രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ അരലക്ഷത്തിന് താഴെ; 24 മണിക്കൂറിൽ 1183 മരണം

By Web TeamFirst Published Jun 26, 2021, 9:40 AM IST
Highlights

 പ്രതിദിന ദേശീയ പോസിറ്റിവിറ്റി നിരക്ക് 2.97 ശതമാനം ആണ്. 96.72 ശതമാനം ആണ് രോഗമുക്തി നിരക്ക്.

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം അരലക്ഷത്തിന് താഴെയെത്തി. 24 മണിക്കീറിനിടെ 48698 പേർക്കാണ് പുതിയതായി രോ​ഗം സ്ഥിരീകരിച്ചത്. ഈ സമയത്തിനുള്ളിൽ 1183 മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. പ്രതിദിന ദേശീയ പോസിറ്റിവിറ്റി നിരക്ക് 2.97 ശതമാനം ആണ്. 96.72 ശതമാനം ആണ് രോഗമുക്തി നിരക്ക്.

അതിനിടെ, കൊവിഡ് ഡെൽറ്റ പ്ലസ് വകഭേദത്തിനെതിരെ കനത്ത ജാ​ഗ്രത വേണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. എട്ട് സംസ്ഥാനങ്ങൾക്ക് കൂടി ഇക്കാര്യം അറിയിച്ച് കേന്ദ്രം കത്തയച്ചു. മഹാരാഷ്ട്രയിലും ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ച ഒരാൾ മരിച്ചു. രാജ്യത്ത് അൺലോക്കിന്‍റെ വേഗത കുറയ്ക്കാനും കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.

രണ്ടാം തരംഗത്തിൻ്റെ തീവ്രത കുറയുന്നുവെന്ന ആശ്വാസത്തിനിടയിലാണ് രാജ്യത്ത് ഡെൽറ്റ പ്ലസ് ആശങ്ക സൃഷ്ടിക്കുന്നത്. രാജ്യത്ത് 11 സംസ്ഥാനങ്ങളിലെ 50 പേരിൽ ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചെന്നാണ് കേന്ദ്രം ഇന്നലെ അറിയിച്ചത്. കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, ജമ്മു കശ്മീർ, രാജസ്ഥാൻ, ഒഡീഷ, ഗുജറാത്ത്, പഞ്ചാബ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് നിലവിൽ ഡെൽറ്റ പ്ലസിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് ഡെൽറ്റ പ്ലസ് ബാധിച്ചത്. മഹാരാഷ്ട്രയിൽ  20 പേരിലാണ് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചത്. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ 9 പേർക്കും സ്ഥിരീകരിച്ചു. ആദ്യമായി ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദത്തിൻ്റെ വ്യാപനവും ആശങ്കയുണ്ടാക്കുന്നുവെന്ന് ഇന്നലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!