
ദില്ലി: കൊവിഡ് വാക്സീൻ സ്വീകരിക്കുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്തം മരുന്ന് കമ്പനികൾക്കെന്ന് കേന്ദ്രസർക്കാർ. പാർശ്വഫലങ്ങൾ നേരിടുന്നവർക്ക് നഷ്ടപരിഹാരം മരുന്നുകമ്പനികൾ തന്നെ നൽകണം. വാക്സീനുകൾ സ്വീകരിക്കുന്നവരിൽ പാർശ്വഫലം ഉണ്ടായാൽ കേന്ദ്രസർക്കാരും ഉത്തരവാദിത്തം പങ്കിടണമെന്ന കമ്പനികളുടെ ആവശ്യം കേന്ദ്രസർക്കാർ തള്ളി.
കൊവിഡ് വാക്സീനേഷന് വേണ്ടി സജ്ജീകരിക്കുന്ന ഒരു വാക്സീനേഷൻ കേന്ദ്രത്തിൽ ഒരു വാക്സീൻ മാത്രം ഉപയോഗിച്ചാൽ മതിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശിച്ചു. കൊവാക്സിനോ കൊവിഷീൽഡോ ഇവയിൽ ഏത് വേണമെന്ന് ലഭ്യതക്ക് അനുസരിച്ച് തീരുമാനിക്കാവുന്നതാണ്. രണ്ടാംതവണ കുത്തിവെയ്പ്പ് എടുക്കുമ്പോൾ ആദ്യം കുത്തിവെച്ച വാക്സീൻ തന്നെ കുത്തിവെക്കണം. രാജ്യത്ത് ശനിയാഴ്ചയോടെ 3000 വാക്സീനേഷൻ കേന്ദ്രങ്ങൾ സജ്ജമാകും. അടുത്ത മാസം ഇത് 5000 ആയി ഉയർത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം സംസ്ഥാനത്തെ മൂന്ന് മേഖല കേന്ദ്രങ്ങളിലെത്തിച്ച കൊവിഡ് വാക്സീൻ ജില്ലാ കേന്ദ്രങ്ങളിലേക്ക് ഇന്നുമുതൽ വിതരണം ചെയ്യും. ശീതികരണ സംവിധാനം ഉറപ്പാക്കിയാണ് വിതരണം. മറ്റന്നാൾ മുതലാണ് കുത്തിവയ്പ്പ്. ശീതീകരണ സംവിധാനം പൂര്‍ണ സജ്ജമായിട്ടുണ്ട്. തിരുവനന്തപുരം , കൊച്ചി , കോഴിക്കോട് മേഖല കേന്ദ്രങ്ങളിലെത്തിച്ച കൊവിഷീൽഡ് വാക്സീൻ രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവിലാണ് സൂക്ഷിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തെ മേഖല കേന്ദ്രത്തില്‍ നിന്ന് തിരുവനന്തപും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കാണ് വാക്സീൻ എത്തിക്കുക. കൊച്ചിയില്‍ നിന്ന് എറണാകളം , ഇടുക്കി , കോട്ടയം , പാലക്കാട് , തൃശൂര്‍ ജില്ലകളിൽ എത്തിക്കും. കോഴിക്കോട് കേന്ദ്രത്തില്‍ നിന്ന് കണ്ണൂര്‍ , കോഴിക്കോട് , കാസര്‍കോട്, മലപ്പുറം , വയനാട് ജില്ലകളിലേക്കും വാക്സീനെത്തിക്കും. ഏറ്റവും കൂടുതല്‍ വാക്സീൻ കിട്ടുക എറണാകുളം ജില്ലക്കാണ്,73000 ഡോസ്. കുറവ് കാസർകോട് ജില്ലയിൽ, 6860 ഡോസ്.
ഇനി കുത്തിവയ്പിനായുള്ള കാത്തിരിപ്പാണ്. ശനിയാഴ്ച മുതല്‍ 133 കേന്ദ്രങ്ങളില്‍ കുത്തിവയ്പ് നല്‍കും. വാക്സിൻ കൂടുതല്‍ കിട്ടുന്ന മുറയ്ക്ക് ഓരോ ജില്ലയിലും നൂറിലധികം വാക്സിനേഷൻ കേന്ദ്രങ്ങള്‍ സജ്ജമാക്കും. ആദ്യ ഡോസ് വാക്സിനെടുത്ത് 28 ദിവസങ്ങള്‍ക്ക് ശേഷമാണ് രണ്ടാം ഡോസ് എടുക്കേണ്ടത്. കേരളത്തിലേക്കാവശ്യമായ അടുത്ത ഘട്ടം വാക്സീൻ ഫെബ്രുവരി ആദ്യ ആഴ്ചയോടെ എത്തിക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam