൂടി. ഈ സംസ്ഥാനങ്ങളിൽ സാഹചര്യം ആശങ്കജനകമാണ്.  ഇവിടങ്ങളിൽ കൊവിഡ് നിയന്ത്രണത്തിന് പദ്ധതി തയ്യാറാക്കുമെന്നും ആ​രോ​ഗ്യമന്ത്രാലയം അറിയിച്ചു.

ദില്ലി: രാജ്യത്ത് പുതിയ കൊവിഡ് രോ​ഗികളുടെ എണ്ണത്തിലും മരണത്തിലും വലിയ കുറവുണ്ടായിട്ടുണ്ടെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. 10 സംസ്ഥാനങ്ങളിലായാണ് 78% രോ​ഗികളുള്ളത്. ആകെ രോ​ഗികളുടെ 15 ശതമാനമാണ് കേരളത്തിലുള്ളത്. കേരളം, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, കർണാടക, ദില്ലി സംസ്ഥാനങ്ങളിൽ ഉത്സവ സീസണുകളിൽ  രോഗ വ്യാപനം കൂടി. ഈ സംസ്ഥാനങ്ങളിൽ സാഹചര്യം ആശങ്കജനകമാണ്.  ഇവിടങ്ങളിൽ കൊവിഡ് നിയന്ത്രണത്തിന് പദ്ധതി തയ്യാറാക്കുമെന്നും ആ​രോ​ഗ്യമന്ത്രാലയം അറിയിച്ചു.

ബിഹാറിൽ വാക്സിൻ സൗജന്യമായി നൽകുമെന്ന ബിജെപിയുടെ പ്രഖ്യാപനത്തിൽ നിന്ന് വാക്സിൻ കമ്മിറ്റിയുടെ ചെയർമാൻ വി കെ പോൾ ഒഴിഞ്ഞുമാറി. വാക്സിൻ ലഭ്യമാക്കാൻ സാമ്പത്തികം തടസ്സമില്ല. മുൻഗണന അടിസ്ഥാനത്തിൽ വാക്സിൻ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

വായു മലിനീകരണം രോഗവ്യാപനത്തിന്റെ കാരണമായേക്കാമെന്ന് ആരോഗ്യ മന്ത്രാലയം  അറിയിച്ചു. ദില്ലിയിലെ വായു മലിനീകരണം സംബന്ധിച്ചാണ് മുന്നറിയിപ്പ്. മാസ്ക് ഉപയോഗത്തിൽ വീഴ്ച്ച വരുത്തരുതെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.

രാജ്യത്തെ കൊവിഡ് രോഗികളുടെ പ്രതിദിന വർദ്ധനയിൽ വീണ്ടും ഇടിവുണ്ടായതായി രാവിലെ തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. 24 മണിക്കൂറിനിടെ 36,469 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 79,46,429 ആയി. ഇന്നലെ 488 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 1,19,502 പേർ ഇത് വരെ രോഗം ബാധിച്ച് മരിച്ചുവെന്നാണ് സർക്കാർ കണക്ക്. 

ഇന്നലെ 63,842 പേർ കൂടി രോഗമുക്തി നേടിയെന്നാണ് റിപ്പോർട്ട്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 72,01,070 ആയി. നിലവിൽ 6,25,857 പേർ മാത്രമാണ് രാജ്യത്ത് ചികിത്സിയിൽ കഴിയുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നത്. 90.62 ശതമാനമാണ് രോഗമുക്തി നിരക്ക്. 
 

click me!